'മമതയെ പിന്തുണക്കുന്നവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നു'; സുവേന്ദു അധികാരി സർക്കാരിനെതിരെ വിമർശനവുമായി തൃണമൂൽ എം.എൽ.എ

തൃണമൂൽ കോൺഗ്രസിനുള്ളിലെ അധികാര തർക്കങ്ങൾക്കിടയിൽ, മുൻ മുഖ്യമന്ത്രി മമത ബാനർജിയോട് കൂറുപുലർത്തുന്ന നിയമസഭാംഗങ്ങളെ പശ്ചിമ ബംഗാളിലെ ബി.ജെ.പി സർക്കാർ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്ന് തൃണമൂൽ എം.എൽ.എ കുനാൽ ഘോഷ് ആരോപിച്ചു. പഴയ കേസുകൾ കുത്തിപ്പൊക്കിയും മറ്റ് ആരോപണങ്ങൾ ഉന്നയിച്ചുമാണ് മമതയെ പിന്തുണക്കുന്നവരെ സർക്കാർ വേട്ടയാടുന്നതെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. മറുവശത്തുള്ളവർക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുമ്പോൾ മമതക്കൊപ്പം നിൽക്കുന്നവർ അറസ്റ്റിലാവുകയും നിരന്തരം അക്രമിക്കപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരത്തല കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പരാമർശങ്ങൾക്കെതിരെയും കുനാൽ ഘോഷ് രൂക്ഷമായ വിമർശനം ഉന്നയിച്ചു. കെട്ടിട നിർമാണത്തിനുള്ള അനുമതി പത്രത്തിൽ മുൻ കൊൽക്കത്ത മേയറും മുതിർന്ന തൃണമൂൽ നേതാവുമായ ഫർഹാദ് ഹക്കിമിന്റെ ഒപ്പുണ്ടെന്നായിരുന്നു സുവേന്ദു അധികാരിയുടെ ആരോപണം. ഇതിന് മറുപടിയായി, രേഖകളിൽ ഒപ്പുവെച്ചവരെ എന്തുകൊണ്ട് സർക്കാർ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കുനാൽ ഘോഷ് ചോദിച്ചു. മമതയോട് അടുപ്പമുള്ളവരെ മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം അന്വേഷണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടുത്തിടെയുണ്ടായ ഈ കെട്ടിട തകർച്ചയിൽ 17 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം, പാർട്ടിയിലെ വിമത വിഭാഗം നേതാക്കൾ കൊൽക്കത്തയിൽ മുൻ കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 22-ന് രൂപീകരിച്ച തൃണമൂൽ കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിന്റെ ഭാഗമായാണ് യോഗം ചേർന്നതെന്ന് മുൻ കൗൺസിലർ ദെബലീന ബിശ്വാസ് വ്യക്തമാക്കി. പാർട്ടിയിലെ ഭൂരിഭാഗം എം.എൽ.എമാരും മുൻ കൗൺസിലർമാരും തങ്ങൾക്കൊപ്പമാണെന്നും, തൃണമൂൽ കോൺഗ്രസിന്റെ ഭാവി നേതൃത്വം തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്നും പുറത്താക്കപ്പെട്ട എം.എൽ.എ സന്ദീപൻ സാഹ അവകാശപ്പെട്ടു. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം അരുപ് റോയിയെ ചെയർപേഴ്‌സണായി നിയമിക്കുകയും 58 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. മമത ബാനർജിയെ പാർട്ടിയുടെ ഉപദേശകയായി നിലനിർത്തിക്കൊണ്ടുതന്നെയാണ് ഇവർ പുതിയ ദേശീയ വർക്കിങ് കമ്മിറ്റിയും രൂപീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Suvendu Adhikari criticizes the government, Trinamool MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.