അബ്ദുൽ ഹഫീസ്, അശുതോഷ് രംഗ

'വിദ്യാഭ്യാസത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ പൗരന് അവകാശമില്ലേ?

കൊൽക്കത്ത: പൊതുവിദ്യാലയത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് ചോദ്യമുയർത്തിയ വിദ്യാർഥിക്ക് നഷ്ടമായത് സ്വന്തം പിതാവിന്റെ ജീവനാണ്. പശ്ചിമബംഗാളിലെ ബാങ്കൂര ജില്ലയിലെ കാരിസുണ്ട ഗ്രാമത്തിലെ അബ്ദുൽ ഹഫീസ് എന്ന 25 കാരനായ ചെറുപ്പക്കാരന്റെ കഥ കേവലമൊരു ക്രമസമാധാന പ്രശ്നത്തിന്റെതല്ല. തന്റെ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റെ കൂടി പ്രശ്നം കൂടിയാണ്.

കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) 'സ്കൂൾ ഠീക് കരോ' പ്രചാരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-നാണ് അബ്ദുൽ ഹാഫിസ് താൻ ചെറുപ്പത്തിൽ പഠിച്ച കാരിസുണ്ടയിലെ സർക്കാർ പ്രൈമറി സ്കൂളിൽ എത്തിയത്. ഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ആ വിദ്യാലയത്തിൽ അടിസ്ഥാനപരമായ കുടിവെള്ള സൗകര്യങ്ങളോ ശൗചാലയങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുകയും, ജനങ്ങളുടെ നികുതിപ്പണം എങ്ങോട്ടാണ് പോകുന്നതെന്ന് അന്വേഷിക്കുകയുമായിരുന്നു ലക്ഷ്യം.

എന്നാൽ, ആ അന്വേഷണം ചിലരെ വല്ലാതെ അലോസരപ്പെടുത്തി. അന്നു രാത്രി തന്നെ ആയുധങ്ങളുമായി ഒരു സംഘം ആളുകൾ ഹാഫിസിന്റെ വീട്ടിലേക്ക് ഇരച്ചുകയറി. അക്രമികൾ മകനെ വളഞ്ഞിട്ട് മർദ്ദിക്കുന്നത് കണ്ട് അവനെ സ്വന്തം ശരീരം കൊണ്ട് മറച്ചുപിടിച്ച് രക്ഷിക്കാൻ ശ്രമിച്ചതായിരുന്നു പിതാവ് ഷെയ്ഖ് മുഹമ്മദ് മാഫിക്. ക്രൂരമായ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ മാഫിക് ആശുപത്രിയിൽ വെച്ച് ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ മരണത്തിന് കീഴടങ്ങി. പ്രാദേശിക ബിജെപി നേതാവ് ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, അധികാരികൾ ഇപ്പോഴും സംഭവത്തിന്റെ രാഷ്ട്രീയ ഗൗരവം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടോ എന്ന ചോദ്യം ബാക്കിയാണ്. "ഞാൻ കല്ലുകൊണ്ട് ഉണ്ടാക്കിയ മനുഷ്യനൊന്നുമല്ല. എനിക്കും വേദനയുണ്ട്" എന്നാണ് പിതാവിന്റെ മരണത്തെ കുറിച്ചുള്ള ചോദ്യത്തിന് ഹഫീസിന്റെ മറുപടി. സ്വന്തം പിതാവിനെയാണ് നഷ്ടപ്പെട്ടത്. എനിക്കും ക്രൂരമായ മർദനമേറ്റു. എന്നാൽ അനീതിക്കെതിരെ നിൽക്കാൻ ശാരീരികമായ കരുത്തല്ല പ്രധാനം, സ്വന്തം മനസ്സാക്ഷിക്ക് മുന്നിൽ നേരുള്ളവനായിരിക്കുക എന്നതാണ് ഏറ്റവും വലിയ ശക്തി,"

ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥി യുവജന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ശേഷമാണ് ഹാഫിസ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയത്. മുറികളിലിരുന്ന് അധികാരികളെ വിമർശിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, തെരുവിലിറങ്ങി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പരിഹാരം ആവശ്യപ്പെടണമെന്നും ആ പ്രക്ഷോഭങ്ങളാണ് തന്നെ പഠിപ്പിച്ചതെന്ന് ഹാഫിസ് ഓർക്കുന്നു. "സാധാരണക്കാരായ കുട്ടികൾക്ക് മുൻപിലുള്ള ഒരേയൊരു ആശ്രയം സർക്കാർ സ്കൂളുകളാണ്. അവിടെ അധ്യാപകർ വരുന്നുണ്ടോ, പഠനനിലവാരം ഉണ്ടോ, പൊതുപണം ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്ന് ചോദിക്കാൻ രാജ്യത്തെ ഓരോ പൗരനും അവകാശമില്ലേ?" അദ്ദേഹം ചോദിക്കുന്നു.

