ന്യൂഡൽഹി: വിചാരണ നേരിടുന്നവരെയോ ഗുരുതര കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവരെയോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമോ വിചാരണയുടെ ഏത് ഘട്ടത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടയാളെ അയോഗ്യരാക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുന്ന ഹരജിയിൽ അടിയന്തര വാദംകേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. വേനലവധിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ വാദത്തിനായി മൂന്നു കേസുകൾ ഇപ്പോൾതന്നെ നിശ്ചയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകനും ഡൽഹി ബി.ജെ.പി വക്താവുമായ അശ്വനികുമാർ ഉപാധ്യായയുടെ ഹരജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
കേസിൽ വാദം കേൾക്കാൻ അഞ്ചംഗ ബെഞ്ച് രൂപവത്കരിക്കണമെന്നായിരുന്നു ഉപാധ്യായയുടെ ആവശ്യം. ഇത് രാജ്യത്തെ ജനാധിപത്യത്തെ സംബന്ധിച്ച ഗൗരവമേറിയ വിഷയമാണെന്നും അതിന് പ്രത്യേക ബെഞ്ചിന് രൂപം നൽകുമെന്നും അതിനുശേഷം വാദം കേൾക്കൽ പൂർത്തിയാകാൻ മൂന്നുദിവസത്തിലേറെ എടുക്കില്ലെന്നുമാണ് കോടതി ഉറപ്പുനൽകിയെതന്ന് ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. വിധിയെഴുത്തിന് എത്രത്തോളം സമയവും അധ്വാനവും ആവശ്യമാണെന്ന് സങ്കൽപിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, ഭരണഘടന ബെഞ്ചിന് രൂപം നൽകി വിഷയത്തിന് തീർപ്പ് കൽപിക്കൽ സമീപഭാവിയിൽ ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
ജനുവരി അഞ്ചിന് കേസിൽ വാദം കേൾക്കാൻ ഭരണഘടന ബെഞ്ച് രൂപവത്കരിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ, അത് പ്രശ്നത്തിന് അടിയന്തര പരിഹാരമാകില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വ്യാജപരാതികൾ വരാൻ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
ഉപാധ്യായയടക്കം ഫയൽ ചെയ്ത സമാനവിഷയത്തിലെ ഹരജികൾ കഴിഞ്ഞവർഷം മാർച്ച് എട്ടിന് മൂന്നംഗ ബെഞ്ച് ചീഫ് ജസ്റ്റിസ് ഖെഹാറിെൻറ ബെഞ്ചിലേക്ക് കൈമാറിയിരുന്നു. ഇൗ വിഷയങ്ങൾ പരിഗണിക്കേണ്ടത് വിപുല ബെഞ്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികൾ കൈമാറിയത്. ഗുരുതരമായ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് നിലവിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ട്. ശിക്ഷിക്കപ്പെട്ടാൽ തെരഞ്ഞെടുക്കപ്പെട്ടയാൾ അയോഗ്യനാവുകയും ചെയ്യും. മുൻ തെരഞ്ഞെടുപ്പ് കമീഷണർ െജ.എം. ലിങ്ദോയും ഇതേ വിഷയത്തിൽ ഹരജി നൽകിയിട്ടുണ്ട്. അതേസമയം, മൂന്നംഗബെഞ്ച് വിപുല ബെഞ്ചിന് ഹരജികൾ കൈമാറിയെങ്കിലും ഇപ്പോഴും വിപുല ബെഞ്ച് രൂപവത്കരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.