അമിത് ഷാക്കെതിരെ അപകീർത്തി പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് തള്ളി
ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ. ഉത്തർപ്രദേശിലെ സുൽത്താൻപൂർ എം.പി-എം.എൽ.എ കോടതിയാണ് ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ശുഭം വർമ്മയാണ് വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.
2018ൽ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്ന അമിത് ഷായെ 'കൊലക്കേസ് പ്രതി' എന്ന് വിളിച്ച് രാഹുൽ ഗാന്ധി അധിക്ഷേപിച്ചു എന്നതായിരുന്നു പരാതി. ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും, തന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തതാണെന്നും രാഹുൽ ഗാന്ധി വിചാരണ വേളയിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വർഷങ്ങളായി നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി കോടതി വിധി വന്നിരിക്കുന്നത്. മുൻപ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ കോടതിയുടെ മുൻപിലുണ്ടായിരുന്ന വാദപ്രതിവാദങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.