ന്യൂഡൽഹി: തെരുവു നായ് പ്രശ്നത്തിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവ് ഈ വിഷയത്തിലെ വിപുലമായ ചർച്ചകൾക്ക് വഴിതുറക്കുന്നു. രാജ്യ തലസ്ഥാനത്തെ തെരുവു നായ്ക്കളെ എട്ട് ആഴ്ചക്കുള്ളിൽ ഷെൽട്ടറുകളിലേക്കു മാറ്റണമെന്നും അങ്ങനെ മാറ്റിയവയെ പിന്നീടൊരിക്കലും തെരുവിലേക്കു തന്നെ അയക്കരുതെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പുതിയ വഴികൾ നിർദേശിച്ചും ഈ മേഖലയിലെ വിദഗ്ധരും അല്ലാത്തവരും രംഗത്തെത്തിയിരിക്കുകയാണ്.
ചിലർ ‘രോഷാകുലമായ’ വിധിയെന്നു പറയുമ്പോൾ ചിലർ ഇതൊരു ‘ആശ്വാസ’വിധിയെന്ന് വിശേഷിപ്പിക്കുന്നു. റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (ആർ.ഡബ്ല്യു.എ) ഉൾപ്പെടെ നിരവധി ഗ്രൂപ്പുകളും വ്യക്തികളും ഉത്തരവിനെ സ്വാഗതം ചെയ്തു. തെരുവു നായ്ക്കളുടെ കടിയേൽക്കുന്ന കേസുകൾ വർധിച്ചുവരികയാണെന്നും ഉത്തരവ് ഈ പ്രശ്നത്തിൽ നിന്ന് ആശ്വാസം നൽകുമെന്നും ആർ.ഡബ്ല്യു.എയുടെ സംഘടനയായ യുനൈറ്റഡ് റെസിഡന്റ് ജോയിന്റ് ആക്ഷൻ പ്രസിഡന്റ് അതുൽ ഗോയൽ പറഞ്ഞു.
ഡൽഹി മേയർ ഇഖ്ബാൽ സിങ്ങും ഉത്തരവിനെ പിന്തുണച്ചു. ‘ഡൽഹിയിലെ ജനങ്ങൾ വളരെയധികം പ്രശ്നങ്ങൾ നേരിടുന്നതിനാൽ സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. അടുത്ത 6 ആഴ്ചയ്ക്കുള്ളിൽ ഈ ഉത്തരവ് നടപ്പിലാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഞങ്ങൾക്ക് ഷെൽട്ടർ ഹോമുകളില്ല, പക്ഷേ, 10 പ്രവർത്തനക്ഷമമായ വന്ധ്യംകരണ കേന്ദ്രങ്ങളുണ്ട്. താൽക്കാലികവും സ്ഥിരവുമായ ഷെൽട്ടർ ഹോമുകൾ നിർമിക്കാൻ കഴിയും. തെരുവ് നായ്ക്കൾ കാരണം ആരും പ്രശ്നങ്ങൾ നേരിടുന്നില്ലെന്ന് എം.സി.ഡിയും ഡൽഹി സർക്കാറും ഉറപ്പാക്കും. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഞങ്ങൾ ഒരു കർമ പദ്ധതി തയ്യാറാക്കും’-അദ്ദേഹം പറഞ്ഞു.
നഗരത്തിലെ തെരുവ് നായ്ക്കളുടെ ശല്യം ‘ഭീമമായ’ അനുപാതത്തിലെത്തിയെന്നും സുപ്രീംകോടതിയുടെ നിർദേശങ്ങൾക്കനുസൃതമായി പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ ഉടൻ തന്നെ ഒരു സമഗ്ര നയം ആവിഷ്കരിക്കുമെന്നും അത് ‘ആസൂത്രിതവും വ്യവസ്ഥാപിതവു’മായിരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. തെരുവ് നായ്ക്കൾക്കൊപ്പം, റോഡുകളിലെ കന്നുകാലികളും ആളുകളെ ആക്രമിക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അത്തരം മൃഗങ്ങൾക്കെതിരെയും അധികാരികൾ സമാനമായ നടപടി സ്വീകരിക്കണ’മെന്നും ഗോയൽ കൂട്ടിച്ചേർത്തു.
എന്നാൽ, സുപ്രീംകോടതി ഉത്തരവിൽ മൃഗസംരക്ഷണ സംഘടനകളും നിരവധി രാഷ്ട്രീയക്കാരും ആശങ്ക പ്രകടിപ്പിച്ചു. അതിനെ അപ്രായോഗികവും യുക്തിരഹിതവും നിയമവിരുദ്ധവുമെന്ന് ‘പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്’ (പെറ്റ) വിശേഷിപ്പിച്ചു.
