ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വ്യക്തിപരമായി പരിഹസിച്ച് ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. നിയമസഭയിൽ വിജയ് നടത്തിയ ഡി.എം.കെക്കെതിരായ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരിഹാസ പരാമർശം.
‘ചെങ്കൽപേട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥ’ എല്ലാവർക്കും അറിയാമെന്നായിരുന്നു ഉദയനിധിയുടെ വിമർശനം. 27 വർഷത്തെ വിവാഹ ജീവിതം നിയമപരമായി വേർപിരിയുന്നതിന് വിജയിയുടെ ഭാര്യ ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹരജി നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
‘പ്രതിപക്ഷ പാർട്ടികളുടെ പ്രേരണയാലാണ് കർഷകർ പ്രതിഷേധിക്കുന്നതെന്ന് പറഞ്ഞ് വിജയ് കർഷകരെ അപമാനിച്ചത് അപലപനീയമാണ്. ഒരു കുട്ടിക്കഥയാണ് താൻ പറയുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അവരുടെ അന്തസ്സിനെ ഇല്ലാതാക്കുന്നു. ചെങ്കൽപ്പട്ട് കോടതിയിൽ ഭർത്താവിനെ അന്വേഷിക്കുന്ന ഭാര്യയുടെ കഥ മാത്രമേ തമിഴ്‌നാടിന് അറിയൂ. അതിനാൽ വിജയ് എന്ന അഭിനേതാവിനെ മറന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി പെരുമാറണം’ -ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
നിയമസഭയിൽ വിജയ് ഡി.എം.കെയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉപയോഗിച്ചിരുന്ന ഒരു വൈറൽ ആക്ഷൻ അനുകരിക്കുകയും ചെയ്തതിനെ തുടർന്ന് ഡി.എം.കെ അംഗങ്ങൾ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചക്കിടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ടി.വി.കെ അംഗങ്ങൾ രാഷ്ട്രീയ അവസരവാദം കാണിക്കുന്നുവെന്ന് ഡി.എം.കെ അംഗങ്ങൾ ആരോപിച്ചതോടെ സഭയിൽ ബഹളമുണ്ടായി. ബഹളത്തിനിടയിലും പ്രസംഗം തുടർന്ന വിജയ് ഡി.എം.കെക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു.
കൊളത്തൂർ മണ്ഡലത്തിലെ സ്റ്റാലിന്റെ തോൽവി ചൂണ്ടിക്കാട്ടിയായിരുന്നു വിജയിയുടെ വിമർശനം. മുൻ ഡി.എം.കെ സർക്കാർ നടത്തിയ അഴിമതികൾ തന്റെ സർക്കാർ ആവർത്തിക്കില്ലെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ വെറുതെ വിടില്ലെന്നും വിജയ് പറഞ്ഞു.
ഡി.എം.കെ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിജയ് തന്റെ സിനിമാ സ്റ്റൈലിലേക്ക് പ്രസംഗം മാറ്റി. ‘ഒരു കുട്ടിക്കഥ സൊല്ലട്ടുമാ’ എന്ന് സ്പീക്കറുടെ അനുമതിയോടെ ചോദിച്ച വിജയ്, ഒരു വൃദ്ധനും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ സ്റ്റാലിനെയും ഉദയനിധിയെയും പേരെടുത്തു പറയാതെ പരിഹസിച്ചു. ഡി.എം.കെ ഭരണകാലത്ത് പദവികൾ പണത്തിന് വിൽക്കുകയായിരുന്നുവെന്നും എന്നാൽ തന്റെ സർക്കാർ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ പണം കട്ടുമുടിച്ച മുൻ ഭരണാധികാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന ഡി.എം.കെയുടെ ആരോപണത്തിന് മറുപടിയായി വെറും 40 ദിവസം മാത്രം പ്രായമുള്ള ഒരു സർക്കാരിന് വർഷങ്ങളായി നിലനിൽക്കുന്ന ലഹരിവ്യാപനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും എങ്ങനെ പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെന്ന് വിജയ് ചോദിച്ചു. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണം മുൻ ഭരണകൂടത്തിന്റെ വീഴ്ചകളാണെന്നും വിജയ് കുറ്റപ്പെടുത്തി. തമിഴ്‌നാട് രാഷ്ട്രീയത്തിൽ തങ്ങൾ 2.0, 3.0 പതിപ്പുകളാണെന്ന് അവകാശപ്പെട്ടവരെ ജനങ്ങൾ വീട്ടിലിരുത്തിയെന്നും വിജയ് പരിഹസിച്ചു.
ഡി.എം.കെ പാർട്ടി ഫണ്ട് എന്ന പേരിൽ പണം പിരിക്കുകയാണെന്ന് മുഖ്യമന്ത്രി വിജയ് ആരോപിച്ചു. തങ്ങൾ പൊതുപണം കൊള്ളയടിക്കില്ലെന്നും പുറത്തുവരുന്ന ഓരോ അഴിമതിക്കേസും കർശനമായി അന്വേഷിക്കുമെന്നും വിജയ് പറഞ്ഞു. സഖ്യകക്ഷികളായിരുന്ന സി.പി.എമ്മിനെയും ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിനെയും ഭരണപക്ഷത്തേക്ക് കൊണ്ടുവരാൻ കുതിരക്കച്ചവടം നടത്തി എന്ന ഡി.എം.കെയുടെ ആരോപണം വിജയ് തള്ളി. ഈ പാർട്ടികൾ സ്വതന്ത്ര തീരുമാനമാണ് എടുത്തതെന്നും, എന്നാൽ ഡി.എം.കെ അത് തങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും വിജയ് വ്യക്തമാക്കി.
പ്രസംഗത്തിനിടെ, നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായ സ്റ്റാലിന്റെ കൈയാംഗ്യം വിജയ് അനുകരിച്ചത് സഭയിൽ വലിയ കൈയടിയുണ്ടാക്കി. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം ഡി.എം.കെ ആസ്ഥാനത്ത് നിന്ന് പുറത്തിറങ്ങുമ്പോൾ സ്റ്റാലിൻ കൈ ഉയർത്തി കാണിച്ചതാണ് അന്ന് വൈറലായത്. ‘എല്ലാം കഴിഞ്ഞു’ എന്ന അർത്ഥത്തിൽ അദ്ദേഹം നടത്തിയ ആ ആംഗ്യത്തെയാണ് വിജയ് പരിഹാസരൂപേണ സഭയിൽ ആവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.