ചെന്നൈ: നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റം നടത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായതിൽ വിമർശനവുമായി നടൻ പ്രകാശ് രാജ്. സമൂഹം ആരാധക കേന്ദ്രീകൃതമായി മാറിയെന്നും അത് രാഷ്ട്രീയമായി മാറിയിട്ടില്ലെന്ന് തെളിയിക്കപ്പെട്ടുവെന്നുമായിരുന്നു പ്രകാശ് രാജിന്‍റെ വിമർശനം. വിജയിച്ച വിജയിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
" വണക്കം തമിഴ്‌നാട്, കാമരാജ് തോറ്റു. എം. കെ. സ്റ്റാലിൻ തോറ്റു. സമൂഹം ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുന്നു. അത് രാഷ്ട്രീയമായി മാറിയിട്ടില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ അവബോധം സൃഷ്ടിക്കൽ എപ്പോഴും പ്രതിപക്ഷ പാർട്ടിയുടെ പ്രവർത്തനങ്ങളാണ്. നമുക്ക് നമ്മുടെ യാത്ര തുടരാം. വിജയികൾക്ക് അവരുടെ വിജയകരമായ പൊതുസേവനത്തിന് അഭിനന്ദനങ്ങൾ". പ്രകാശ് രാജ് എക്സിൽ കുറിച്ചു.
അതേസമയം പ്രകാശ് രാജിന്‍റെ പോസ്റ്റിനെതിരെ വിമർശനങ്ങളുമായി വിജയ് ആരാധകർ എത്തി. താങ്കൾ തമിഴനല്ലെന്നും അതുകൊണ്ട് തമിഴ്നാടിന് വേണ്ടി സംസാരിക്കേണ്ടതില്ലെന്നും ചിലർ പ്രതികരിച്ചു. കർണാടകയിൽ താമസിക്കുന്ന താങ്കൾ എന്തിനാണ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇടപെടുന്നതെന്നും എന്ത് ചെയ്യണമെന്ന് കൃത്യമായ അറിവുണ്ടെന്നും ചിലർ മറുപടി നൽകി. പ്രകാശ് രാജ് മുൻപ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കാര്യം ഓർമ്മിപ്പിച്ചും ചിലർ രംഗത്തെത്തി.
തമിഴ്നാട്ടിൽ 234 അംഗ സഭയിൽ 108 സീറ്റുകളിലാണ് ടി.വി.കെ വിജയിച്ചത്. കേവല ഭൂരി പക്ഷത്തിന് 118 സീറ്റ് വേണം. സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം നേടാൻ ചെറുകക്ഷികളുടെ പിന്തുണ തേടാനുള്ള നീക്കത്തിലാണ് വിജയ്. കോൺഗ്രസിന്‍റെ പിന്തുണ ലഭിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ പ്രതീക്ഷ. മറ്റു പാർട്ടുകളുടെയും പിന്തുണ തേടുന്നതിനുള്ള നീക്കമാണ് നടത്തുന്നത്. ഡി.എം.കെ സഖ്യം 73 സീറ്റിലും എ.ഐ.എഡി.എം.കെ സഖ്യം 52 സീറ്റിലുമാണ് വിജയിച്ചത്. ഒരു സീറ്റിൽ വിജയിച്ചത് സ്വതന്ത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.