ബലാത്സംഗക്കേസ്: ആര്‍.ജെ.ഡി എം.എല്‍.എയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സസ്പെന്‍ഷനിലായ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലഭ് യാദവിന് പട്ന ഹൈകോടതി അനുവദിച്ച ജാമ്യം വ്യാഴാഴ്ച സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. സപര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍െറതാണ് തീരുമാനം. യാദവിന്‍െറ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സര്‍ക്കാര്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് നല്‍കിയ ഹരജിയിലാണ് വിധി.

പട്ന ഹൈകോടതി അനുവദിച്ച ജാമ്യം ഈ മാസം എട്ടിന് താല്‍ക്കാലികമായി റദ്ദാക്കിയ ശേഷം ബിഹാര്‍ വിചാരണകോടതിക്കു മുന്നില്‍ ഹാജരാവാനും കേസില്‍ ഇടപെടരുതെന്നും സുപ്രീംകോടതി യാദവിനോട് ആവശ്യപ്പെട്ടിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനും വിചാരണകോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി ആറിന് ബിഹാര്‍ ശരീഫിലുള്ള തന്‍െറ വസതിയില്‍വെച്ച് പെണ്‍കുട്ടിയെ യാദവ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഒളിവിലായിരുന്ന യാദവ് തന്‍െറ സ്വത്തു കണ്ടുകെട്ടാനുള്ള പൊലീസ് നടപടിയെ തുടര്‍ന്ന് പ്രാദേശിക കോടതിയില്‍ ഹാജരാവുകയായിരുന്നു. ഫെബ്രുവരി 14നാണ് ആര്‍.ജെ.ഡി യാദവിനെ സസ്പെന്‍ഡ് ചെയ്തത്.

 

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.