ന്യൂഡൽഹി: താലിബാൻ സർക്കാറിന്റെ വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസിയുടെ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള എയർ കാർഗോ കണക്ടിവിറ്റി ആരംഭിക്കാൻ തീരുമാനം. അസീസി കൂടുതൽ സാമ്പത്തിക സഹകരണത്തിന് ആഹ്വാനം ചെയ്യുകയും ഇന്ത്യയിലെ അഫ്ഗാൻ ഹിന്ദു, സിഖ് അഭയാർഥികളോട് നാട്ടിലേക്ക് മടങ്ങാനുള്ള താലിബാൻ ഭരണകൂടത്തിന്റെ അഭ്യർഥന ആവർത്തിക്കുകയും ചെയ്തു.
യു.എസ് ഉപരോധങ്ങൾക്കിടയിൽ തന്റെ രാഷ്ട്രത്തെ അതിജീവിക്കാൻ സഹായിച്ചതിന് ഇന്ത്യ നൽകിയ സഹായത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ. ‘ഞങ്ങളുടെ 9.3 ബില്യൺ ഡോളർ യു.എസ് മരവിപ്പിച്ചു. എന്നാൽ, ആ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിൽ നിന്ന് നേരിട്ട് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് കൊണ്ടുപോകുന്നതിന് ഇന്ത്യൻ സർക്കാർ പൂർണ പിന്തുണ നൽകിയതായി ഞങ്ങൾ ശ്രദ്ധിച്ചു. ഞങ്ങളുടെ സിഖുകാരുടെയും ഹിന്ദുക്കളുടെയും സമൂഹത്തെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ ഞങ്ങൾക്ക് ഒരു അഫ്ഗാൻ സിഖ് സമൂഹമുണ്ട്. ഒരു അഫ്ഗാൻ ഹിന്ദു സമൂഹവും. അവർക്ക് ഇതിനകം അഫ്ഗാൻ ജനതയിൽ നിന്ന് ധാരാളം സ്നേഹം ലഭിച്ചിട്ടുണ്ട്. ഞങ്ങൾ അവർക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ട്.
വ്യവസായികൾ, വ്യാപാരികൾ എന്നീ നിലകളിൽ എല്ലാ ഇന്ത്യൻ സമൂഹവും അഫ്ഗാൻ സന്ദർശിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. ഇല്ലെങ്കിൽ, അഫ്ഗാനിസ്ഥാനിൽ നിന്ന് വന്ന സിഖ്, ഹിന്ദു സമൂഹങ്ങളെങ്കിലും. ദയവായി അവരെ ഞങ്ങൾക്ക് തിരികെ തരൂ.... അഫ്ഗാൻ സ്വകാര്യ മേഖലയുമായും അഫ്ഗാൻ ജനതയുമായും ചേർന്ന് ഒരിക്കൽ കൂടി അഫ്ഗാനിസ്ഥാൻ നിർമിക്കാൻ ഞങ്ങൾ അവരെ ക്ഷണിക്കുന്നു.’ -എന്നായിരുന്നു അസീസിയുടെ വാക്കുകൾ.
രണ്ട് പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷം 2021ൽ മുൻ റിപ്പബ്ലിക്കൻ സർക്കാറിനെ സ്ഥാനഭ്രഷ്ടനാക്കിയ താലിബാൻ സർക്കാറിനെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. എങ്കിലും ഇന്ത്യ കാബൂളിലെ എംബസി വീണ്ടും തുറക്കുകുണ്ടായി. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിക്കുകയും ചെയ്തു. മുത്തഖിയുടെ സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനമായിരുന്നു അത്.
ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്താൻ വ്യോമാതിർത്തി ഇന്ത്യൻ വിമാനങ്ങൾക്ക് അടച്ചിട്ടിരിക്കുകയാണ്. എങ്കിലും അഫ്ഗാൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമാതിർത്തി അടച്ചിട്ടില്ലാത്തതിനാൽ അഫ്ഗാൻ എയർലൈൻസ് ഡൽഹിയിലേക്ക് യാത്രാ വിമാന സർവിസ് നടത്തുന്നുണ്ട്.
കാബൂൾ-ഡൽഹി സെക്ടറിലും കാബൂൾ-അമൃത്‌സർ റൂട്ടുകളിലും വ്യോമ-ചരക്ക് ഇടനാഴി സജീവമാക്കിയതായും ഈ മേഖലകളിലെ ചരക്ക് വിമാനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അറിയിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ ജോയിന്റ് സെക്രട്ടറി ആനന്ദ് പ്രകാശ് പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും വാണിജ്യ, വ്യവസായ സഹമന്ത്രിയുമായും അസീസി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വ്യാപാര സഹകരണത്തിന് മേൽനോട്ടം വഹിക്കുന്നതിനും പിന്തുണക്കുന്നതിനുമായി എംബസികളിൽ പരസ്പരം ഒരു വ്യാപാര അറ്റാഷെയെ നിയോഗിക്കാൻ ഇരുപക്ഷവും സമ്മതിച്ചുവെന്നും പ്രകാശ് പറഞ്ഞു.
കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന ചരക്ക് കയറ്റുമതികൾക്ക് കിലോക്ക് 1 ഡോളറായും ഡൽഹിയിൽനിന്ന് കാബൂളിലേക്കുള്ള ഇറക്കുമതികൾക്ക് 80 സെന്റായും കുറച്ചിരിക്കുന്നു. രണ്ടു വഴികൾ പ്രവർത്തനക്ഷമമാക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഒന്ന്, വ്യോമ ഇടനാഴി. രണ്ടാമതായി, ചബഹാർ റോഡ് (ഇറാനിൽ ചബഹാറിൽ നിന്ന് അഫ്ഗാനിസ്താനിലെ സരഞ്ചിലേക്കുള്ള ഹൈവേ). ഇവ പൂർണമായും പ്രവർത്തനക്ഷമമാക്കാനും തടസ്സങ്ങൾ നീക്കാനും തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ആശയവിനിമയത്തിനിടെ അസീസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.