കൊല്ലം: രാജ്യത്ത് മുസ്‌ലിംകൾക്കും ഇസ്‌ലാമിക ആചാരങ്ങൾക്കും മദ്രസ വിദ്യാഭ്യാസത്തിനുമെതിരെ ഭരണകക്ഷിയായ ബി.ജെ.പി ജനപ്രതിനിധികളിൽ നിന്നുണ്ടാകുന്ന വർഗീയവും അപകീർത്തികരവും വിഭജനപരവുമായ പരാമർശങ്ങളിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
മദ്രസ വിദ്യാഭ്യാസത്തെ തീവ്രവാദവുമായോ കുറ്റകൃത്യങ്ങളുമായോ ബന്ധപ്പെടുത്തുന്ന ആരോപണങ്ങൾ, മുസ്‌ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ, മുസ്‌ലിംകളുടെ ദേശസ്നേഹത്തെയും പൗരത്വത്തെയും സംശയത്തിലാക്കുന്ന പരാമർശങ്ങൾ എന്നിവ രാജ്യത്ത് ആശങ്കാജനകമായ സാഹചര്യം സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേശവ് പ്രസാദ് മൗര്യ, ഹിമന്ത ബിശ്വ ശർമ്മ, അഗ്നിമിത്ര പോൾ, സുരേഷ് പാസി, സുവേന്ദു അധികാരി, എൻ. രവികുമാർ, ഗിരിരാജ് സിങ് തുടങ്ങിയ ബി.ജെ.പി നേതാക്കളുടെ വിവിധ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.
ഇത്തരം പ്രസ്താവനകൾ ഒരു മതസമൂഹത്തെ മുഴുവൻ അപരവൽക്കരിക്കുകയും വിദ്വേഷ പ്രസംഗത്തെ സാധാരണവൽക്കരിക്കുകയും രാജ്യത്തിന്റെ സാമൂഹിക ഐക്യത്തെയും സൗഹാർദ്ദത്തെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
“ഭരണഘടന ഉറപ്പുനൽകുന്ന നിയമത്തിന് മുന്നിലെ സമത്വം, മതസ്വാതന്ത്ര്യം, തുല്യ പൗരത്വം, സാഹോദര്യം എന്നീ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ജനപ്രതിനിധികളുടെ പ്രത്യേക ഉത്തരവാദിത്വമാണ്. വർഗീയവും പ്രകോപനപരവുമായ പ്രസ്താവനകൾക്കെതിരെ ഫലപ്രദമായ ഉത്തരവാദിത്വ നടപടികൾ സ്വീകരിക്കാനും രാജ്യത്തെ മതസൗഹാർദ്ദം സംരക്ഷിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണം,” അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയം ദേശീയ പ്രാധാന്യമുള്ള അടിയന്തര വിഷയമായതിനാൽ ലോക്സഭയുടെ സാധാരണ നടപടികൾ നിർത്തിവച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന് നോട്ടീസിലൂടെ കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.