ചെന്നൈ: തമിഴരെ സംബന്ധിച്ചിടത്തോളം തേർതലുകൾ (തെരഞ്ഞെടുപ്പുകൾ) ഉത്സവമാണ്. പണം വാരിവിതറുന്ന ആഘോഷവേളകളാണിത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ജയലളിതയുടെയും സ്റ്റാലിന്റെയും ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ നിയമസഭ മണ്ഡലങ്ങളിൽ ഓരോ വീട്ടിലും സമ്മാനങ്ങൾ വിതരണം ചെയ്തിരുന്നു.
സ്റ്റീൽ പാത്രങ്ങൾ, വെള്ളി കൊലുസ്, പ്രഷർ കുക്കറുകൾ, ഹോട്ട്ബോക്സ്, കുടകൾ, വാട്ടർ ബോട്ടിലുകൾ, ഫ്ലാസ്ക്, സാരി, മുണ്ട് തുടങ്ങിയവ ഉൾപ്പെടുന്ന ഗിഫ്റ്റ് പാക്കുകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം അതത് പാർട്ടികളുടെ നോട്ടീസുകളും ലഘുലേഖകളും ഉണ്ടായിരുന്നു. ഓരോ ഗിഫ്റ്റ് പാക്കിനും 3000 രൂപ മുതൽ 5000 രൂപ വരെ വിലമതിക്കും. ഗുഡ്സ് ഓട്ടോറിക്ഷകളിലും ടെമ്പോ വാനുകളിലുമായി സമ്മാനപ്പൊതികൾ എത്തിച്ചാണ് പാർട്ടി പ്രവർത്തകർ ഇവ വിതരണം ചെയ്തത്. രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നവർക്കും റൊക്കം പണവും ഭക്ഷണവും നൽകുന്നു. ഒരാൾക്ക് 300 മുതൽ 500 വരെ രൂപയാണ് നൽകുക. പതാകകളേന്തി സ്ക്വാഡ് വർക്കിന് പോകുന്ന സ്ത്രീകൾക്ക് 500 രൂപയും പുരുഷന്മാർക്ക് 800 രൂപയും നൽകും. മൂന്നു നേരവും ഭക്ഷണപ്പൊതികളും വൈകീട്ട് മദ്യക്കുപ്പികളും വിതരണം ചെയ്യും.
സ്ഥാനാർഥികൾ ഓരോ തെരുവുകളിലും എത്തുമ്പോൾ തമിഴ് ആചാരത്തിന്റെ ഭാഗമായി സ്ത്രീകൾ താലത്തിൽ മഞ്ഞളും കുങ്കുമവും കലക്കിയ വെള്ളത്തിൽ വെറ്റിലയും മുളകും വെച്ച് ആരതി ഉഴിഞ്ഞ് പൊട്ടുതൊട്ട് വരവേൽക്കും. ഇതിന് ഓരോ സ്ത്രീക്കും 200 രൂപയാണ് നൽകുന്നത്. നിലവിൽ രാഷ്ട്രീയകക്ഷികളുടെ ബൂത്ത്തല സ്ക്വാഡുകൾ ഒാരോ വീട്ടിലും കയറി വോട്ടർമാരുടെ എണ്ണം കണക്കാക്കി പണം കവറിലാക്കി ഏൽപിക്കുകയാണ് ചെയ്യുന്നത്.
ഒാരോ വോട്ടിനും 500 രൂപ മുതൽ 3000 രൂപ വീതമാണ് നൽകുന്നത്. ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികൾക്ക് ഇതിന് പ്രത്യേക സംവിധാനമുണ്ട്. ഇരു മുന്നണികളും പണം നൽകും. വോട്ടർമാർ കാശ് വാങ്ങി ഇഷ്ടമുള്ള സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യും. പണം കിട്ടാത്ത വോട്ടർമാർ പ്രാദേശിക പാർട്ടി ഓഫിസുകളിൽ ചെന്ന് പരാതിപ്പെടുന്നതും പതിവ് കാഴ്ചയാണ്. തെരെഞ്ഞടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കോടികളുടെ പണവും മദ്യവുമാണ് ഒഴുക്കുക. മുഖ്യ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർഥികൾ ഓരോ മണ്ഡലത്തിലും 25 കോടി മുതൽ 100 കോടി രൂപ വരെ ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾതന്നെ വിവിധ സ്കീമുകളിലൂടെ വോട്ടർമാരുടെ കീശയിൽ പണമെത്തിക്കുന്ന കാഴ്ചയാണ് ഇപ്പോൾ തമിഴകത്തിൽ കാണുന്നത്.
ചെന്നൈ: കന്യാകുമാരിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടനും തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷനുമായ വിജയ് ആരാധകർക്കിടയിലേക്ക് സൈക്കിൾ ചവിട്ടി റോഡ്ഷോ നടത്തി.
ഞായറാഴ്ച ഉച്ചക്കുശേഷം കന്യാകുമാരി മഹാധനപുരം റൗണ്ടാന പരിസരത്ത് തുറന്ന പ്രചാരണ വാഹനത്തിൽനിന്ന് താഴെയിറങ്ങിയ വിജയ് പൊടുന്നനെ സൈക്കിളെടുത്ത് വിസിലൂതിക്കൊണ്ട് ആരാധകർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ഈ സമയത്ത് പ്രവർത്തകർ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് വിജയ്ക്ക് സമീപമെത്തിയത് സംഘർഷത്തിനിടയാക്കി. പൊലീസും വിജയുടെ സ്വകാര്യ സുരക്ഷാഭടൻമാരും ചേർന്ന് സുരക്ഷാവലയം ഒരുക്കി.
റോഡ്ഷോ കാരണം കന്യാകുമാരിയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ് പതിവുപോലെ ഭരണകക്ഷിയായ ഡി.എം.കെയെ രൂക്ഷമായി വിമർശിച്ചു. സർക്കാർ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ഇടനിലക്കാരില്ലാതെ വീട്ടുപടിക്കലെത്തിക്കുമെന്നും ഇതിനായി ആധാർ കാർഡ് മാതൃകയിൽ പ്രത്യേക തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുമെന്നും വിജയ് പറഞ്ഞു.
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തിൽ വോട്ടർമാർക്കുള്ള ബൂത്ത് സ്ലിപ് വിതരണം ഞായറാഴ്ച ആരംഭിച്ചു. 75,097 ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും ബി.എൽ.ഒമാരുടെ നേതൃത്വത്തിലാണ് സ്ലിപ് വിതരണം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.