ഷില്ലോങ്: മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ തൊഴിൽ നിയമപരിഷ്കാരങ്ങളും സുരക്ഷാ നിയമങ്ങളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 'ഖാസി സ്റ്റുഡന്റ്സ് യൂണിയൻ' നടത്തിയ കറുത്ത കൊടി കെട്ടിയുള്ള മോട്ടോർസൈക്കിൾ റാലി അക്രമാസക്തമായി. പ്രക്ഷോഭത്തിനിടയിൽ വ്യാപകമായ തോതിൽ വാഹനങ്ങൾ അടിച്ചുതകർക്കുകയും സർക്കാർ വാഹനങ്ങൾക്ക് നേരെ തീവെപ്പ് നടത്തുകയും ചെയ്തു.
പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.എസ്.യു പ്രവർത്തകർ ഷില്ലോങ്ങിലെ പ്രധാന സെക്രട്ടേറിയറ്റിന് പുറത്ത് ഒത്തുകൂടി സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ബാനറുകൾ സ്ഥാപിക്കുകയും ചെയ്തു. സർക്കാരിന്റെ ഭാഗത്തുനിന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് റിക്രൂട്ട്മെന്റുകളിൽ നടക്കുന്നതെന്ന് ആരോചിച്ചുകൊണ്ടുള്ള ബാനറുകളാണ് പ്രവർത്തകർ ഉയർത്തിയത്. എന്നാൽ പൊലീസിന്റെ നേതൃത്വത്തിൽ നിമിഷങ്ങൾക്കകം ഈ ബാനറുകൾ നീക്കം ചെയ്യുകയും സെക്രട്ടേറിയറ്റിന് ചുറ്റും സുരക്ഷ ശക്തമാക്കുകയും ചെയ്തു.
തുടർന്ന് നഗരത്തിലൂടെ കടന്നുപോയ റാലിക്കിടെ ചില പ്രമുഖരുടെ പ്രതിമകൾക്ക് നേരെയും ആക്രമണമുണ്ടായി. സ്വാമി വിവേകാനന്ദന്റെ പ്രതിമയുടെ ചില്ലുകൂടും, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അർദ്ധകായ പ്രതിമയും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. മേഘാലയ, അസം രജിസ്ട്രേഷൻ നമ്പറുകളുള്ള നിരവധി വാഹനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. നഗരത്തിൽ വ്യാപകമായി അക്രമങ്ങൾ നടന്നിട്ടുണ്ടെന്നും പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സർക്കാർ മുന്നിൽ സമർപ്പിച്ച അഞ്ച് ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ നടപ്പിലാക്കാൻ ആവശ്യപ്പെട്ടാണ് സംഘടന ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത്. അനധികൃത കുടിയേറ്റങ്ങൾ തടയുന്നതിനായി 2016ൽ പാസാക്കിയ 'മേഘാലയ റെസിഡന്റ്സ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ട്' (MRSSA) പൂർണ്ണമായും നടപ്പിലാക്കുക. പബ്ലിക് സർവീസ് കമ്മീഷൻ (MPSC), ജില്ലാ സെലക്ഷൻ കമ്മിറ്റികൾ (DSC) എന്നിവ വഴിയുള്ള റിക്രൂട്ട്മെന്റ് പ്രക്രിയകളിൽ സുതാര്യത കൊണ്ടുവരിക.
ഭേദഗതി വരുത്തിയ 'മേഘാലയ മൈഗ്രന്റ് വർക്ക്‌മെൻ ആക്ട്, 2020' ഉടൻ നടപ്പിലാക്കുക. ഈസ്റ്റ് ജയന്തിയാ ഹിൽസിലെ സിമന്റ് നിർമ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പുകളിലെ ക്രമക്കേടുകൾക്കെതിരെ നടപടിയെടുക്കുകയും, നഴ്സിങ് നിയമനങ്ങളിൽ 80:20 അനുപാതവും പ്രാദേശിക സംവരണവും ഉറപ്പാക്കുകയും ചെയ്യുക.
എല്ലാ സർക്കാർ റിക്രൂട്ട്മെന്റ് ബോർഡുകൾക്കും കൃത്യമായ മാനദണ്ഡങ്ങളും (SOP) സുതാര്യതയും കൊണ്ടുവരിക.ഈ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നേതൃത്വം സർക്കാരിന് 15 ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു. സർക്കാർ അനുകൂല നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം തെരുവിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് കെ.എസ്.യു നേതാവ് റൂബൻ നജിയാർ വ്യക്തമാക്കിയിരുന്നു.
സംഭവത്തെ തുടർന്ന് മേഘാലയ മന്ത്രിയും സർക്കാർ വക്താവുമായ വെയ്ലഡ്മിികി ഷില്ല പ്രതികരിച്ചത് സർക്കാർ എപ്പോഴും ചർച്ചകൾക്ക് തയാറാണെന്നാണ്. നമുക്ക് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാം, അതാണ് മുന്നോട്ടുള്ള വഴി മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.