ധനമന്ത്രി നിർമല സീതാരാമന്‍ ഈ മാസം കാനഡയിലേക്ക്; സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും

ടൊറന്‍റൊ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ ഈ മാസം കാനഡയിലേക്ക് തിരിക്കും. ടൊറന്‍റോയിൽ നടക്കുന്ന സാമ്പത്തിക പരിപാടിയിൽ പങ്കെടുക്കുന്ന ധനമന്ത്രി ഇന്‍ഡോ-കനേഡിയന്‍ ചേമ്പർ ഓഫ് കൊമേഴ്സ് ആന്‍ഡ് കമ്യൂണിറ്റി അസോസിയേഷന്‍ പ്രതിനിധികളുമായി കൂടികാഴ്ച നടത്തും. ആഗസ്റ്റ് 26 നാണ് നിർമല സീതാരാമന്‍ കാനഡയിലെത്തുക. പിറ്റേ ദിവസം കാനഡയുടെ ധനമനന്ത്രി ഫാങ്കോയിസ് ഫിലിപ്പ് ഷാമ്പയിനുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. നിയമപാലനം, സുരക്ഷ എന്നീ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. 2025ൽ കനേഡിയന്‍ പ്രധാനമന്ത്രി മാർക് കാർണിയുടെ ഇന്ത‍്യ സന്ദർശനത്തോടെ വിപുലമായ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് ഊർജം പകരാന്‍ ധനമന്ത്രിയുടെ ഈ സന്ദർശനം വഴിവെച്ചേക്കുമെന്നാണ് ഒട്ടാവയിലെ ഇന്ത‍്യന്‍ ഹൈക്കമീഷന്‍ ദിനേശ് പട്നായിക്കിന്‍റെ വിലയിരുത്തൽ.

കനേഡിയൻ നിക്ഷേപകർ ഇന്ത്യയിൽ 100 ബില്യൺ കനേഡിയൻ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇത് ഇരുരാജ്യങ്ങൾക്കും ഇടയിൽ പ്രവർത്തിക്കാനുള്ള ശക്തമായ അടിത്തറയാണെന്നും പട്നായിക് ചൂണ്ടിക്കാണിക്കുന്നു. അടുത്ത മാസം ടൊറന്റോയിൽ നടക്കുന്ന കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടിയിൽ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്.

ഇരുരാജ്യങ്ങളുടെയും ധനകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന ചർച്ചയ്ക്ക് സി-ഐ.ബി.സി പ്രസിഡന്റും സി.ഇ.ഒയുമായ വിക്ടർ തോമസ് നേതൃത്വം നൽകും. നിക്ഷേപങ്ങൾ ആഴത്തിലാക്കുക, വ്യാപാരം ശക്തിപ്പെടുത്തുക, പ്രധാന മേഖലകളിൽ പുതിയ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയാണ് ഈ ചർച്ചയുടെ പ്രധാന ലക്ഷ്യങ്ങൾ. വ്യവസായ രംഗത്തും നിക്ഷേപങ്ങളിലും കൂടുതൽ ആത്മവിശ്വാസം വളർത്താൻ എന്തുചെയ്യണം എന്നതിനെക്കുറിച്ചും ഈ ചർച്ചയിൽ അവലോകനം ചെയ്യും.

അതേ സമയം ധനകാര്യ മന്ത്രിയായിരിക്കെ നിർമ്മല സീതാരാമന്റെ ആദ്യ കാനഡ സന്ദർശനം കൂടിയാണിത്. സമീപകാലത്തായി നിരവധി മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ കാനഡ സന്ദർശിച്ചിരുന്നു. ഈ സന്ദർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പുതിയ വേഗത നൽകുമെന്നും, വരും വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ഇത് അടിത്തറയിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷാവസാനം കാനഡ സന്ദർശനം നടത്തുന്നതിന് കൂടികാഴ്ച കാരണമായേക്കാം.

Tags:    
News Summary - Indian finance minister to visit Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.