സുഷമക്കായി സ്നേഹപ്രവാഹം; വൃക്ക നല്‍കാന്‍ തയാറായി നിരവധി പേര്‍

ന്യൂഡല്‍ഹി: ‘‘എന്‍െറ രണ്ടു വൃക്കകളും തകരാറിലാണ്. ഇപ്പോള്‍ ഡയാലിസിസ് ചെയ്യുന്നു. വൃക്ക മാറ്റിവെക്കാനുള്ള പരിശോധനയും നടക്കുന്നുണ്ട്. കൃഷ്ണഭഗവാന്‍ അനുഗ്രഹിക്കട്ടെ’’, ഗുരുതരമായ തന്‍െറ രോഗാവസ്ഥയെക്കുറിച്ചുള്ള കേന്ദ്രമന്ത്രി സുഷമ സ്വരാജിന്‍െറ വൈകാരികമായ ട്വീറ്റിന് രാജ്യത്തിന്‍െറ നാനാഭാഗത്തുനിന്നും സ്നേഹപ്രതികരണങ്ങള്‍ പ്രവഹിക്കുകയാണ്.

രാജസ്ഥാനിലെ യുവകര്‍ഷകന്‍ വിഷേക് വിഷ്ണോയ് ആണ് ഏറ്റവുമൊടുവില്‍ തന്‍െറ വൃക്ക സുഷമക്ക് വാഗ്ദാനം ചെയ്തത്. ജോധ്പുര്‍ സ്വദേശിയായ വിഷേക് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സുഷമ.
മന്ത്രിയായതുകൊണ്ടല്ല സുഷമക്ക് സഹായം വാഗ്ദാനം ചെയ്യുന്നതെന്നും മറിച്ച് ദുരിതത്തില്‍പെട്ട ജനങ്ങളെ സഹായിക്കാന്‍ മനസ്സുള്ള ആളാണ് അവര്‍ എന്നതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവരെ സഹായിക്കാന്‍ വിദേശകാര്യമന്ത്രിയെന്ന നിലക്ക് അവര്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇതുപോലെ, ആവശ്യക്കാരെ സഹായിക്കാന്‍ അവര്‍ സദാ സന്നദ്ധയാണ്. നിശ്ശബ്ദമായാണ് അവരുടെ പ്രവര്‍ത്തനം. സുഷമയുടെ ഈയൊരു മനോഭാവമാണ് തന്‍െറ വൃക്ക നല്‍കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് വിഷേക് പറഞ്ഞു.

സുഷമയുടെ ട്വീറ്റ് പുറത്തുവന്നശേഷം ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലേക്ക് വൃക്ക നല്‍കാന്‍ തയാറാണെന്നറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകളുടെ ഒഴുക്കാണ്. യു.പി, ബീഹാര്‍, പഞ്ചാബ്, ഹരിയാന, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് 40ലേറെ സഹായ വാഗ്ദാനമാണ് ആശുപത്രി അധികൃതരെ തേടിയത്തെിയത്. ജനങ്ങളുടെ സ്നേഹത്തിന് കഴിഞ്ഞ ദിവസം സുഷമ നന്ദി അറിയിച്ചിരുന്നു. വൃക്ക നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവരോട് പറയാന്‍ വാക്കുകളില്ളെന്നും 64കാരിയായ സുഷമ ട്വീറ്റ് ചെയ്തിരുന്നു.

Tags:    
News Summary - sushma swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.