സ്വാതി മലിവാൾ

‘സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ദൈവം ശിക്ഷിക്കുന്നു’; തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് സ്വാതി മലിവാൾ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കേറ്റ തോൽവിയിൽ പ്രതികരണവുമായി രാജ്യസഭാ എം.പി സ്വാതി മലിവാൾ രംഗത്ത്. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ദൈവം ശിക്ഷിക്കുന്നുവെന്നാണ് സ്വാതിയുടെ ആദ്യ പ്രതികരണം. “ചരിത്രം പരിശോധിച്ചാൽ, സ്ത്രീകൾക്കെതിരെ എന്തെങ്കിലും അതിക്രമം നടത്തുന്നവരെ ദൈവം ശിക്ഷിക്കുന്നതായി കാണാം. അഹംഭാവവും അഹങ്കാരവും ഏറെ നാൾ നീണ്ടുപോകില്ല. രാവണന്റെ അഹങ്കാരം പോലും അവസാനിച്ചില്ലേ, ഇദ്ദേഹം വെറും കെജ്രിവാൾ മാത്രമാണ്” -സ്വാതി മലിവാൾ പറഞ്ഞു.

കെജ്രിവാൾ മുഖ്യമന്ത്രിയായിരിക്കെ, പാർട്ടി അംഗമായ തന്നെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് ഉപദ്രവിച്ചെന്ന് സ്വാതി മലിവാൾ പരാതിപ്പെട്ടിരുന്നു. കെജ്രിവാളിന്‍റെ പേഴ്സനൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിനെതിരെയായിരുന്നു പരാതി. കെജ്രിവാളിനും പാർട്ടിക്കുമെതിരെ രംഗത്തുവന്നെങ്കിലും സ്വാതി ഇപ്പോഴും എ.എ.പി അംഗമായി തന്നെ തുടരുകയാണ്.

ഡൽഹിയിൽ പാർട്ടിയുടെ തോൽവിക്ക് കാരണം മലിനീകരണവും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തയുമാണെന്നും അവർ ചൂണ്ടിക്കാണിച്ചു. “ഇന്ന് ഡൽഹി ഒരു ചവറ്റുകുട്ടയായിരിക്കുന്നു. ജലമലിനീകരണം, വായുമലിനീകരണം, തെരുവുകളുടെ ശോചനീയാവസ്ഥ, ഇതെല്ലാം കെജ്രിവാളിനെ സ്വന്തം സീറ്റ് നഷ്ടമാകുന്നതിലേക്ക് നയിച്ചു. കള്ളം പറഞ്ഞാൽ ജനം വിശ്വസിക്കുമെന്നാണ് പാർട്ടിയുടെ വിചാരം. നേരത്തെ പറഞ്ഞുകൊണ്ടിരുന്നതിൽനിന്ന് പാർട്ടി വ്യതിചലിച്ചു. ബി.ജെ.പിക്ക് എന്റെ അഭിനന്ദനങ്ങൾ. ജനം പ്രതീക്ഷയോടെയാണ് അവർക്ക് വോട്ട് ചെയ്തത്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള ബാധ്യത അവർക്കുണ്ട്” -സ്വാതി മലിവാൾ പറഞ്ഞു.

27 വർഷത്തിനു ശേഷമാണ് ഡൽഹിയിൽ ബി.ജെ.പി അധികാരം പിടിക്കുന്നത്. 70ൽ 47 സീറ്റിലും അവർ മുന്നേറുകയാണ്. കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ പ്രമുഖ എ.എ.പി നേതാക്കൾ ബി.ജെ.പി സ്ഥാനാർഥികളോട് തോൽവി ഏറ്റുവാങ്ങി. മുഖ്യമന്ത്രി അതിഷി കൽക്കാജി മണ്ഡലത്തിൽ ജയിച്ചു. തുടർച്ചയായ പത്ത് വർഷത്തെ എ.എ.പി ഭരണമാണ് ഡൽഹിയിൽ അവസാനിക്കുന്നത്.

Tags:    
News Summary - "God punishes those who harm women...": Swati Maliwal shreds AAP on Delhi poll results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.