ശിവഗംഗ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുപ്പത്തൂർ മണ്ഡലത്തിൽ തമിഴക വെട്രി കഴകം സ്ഥാനാർഥി ആർ. ശ്രീനിവാസ സേതുപതി വിജയിച്ചത് ഒരു വോട്ടിന്. ഡി.എം.കെ മന്ത്രി കെ.ആർ. പെരിയകറുപ്പനെയാണ് വെറും ഒരു വോട്ടിന് പരാജയപ്പെടുത്തിയത്. പുലർച്ചെ 1.30 വരെ നീണ്ട വോട്ടെണ്ണലിലൂടെ അത്യന്തം നാടകീയമായ മത്സരത്തിനൊടുവിലാണ് ഫലം പ്രഖ്യാപിച്ചത്. സേതുപതി 83,375 വോട്ടുകൾ നേടിയപ്പോൾ മന്ത്രി പെരിയകറുപ്പന് 83,374 വോട്ടുകളാണ് ലഭിച്ചത്.
തുടക്കം മുതൽ ഡി.എം.കെയും ടി.വി.കെയും തമ്മിലായിരുന്നു പ്രധാന മത്സരം. ആദ്യ ഘട്ടങ്ങളിൽ മന്ത്രി പെരിയകറുപ്പൻ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. എന്നാൽ 17-ാം റൗണ്ട് മുതൽ ചിത്രം മാറിമറിഞ്ഞു. ശ്രീനിവാസ സേതുപതി ലീഡ് പിടിച്ചെടുക്കുകയും അത് അവസാന റൗണ്ട് വരെ നിലനിർത്തുകയും ചെയ്തു.
പിന്നീട് ഇ.വി.എം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ സേതുപതിക്ക് 819 വോട്ടിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ മന്ത്രി പെരിയകറുപ്പൻ വീണ്ടും ശക്തമായി തിരിച്ചുവന്നു. പെരിയകറുപ്പന് 1,183 പോസ്റ്റൽ വോട്ടുകൾ ലഭിച്ചപ്പോൾ സേതുപതിക്ക് 365 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ഇതോടെയാണ് ഭൂരിപക്ഷം വെറും ഒരു വോട്ടിലേക്ക് ചുരുങ്ങിയത്.
രണ്ട് ഇ.വി.എമ്മുകളിലെ സാങ്കേതിക തകരാർ കാരണം വിവിപാറ്റ് (VVPAT) സ്ലിപ്പുകൾ എണ്ണേണ്ടി വന്നതാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമെന്ന് ജില്ലാ കലക്ടർ കെ. പൊർകോടി അറിയിച്ചു. ഭൂരിപക്ഷം ഒരു വോട്ടായതിനാൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം തള്ളിക്കളഞ്ഞ 306 പോസ്റ്റൽ വോട്ടുകൾ വീണ്ടും പരിശോധിച്ചു. ഇതിനിടെ കൗണ്ടിങ് ഏജന്റുമാർ പ്രതിഷേധിച്ചെങ്കിലും നിയമങ്ങൾ ബോധ്യപ്പെടുത്തി വോട്ടെണ്ണൽ പൂർത്തിയാക്കുകയായിരുന്നു.
റീകൗണ്ടിങ് വേണമെന്ന് സ്ഥാനാർഥികൾക്ക് ആവശ്യപ്പെടാമെങ്കിലും റിട്ടേണിങ് ഓഫീസർ അത് നിരസിച്ചു. കൃത്യമായ കാരണങ്ങൾ രേഖാമൂലം നൽകിയാണ് റിട്ടേണിങ് ഓഫീസർ വിജയിയെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.