മൊബൈൽ ഫോണിന് വിലക്ക്, ജയിച്ചാൽ മാത്രം അടുത്ത ക്ലാസിലേക്ക്; സ്കൂളുകളിൽ കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് തീവ്രമായ മാറ്റങ്ങൾ വരുത്താനും കാവിവൽക്കരണം നടപ്പിലാക്കാനും ലക്ഷ്യമിട്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുക, നേരത്തെ നിർത്തലാക്കിയ 'പാസ്-ഫെയിൽ' രീതി പുനഃസ്ഥാപിക്കുക, പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രപരമായ സമരഭാഗങ്ങൾ വെട്ടിമാറ്റി ആർ.എസ്.എസ്-ജനസംഘ് നേതാക്കളുടെ ചരിത്രം ഉൾപ്പെടുത്തുക തുടങ്ങിയ വിവാദ നിർദേശങ്ങളാണ് സുവേന്ദു അധികാരി മുന്നോട്ടുവെച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ പുതിയ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ, ജൂലൈ മാസത്തിൽ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിനായി രൂപീകരിച്ച സിലബസ് കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിനായി സർക്കാർ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ദേശീയ വിദ്യാഭ്യാസ നയവും (എൻ.ഇ.പി) സിലബസ് റിവ്യൂ കമ്മിറ്റിയുടെ ശുപാർശകളും പൂർണമായി നടപ്പിലാക്കുമെന്നും, നിലവിലുള്ള 'നോ-ഡിറ്റൻഷൻ' (തോൽപ്പിക്കാത്ത) രീതി അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി സൂചന നൽകി.
ഇതിന്റെ ഭാഗമായി എട്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്ന് കർഷക പ്രക്ഷോഭമായ 'സിംഗൂർ സമരം' പൂർണമായി ഒഴിവാക്കാനും, പകരം ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജീവചരിത്രം പഠനവിഷയമാക്കാനും സമിതി തീരുമാനിച്ചതായി വിവരമുണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ചരിത്ര വസ്തുതകളെ വളച്ചൊടിക്കാനുള്ള നീക്കമാണിതെന്ന വിമർശനം അധ്യാപക സംഘടനകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.ഇതിനുപുറമേ, വിദ്യാലയങ്ങളിൽ വർഷത്തിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ, മുൻകൂട്ടി തയാറെടുപ്പില്ലാതെ പ്രസംഗിക്കുന്ന എക്സ്റ്റംപോർ പരിപാടികൾ എന്നിവ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ മുഖ്യന്ത്രിയുടെ നിർദേശങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് ബംഗാളിലെ ഹെഡ്‌മാസ്റ്റർമാരുടെയും ഹെഡ്‌മിസ്ട്രസ്മാരുടെയും അസോസിയേഷൻ ജനറൽ സെക്രട്ടറി ചന്ദൻ മൈതി രംഗത്തെത്തി. മുൻ സർക്കാർ എൻ.സി.സിക്ക് നൽകിയിരുന്ന ധനസഹായം നിർത്തലാക്കുകയും പകരം 'ജയ് ഹിന്ദ് വാഹിനി' അവതരിപ്പിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 'നോ-ഡിറ്റൻഷൻ' നയം നിർത്തലാക്കാനുള്ള തീരുമാനം നല്ലൊരു നീക്കമാണെന്നും, എന്നാൽ എല്ലാ സ്‌കൂളുകളിലും എൻ.എസ്.എസ് നടപ്പിലാക്കുന്നതിന് വലിയ സാമ്പത്തിക സഹായവും പശ്ചാത്തല സൗകര്യങ്ങളും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.