ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ജാമ്യത്തിന് മുമ്പ് ഒരു വർഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഛത്തീസ്ഗഢ് മദ്യ അഴിമതി കേസിൽ ഒമ്പത് മാസമായി ജയിലിൽ ജാമ്യം ലഭിക്കാതെ കഴിയുന്ന അൻവർ ദേബറിൻറെ കേസ് പരിഗണിക്കവെയാണ് വിധി.
കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റിലായ അൻവറിന് ഒരു വർഷം ജയിൽ ശിക്ഷ പൂർത്തിയായില്ല എന്ന കാരണത്താൽ ജാമ്യം അനുവദിക്കാനാവില്ലെന്ന ഇ.ഡിയുടെ നിലപാടിനെതിരെയാണ് ജസ്റ്റിസ് അഭയ് എസ്. ഒക്ക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
തമിഴ്നാട് സർക്കാരും സെന്തിൽ ബാലാജിയും കക്ഷികളായുള്ള കേസിലുൾപ്പെടെ ജാമ്യം ലഭിക്കുന്നതിന് ഒരു വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കണമെന്ന മാനദണ്ഡം സുപ്രീംകോടതി മുന്നോട്ട് വച്ചിരുന്നു. ഈ മാനദണ്ഡം തന്നെ മദ്യ അഴിമതി കേസിലും സ്വീകരിക്കണമെന്നാണ് ഇ.ഡി വാദിച്ചത്.
450ൽ അധികം സാക്ഷികളുള്ള കേസിൽ വിചാരണ ഉടനെയൊന്നും പൂർത്തിയാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിച്ചാൽ പ്രതിയുടെ രാഷ്ട്രീയത്തിലുൾപ്പെടെയുള്ള സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി തള്ളി. ഒരാഴ്ചക്കുള്ളിൽ ഇയാളെ വ്യവസ്ഥകൾ അനുസരിച്ച് ജയിൽ മോചിതനാക്കണമെന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.