അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശിപാർശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍; ഇനി കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകരിക്കണം

അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശിപാർശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും പെണ്‍ സിംഹമായ സീതക്ക് തനായ എന്നുമാണ് പുതുതായി നിർദേശിച്ച പേരുകൾ. ശിപാർശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലാണ് ഇരു സിംഹങ്ങളുമുള്ളത്.

കേന്ദ്ര മൃഗശാല അതോറിറ്റി ശുപാര്‍ശ അംഗീകരിച്ചാല്‍ അക്ബര്‍ സിംഹം സൂരജ് എന്നും സീത തനായ എന്നുമാകും അറിയപ്പെടുക. ഇതോടെ, പേര് അംഗീകരിച്ചാല്‍ ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. ഈ നിർദേശം നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും അധികാരം ഉണ്ട്.

സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ നൽകിയതിനെ കല്‍ക്കട്ട ഹൈകോടതി വിമര്‍ശിച്ചിരുന്നു. വി.എച്ച്.പിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈകോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജി വിമര്‍ശനം ഉന്നയിച്ചത്. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാദമായ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി അഭിപ്രായപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകള്‍ ബംഗാള്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരിക്കുന്നത്.

സിലിഗുരി സഫാരി പാർക്കിലെ അക്ബർ-സീത സിംഹങ്ങളുടെ പേരിനെ ചൊല്ലി വലിയ വിവാദമാണ് അ​രങ്ങേറിയത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. സംസ്ഥാന വനം വകുപ്പാണ് ഇവർക്ക് പേരിട്ടതെന്നും മുസ്ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് വി.എച്ച്.പി ഹൈകോടതിയെ സമീപിച്ചത്.

സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിലാണ് ഹരജി സമർപ്പിച്ചത്. ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നുമാണ് നേരത്തെ ബംഗാൾ വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

Tags:    
News Summary - Suraj & Tanaya: Bengal proposes new names for lions Akbar, Sita

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.