ഷെൽട്ടറുകളുടെ അപ്രായോഗികത ചൂണ്ടിക്കാട്ടി മൃഗ വിദഗ്ധരും രംഗത്തെത്തി. എല്ലാ നഗര മുനിസിപ്പൽ കോർപ്പറേഷനുകളും വന്ധ്യംകരണം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഷെൽട്ടറുകളിൽ വളർത്തുന്നത് ഫലപ്രദമാകില്ല എന്നാണ് പി.എ.എൽ ഫൗണ്ടേഷന്റെ മൃഗാവകാശ ഉപദേഷ്ടാവായ റോഷൻ പഥക് പറയുന്നത്. പല നായ്ക്കളും വന്ധ്യംകരിക്കപ്പെടാതെ തുടരുകയാണെങ്കിൽ ഷെൽട്ടറുകളുടെ എണ്ണം വർധിക്കും. ഉത്തരവാദിത്തം മൃഗങ്ങൾക്കല്ല, പൗരൻമാർക്കും ഉദ്യോഗസ്ഥർക്കുമാണ്. വാക്സിനേഷനുകൾക്കും വന്ധ്യംകരണത്തിനും സർക്കാർ ഫണ്ട് നൽകുന്നതിനാൽ മുനിസിപ്പൽ കോർപ്പറേഷനുകൾ ശരിയായ പരിചരണം ഉറപ്പാക്കണം. ഫലപ്രദമായ വന്ധ്യംകരണത്തിന്റെ അഭാവം മൃഗങ്ങളെ തുടർന്നും കഷ്ടപ്പെടുത്തുമെന്നും പഥക് കൂട്ടിച്ചേർത്തു.
മറ്റൊന്ന്, ഷെൽട്ടറുകളുടെ ഉയർന്ന പരിപാലനച്ചെലവിന്റെ വെല്ലുവിളികൾ വിദഗ്ദ്ധർ എടുത്തുകാണിക്കുന്നുവെന്നതാണ്. സുസ്ഥിര പരിഹാരമായി വാർഡ് തലത്തിൽ വന്ധ്യംകരണ യൂനിറ്റുകൾ നിർദേശിക്കുന്നവരും ഉണ്ട്. എല്ലാ തെരുവ് നായ്ക്കൾക്കും ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുന്നത് മുംബൈയിൽ പോലും പ്രായോഗികമല്ല. വാർഡ് തലത്തിൽ വന്ധ്യംകരണ യൂനിറ്റുകൾ സ്ഥാപിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരമെന്ന് ‘നുസ്കി’ (ഹ്യുമാനിറ്റി) എന്ന എൻ.ജി.ഒയുടെ സ്ഥാപകനായ സന്ദേശ് കൊളാപ്തെ പറഞ്ഞു. മുനിസിപ്പൽ കോർപ്പറേഷനുകൾ വേഗത്തിൽ പ്രവർത്തിച്ചാൽ പ്രശ്നം ഫലപ്രദമായി പരിഹരിക്കാൻ കഴിയും. തെരുവുനായ്ക്കളെ ഷെൽട്ടറുകളിൽ പാർപ്പിക്കുന്നത് അവയെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. പല നായ്ക്കളും ഭക്ഷണം കഴിക്കുന്നത് നിർത്തും. ഷെൽട്ടറുകളുടെ പരിമിതമായ എണ്ണവും അടിസ്ഥാന സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണികളുടെയും ഉയർന്ന ചെലവും കണക്കിലെടുക്കുമ്പോൾ എത്രയെണ്ണം നായ്ക്കളെ ഇങ്ങനെ മാറ്റാൻ കഴിയും? സ്ഥലം മാറ്റുന്നതിനുപകരം, ശാശ്വത പരിഹാരത്തിനായി മുംബൈ കോർപറേഷൻ അതിന്റെ വന്ധ്യംകരണ പരിപാടി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് കൊളാപ്തെ ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ ഒരു ദശകത്തിനിടെ മുംബൈയിൽ തെരുവ് നായ്ക്കളുടെ എണ്ണത്തിൽ കുറവുണ്ടായതായി ബി.എം.സി സർവേ കാണിക്കുന്നു. വന്ധ്യംകരണത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത് തെരുവ് നായ്ക്കളുടെ എണ്ണം സ്ഥിരപ്പെടുത്താൻ സഹായിച്ചു. 2014ൽ ഈ എണ്ണം 95,000 ആയിരുന്നു. സമീപകാല സർവേകൾ കാണിക്കുന്നത് ഇത് 90,000 ആയി കുറഞ്ഞുവെന്നാണ്. വന്ധ്യംകരണത്തിന് പുറമേ, നായ്ക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പൊതുജന അവബോധം, കൂട്ട റാബിസ് വാക്സിനേഷൻ ഡ്രൈവുകൾ, വളർത്തുമൃഗ ലൈസൻസിങ് തുടങ്ങിയ സമാന്തര ഇടപെടലുകളും നടപ്പിലാക്കുന്നുണ്ട് -വെറ്ററിനറി ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ ജനറൽ മാനേജർ ഡോ. കലംപാഷ പത്താൻ പറഞ്ഞു.
2024ൽ ബി.എം.സി ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യ (എച്ച്.എസ്.ഐ)യുമായി സഹകരിച്ച് നടത്തിയ ഒരു സർവേയിൽ, കഴിഞ്ഞ 29 വർഷത്തിനിടെ മുംബൈയിൽ 4.3 ലക്ഷം തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. അതിനാൽ കഴിഞ്ഞ ദശകത്തിൽ ഇവയുടെ സംഖ്യ 95,172ൽ നിന്ന് 90,757 ആയി കുറഞ്ഞു. വന്ധ്യംകരിച്ച നായ്ക്കളിൽ 76ശതമാനം അതിജീവിച്ചതായും 24ശതമാനം 29 വർഷത്തെ കാലയളവിൽ മരിച്ചതായും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.