ന്യൂഡൽഹി: തെഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടികയിൽ നിന്ന് പേരു വെട്ടിമാറ്റിയതുകൊണ്ട് ഒരു വ്യക്തി ഇന്ത്യൻ പൗരനല്ല എന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി. എസ്.ഐ.ആർ ശരിവെച്ചുകൊണ്ട് പുറപ്പെടുവിച്ച സുപ്രധാന വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വിശദീകരിച്ചത്.
"വോട്ടർപട്ടികയിൽ നിയമപരമായി ഒരാളുടെ പേരു ചേർക്കുന്നതിനാവശ്യമായ വ്യവസ്ഥകളുടെ കാര്യത്തിൽ കമീഷൻ തൃപ്തരല്ല എന്നേ പറയാനാവൂ. അതിനായുള്ള പൗരത്വ നിർണയവും പരിമിതമാണ്. ഇത് വോട്ടർപട്ടികയിൽ ഉൾപ്പെടാനും അതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാകാനുമുള്ള ഒരു വ്യക്തിയുടെ അവകാശത്തെ മാത്രം ബാധിക്കുന്നതാണ്. അതേസമയം പൗരനെന്ന നിലക്ക് ഒരു വ്യക്തിയുടെ മറ്റ് അവകാശങ്ങൾ ഹനിക്കാൻ ഇതിടയാക്കരുത്. പൗരത്വ നിയമപ്രകാരം പൗരത്വവുമായി ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പിലുള്ള ഒരാളുടെ കേസിനെ ബാധിക്കുകയുമരുത്."-കോടതി കൂട്ടിച്ചേർത്തു.
ഇതിനു പുറമെ, ബിഹാറിൽ പൗരത്വത്തിൽ സംശയം തോന്നി എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയവരുടെ പൗരത്വം നിർണയിച്ച ശേഷം മാത്രം വോട്ടർപട്ടികയിൽ ചേർത്താൽ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിനായി വെട്ടിമാറ്റപ്പെട്ടവരുടെ പേരുകൾ നാലാഴ്ചക്കകം കേന്ദ്ര സർക്കാറിന് സമർപ്പിക്കണമെന്നും ഉത്തരവിട്ടു. 1955ലെ പൗരത്വ നിയമ പ്രകാരം ഇവരുടെ പൗരത്വം തീർപ്പാക്കാനാണ് ഈ നിർദേശമെന്നും ചീഫ് ജസ്റ്റിസ് സുര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
വെട്ടിമാറ്റിയവരുടെ ഇനി വരുന്ന ആദ്യ തെരഞ്ഞെടുപ്പിന് (അത് നിയമസഭാ തെരഞ്ഞെടുപ്പാകട്ടെ പഞ്ചായത്ത് തെരഞ്ഞെടുപ്പാകട്ടെ) മുമ്പ് ഇവരുടെ പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കണമെന്നും എല്ലാ പ്രക്രിയയും നിയമപ്രകാരമായിരിക്കണമെന്നും വെട്ടിമാറ്റപ്പെട്ടവർക്ക് നോട്ടീസ് നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വെട്ടിമാറ്റപ്പെട്ടവർ ഇന്ത്യൻ പൗരന്മാരാണെന്ന് കണ്ടെത്തിയാൽ അവരുടെ പേരുകൾ വോട്ടർപട്ടികയിൽ ചേർക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് കോടതി നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.