ദുരന്തത്തിന് പിന്നാലെ സംസ്ഥാന സർക്കാരിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ അത് പൂർണ മനസ്സോടെ നിരസിക്കുകയായിരുന്നു ഹാഫിസും കുടുംബവും. ആ തീരുമാനത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ ആ യുവാവിന്റെ വാക്കുകളിൽ നിറഞ്ഞത് വ്യക്തിപരമായ ലാഭങ്ങൾക്കപ്പുറം സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു പൗരന്റെ ശബ്ദമായിരുന്നു. "പണം കൊണ്ട് എന്റെ പിതാവിനെ തിരികെ കൊണ്ടുവരാൻ സാധിക്കുമോ? ഒരിക്കലുമില്ല. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു. ഒരു സർക്കാരിനും എത്ര പണം തന്നാലും ആ വിടവ് നികത്താനാകില്ല. ആ പണം എന്റെ കുടുംബത്തിലേക്ക് മാത്രമായി ചുരുങ്ങുന്നതിനേക്കാൾ, ദൂരദേശങ്ങളിലുള്ള സാധാരണക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന ഒന്നായി മാറണം. എന്റെ പിതാവിന്റെ പേരിൽ ആധുനിക ലാബുകളും സാങ്കേതിക സൗകര്യങ്ങളുമുള്ള ലോകോത്തര നിലവാരമുള്ള ഒരു സൗജന്യ സർക്കാർ വിദ്യാലയം സ്ഥാപിക്കണം. എന്റെ പിതാവ് ഇനി മടങ്ങിവരില്ല, എന്നാൽ അദ്ദേഹത്തിന്റെ വിയോഗം വഴി ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ഭാവി മാറുമെങ്കിൽ ആ വേദന ഞാൻ സന്തോഷത്തോടെ സഹിക്കും," ഹാഫിസ് വ്യക്തമാക്കുന്നു.

ഈ കനത്ത ആഘാതത്തിനിടയിലും മുന്നോട്ടുപോകാനുള്ള ധൈര്യം എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന ചോദ്യത്തിന് ഹാഫിസ് വിരൽ ചൂണ്ടുന്നത് സ്വന്തം കുടുംബത്തിലേക്കാണ്. പ്രത്യേകിച്ചും തന്റെ മുത്തശ്ശിയിലേക്ക്. പിതാവിന്റെ ചേതനയറ്റ ശരീരം മുന്നിൽ കിടക്കുമ്പോഴും ആ തളർച്ചയില്ലാതെ "ഇങ്ക്വിലാബ് സിന്ദാബാദ്! അവസാനം ജയം നിങ്ങൾക്ക് തന്നെയായിരിക്കും" എന്ന് ഉറക്കെ പ്രഖ്യാപിച്ച മുത്തശ്ശിയുടെ മുഖമാണ് തനിക്ക് ഏറ്റവും വലിയ കരുത്തായതെന്ന് ഹാഫിസ് പറയുന്നു. "അവരുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഇനി ഒരു കാരണവശാലും ഈ പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകാൻ എനിക്കാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു," അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് ആ വ്യക്തികളോട് വ്യക്തിപരമായ പ്രതികാരമല്ല ആവശ്യമെന്നും, സത്യം പുറത്തുവരികയും സാധാരണക്കാരന്റെ മക്കൾക്ക് തുല്യമായ വിദ്യാഭ്യാസം ഉറപ്പാക്കപ്പെടുകയുമാണ് വേണ്ടതെന്നും ഹാഫിസ് ആവർത്തിക്കുന്നു. പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനം പരിശോധിക്കാൻ ഇറങ്ങുന്ന ഒരു പൗരന്റെ സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയില്ലേ എന്ന അടിസ്ഥാന ചോദ്യമാണ് ഈ സംഭവം ഇന്ത്യൻ ജനാധിപത്യത്തിന് മുന്നിലേക്ക് വലിച്ചെറിയുന്നത്.

സ്വന്തം പിതാവിന്റെ ഓർമ്മകൾ ഒരു സ്മാരക ശിലയിലല്ല, മറിച്ച് തലമുറകൾക്ക് അറിവ് പകർന്നു നൽകുന്ന ഒരു വിദ്യാലയ മുറ്റത്താണ് ജീവിക്കേണ്ടതെന്ന് ഉറച്ചു വിശ്വസിക്കുന്ന അബ്ദുൽ ഹാഫിസ്, നഷ്ടങ്ങളുടെ വലിയ നോവിലും പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതീക്ഷയായി മാറുകയാണ്.

'ദി വയർ' നടത്തിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അബ്ദുൽ ഹഫീസ്.

Tags:    
News Summary - Abdul Hafiz on CJP, His Grandmother and Demanding a School Instead of Compensation for Father's Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.