അന്ന് ടാറ്റയെ ഓടിച്ചു, ഇന്ന് തിരികെ വിളിക്കുന്നു; സുവേന്ദുവിന്റെ 'മലക്കംമറച്ചിൽ' വെറും രാഷ്ട്രീയ നാടകമെന്ന് വിമർശനം

കൊൽക്കത്ത: ടാറ്റ ഗ്രൂപ്പിനെ പശ്ചിമ ബംഗാളിലേക്ക് തിരികെ കൊണ്ടുവരുമെന്ന മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പ്രഖ്യാപനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും കടുത്ത വിമർശനങ്ങൾക്കും വഴിവെക്കുന്നു. സുതാര്യമായ ഭൂമി ഏറ്റെടുക്കലിലൂടെയും തൊഴിലധിഷ്ഠിതമായ വ്യവസായ നയത്തിലൂടെയും ബംഗാളിനെ മാറ്റിമറിക്കുമെന്നാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി അവകാശപ്പെടുന്നത്.

എന്നാൽ, ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായ വിരുദ്ധ സമരത്തിന് നേതൃത്വം നൽകി ടാറ്റയെ ബംഗാളിൽ നിന്ന് ഓടിച്ച മുൻനിര നേതാക്കളിൽ ഒരാളായ സുവേന്ദു തന്നെ ഇപ്പോൾ ടാറ്റക്ക് വേണ്ടി സംസാരിക്കുന്നത് വലിയ രാഷ്ട്രീയ കാപട്യമാണെന്നാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.

നരേന്ദ്ര മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബി.ജെ.പി മുഖ്യമന്ത്രിയായ സുവേന്ദു അധികാരി പുതിയ വ്യവസായ നയം വ്യക്തമാക്കിയത്. ‘‘സി.പി.എമ്മിനെപ്പോലെ വെടിവെപ്പ് നടത്തിക്കൊണ്ടോ, മമത ബാനർജിയെപ്പോലെ ഫയലുകൾ ഒളിപ്പിച്ചുവെച്ചുകൊണ്ടോ ആയിരിക്കില്ല ഇത്. വ്യവസായങ്ങൾക്കായി ന്യായമായ വിലക്ക് ഭൂമി നൽകാൻ ജനങ്ങൾ ഇപ്പോൾ സ്വയം മുന്നോട്ട് വരുന്നുണ്ട്." - സുവേന്ദു അധികാരി പറഞ്ഞു. 2008ൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന സിംഗൂർ പ്രക്ഷോഭത്തെത്തുടർന്നാണ് ടാറ്റ മോട്ടോഴ്സ് തങ്ങളുടെ നാനോ കാർ പ്ലാന്റ് ബംഗാളിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റിയത്.

അന്ന് കർഷകരുടെ കൃഷിഭൂമി സംരക്ഷിക്കാനെന്ന പേരിലാണ് സുവേന്ദുവും മമതയും ഒന്നിച്ച് നിന്ന് ടാറ്റക്കെതിരെ കടുത്ത സമരം നയിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന കാലത്ത് സുവേന്ദു രൂപീകരിച്ച 'ഭൂമി ഉച്ഛേദ് പ്രതിരോധ് കമ്മിറ്റി'യുടെ നേതൃത്വത്തിൽ നടന്ന അക്രമാസക്തമായ സമരങ്ങളാണ് ടാറ്റയെ പിന്തിരിപ്പിച്ചത്. എന്നാൽ, മുൻ സർക്കാർ കർഷകർക്ക് തിരികെ നൽകിയ സിംഗൂരിലെ ഭൂമിയിൽ ഇപ്പോൾ കൃഷിയൊന്നും നടക്കുന്നില്ലെന്നാണ് സുവേന്ദു ഇപ്പോൾ പറയുന്നത്. പ്ലാന്റ് നിർമാണത്തിനായി മണ്ണിൽ ഇരുമ്പ് കമ്പികളും സിമന്റും കലർന്നതിനാൽ ഭൂമിയുടെ സ്വാഭാവികത പൂർണ്ണമായും നഷ്ടപ്പെട്ടതാണ് ഇതിന് കാരണമെന്നും സുവേന്ദു അവകാശപ്പെട്ടു.

എന്നാൽ ഭൂമി കൃഷിയോഗ്യമല്ലെന്ന ഈ യാഥാർത്ഥ്യം സുവേന്ദുവിന് ഇപ്പോൾ മാത്രമാണോ ബോധ്യപ്പെട്ടത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. അന്ന് കർഷകരെ മുൻനിർത്തി സമരം ചെയ്തത് അധികാരം പിടിക്കാനുള്ള വെറും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നുവെന്നും ബംഗാളിലെ ലക്ഷക്കണക്കിന് യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കാൻ മാത്രമേ ആ സമരം ഉപകരിച്ചുള്ളൂവെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.

പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിനായി 1984ലെ പഴയ ഭൂമി ഏറ്റെടുക്കൽ നിയമം ഉപയോഗിക്കുമെന്നാണ് സുവേന്ദു അധികാരി വ്യക്തമാക്കിയത്. എന്നാൽ കർഷകർക്ക് കൂടുതൽ സുതാര്യതയും മികച്ച നഷ്ടപരിഹാരവും ഉറപ്പുനൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം (LARR Act, 2013) നിലവിലുള്ളപ്പോൾ, എന്തിനാണ് 1984ലെ പഴയ നിയമം ഉപയോഗിക്കുന്നത് എന്നത് വലിയ സംശയങ്ങൾക്ക് ഇടനൽകുന്നു. ഇത് കർഷകരെ വീണ്ടും വഞ്ചിക്കാനും അവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് തടയാനും ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്.

കൂടാതെ മുൻ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനമാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയത്. ബിസിനസ്സ് ഉച്ചകോടികളുടെ പേരിൽ മമത ബാനർജി ഖജനാവിൽ നിന്ന് 635 കോടി രൂപ ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് നൽകിയെന്നും ഇതിനെക്കുറിച്ച് കേന്ദ്ര ഏജൻസികളെക്കൊണ്ട് ഉന്നതതല അന്വേഷണം നടത്തുമെന്നും സുവേന്ദു അധികാരി ആരോപിച്ചു. 

Tags:    
News Summary - Suvendu Adhikari vows Tata Group’s return to Bengal; unveils jobs, industry push

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.