നെയ്ഫ്യു റിയോ
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ്.സി.ആർ.എ) ഭേദഗതി ബില്ലിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. എഫ്.സി.ആർ.എ വിഷയത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ആശങ്കയറിയിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് റിയോ. മിസോറാം, മേഘാലയ മുഖ്യമന്ത്രിമാർക്ക് പിന്നാലെയാണ് നാഗാലാന്റും തങ്ങളുടെ ആശങ്ക കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
നാഗാലാന്റ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ (എൻ.ബി.സി.സി), കോഹിമ ബിഷപ്പ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മുഖ്യമന്ത്രി ആഭയന്തരമന്ത്രിക്ക് മൂന്ന് പേജുള്ള കത്ത് അയച്ചത്. അമിത് ഷാക്ക് കത്തയച്ച വിവരം റിയോ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. പള്ളികളും ക്രൈസ്തവ സംഘടനകളും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും നടത്തുമ്പോൾ നേരിടുന്ന വെല്ലുവിളികൾ ചർച്ചകളിൽ ഉയർന്നുവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭേദഗതികൾ നിലവിലെ രൂപത്തിൽ നടപ്പിലാക്കുകയാണെങ്കിൽ, അത് സംസ്ഥാനത്തെ വിവിധ ക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സേവന പരിപാടികളെ പ്രതികൂലമായി ബാധിക്കുമെന്ന് റിയോ മുന്നറിയിപ്പ് നൽകി. പരിമിതമായ വിഭവങ്ങളോടെ വിദൂരവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പ്രദേശങ്ങളിൽ ജനങ്ങൾക്ക് സേവനം ചെയ്യുന്ന ചെറിയ സ്ഥാപനങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുകയെന്നും റിയോ ചൂണ്ടിക്കാണിച്ചു. നാഗാലാന്റിൽ 87.93ശതമാനവും, മേഘാലയയിൽ 74 ശതമാനവും, മിസോറാമിൽ 87ശതമാനവുമാണ് ക്രൈസ്തവ ജനസംഖ്യ ഉള്ളത്.
പുതിയ നിയമനിർമാണം ഒരു സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനക്കായി വിടണമെന്ന് നാഗാലാന്റ് സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിസോറാം മുഖ്യമന്ത്രി ലാൽദുഹോമയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും നേരത്തെ സഭാനേതാക്കളോടൊപ്പം അമിത് ഷായെ കണ്ട് സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
അതേസമയം, സഭാനേതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി വിവിധ പ്രതിനിധി സംഘങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്. നിയമത്തിലെ വ്യവസ്ഥകൾ ഏതെങ്കിലും ഒരു വിശ്വാസത്തെയോ സമൂഹത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്നും, നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കില്ലെന്നും സർക്കാർ ഇതിനോടകം ഉറപ്പ് നൽകിയിട്ടുണ്ട്. എങ്കിലും, ചർച്ചകളിൽ പങ്കെടുക്കുമെന്ന് അറിയിച്ച ചില ഗ്രൂപ്പുകൾ ഇതുവരെ തങ്ങളുടെ നിർദേശങ്ങൾ സമർപ്പിച്ചിട്ടില്ലെന്ന് മുതിർന്ന മന്ത്രിമാർ വ്യക്തമാക്കി.
എഫ്.സി.ആർ.എ ബിൽ നിലവിലെ പാർലമെന്റ് സമ്മേളനത്തിൽ ചർച്ചക്ക് എടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. ബിസിനസ് അഡ്വൈസറി കമ്മിറ്റി ഈ വിഷയം സമയപരിധി നിശ്ചയിക്കുന്നതിനായി പരിഗണിച്ചിട്ടില്ലാത്തതിനാൽ, സർക്കാർ ഈ സമ്മേളനത്തിൽ ബിൽ പാസാക്കാൻ തിടുക്കം കൂട്ടിയേക്കില്ലെന്നും സൂചനയുണ്ട്.
എഫ്.സി.ആർ.എ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെടുന്നതോ പുതുക്കാത്തതോ ആയ സംഘടനകളുടെ ആസ്തികൾ ഏറ്റെടുക്കാനും, കൈകാര്യം ചെയ്യാനും, വിൽക്കാനുമുള്ള പ്രത്യേക 'അതോറിറ്റിയെ' നിയമിക്കുന്നതാണ് പുതിയ ഭേദഗതിയിലെ പ്രധാന നിർദേശം. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും, ബിൽ പിൻവലിക്കുകയോ അല്ലെങ്കിൽ സമഗ്രമായ പരിശോധനക്കായി ജെ.പി.സിക്ക് വിടുകയോ ചെയ്യണമെന്നും പ്രതിപക്ഷ നേതാക്കളും വിവിധ മതനേതാക്കളും ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.