പൊലീസിനെ തൊട്ടാൽ കടുത്ത നടപടി, മേലാൽ ഇത് ആവർത്തിക്കരുത് -കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അക്രമങ്ങൾക്കും പൊലീസിനു നേരെ നടക്കുന്ന അക്രമങ്ങൾക്കും എതിരെ ‘സീറോ ടോളറൻസ്’ (ഒട്ടും വിട്ടുവീഴ്ചയില്ലാത്ത) നയം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇത്തരം സംഭവങ്ങൾ മേലാൽ ആവർത്തിച്ചാൽ‘തന്നേക്കാൾ മോശക്കാരനായി മറ്റാരുമുണ്ടാവില്ല’എന്ന് മുഖ്യമന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

കൊൽക്കത്തയിലെ പാർക്ക് സർക്കസ്-തിൽജാല മേഖലയിൽ വൻതോതിലുള്ള ബുൾഡോസർ നടപടിക്കിടെ കഴിഞ്ഞ ദിവസം പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. കൈയും കാലും കെട്ടിയിട്ടുള്ള പഴയ പൊലീസ് ശൈലിയുടെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമം നടന്ന പാർക്ക് സർക്കസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് സന്ദർശിക്കുകയും പരിക്കേറ്റ ഉദ്യോഗസ്ഥരെയും ജവാന്മാരെയും നേരിൽ കാണുകയും ചെയ്ത ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. മുൻ സർക്കാരുകളുടെ പ്രവർത്തന ശൈലിയിൽ നിന്ന് വ്യത്യസ്തമായി ക്രമസമാധാന പാലനത്തിൽ കടുത്ത നിലപാടായിരിക്കും ഇനി തന്റെ സർക്കാർ സ്വീകരിക്കുകയെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

ഞായറാഴ്ചയുണ്ടായ അക്രമത്തിൽ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ടെന്ന് സുവേന്ദു അധികാരി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. അക്രമകാരികൾ പ്രകോപനം സൃഷ്ടിച്ചിട്ടും കടുത്ത സംയമനം പാലിച്ച പൊലീസിനെയും കേന്ദ്ര സേനയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Tags:    
News Summary - Suvendu Adhikari Warns of Zero Tolerance After Violence in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.