തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കേരളത്തിലെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കേരളത്തിലെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി. കൊച്ചി, കൊല്ലം, തൃശൂർ, കോഴിക്കോട് എന്നീ കോർപറേഷനുകളെയാണ് കേസിലെ കക്ഷികളുടെ പട്ടികയിൽ നിന്ന് കോടതി ഒഴിവാക്കിയത്. കേരളം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കോർപറേഷനുകൾക്ക് പുറമെ ഏതാനും ഗ്രാമപഞ്ചായത്തുകളെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ആറ് കോർപറേഷനുകളാണ് സംസ്ഥാന സർക്കാർ നൽകിയ ഹരജികൾ എതിർകക്ഷിയായിരുന്നത്. തിരുവനന്തപുരം കണ്ണൂർ കോർപറേഷനുകൾ മാത്രമാണ് കേസിൽ അഭിഭാഷകരെ ഹാജരാക്കാൻ ചുമതലപ്പെടുത്തിയിരുന്നത്. മറ്റ് നാല് കോർപറേഷനുകളും നോട്ടീസ് ലഭിച്ചിട്ടും തുടർ നടപടിയെടുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ സ്റ്റാന്‍റിങ് കൗൺസൽ സി.കെ ശശി കോടതിയെ അറിയിച്ചു.

കോര്‍പറേഷന്റെയും പഞ്ചായത്തുകളുടെയും താത്പര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുന്ന സാഹചര്യത്തിലാകും അവർ മറുപടി നല്‍കാത്തതെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും, കെ.വി. വിശ്വനാഥും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിവിധ കേസുകളിലെ കക്ഷികള്‍ക്ക് ഡിസംബര്‍ 15ന് മുമ്പ് രേഖകള്‍ കൈമാറിയ ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അല്ലാത്തപക്ഷം അത്തരം ഹരജികള്‍ ഒഴികെയുള്ളവയില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.

ജനുവരി പത്തിനാണ് ഹരജികള്‍ ഇനി സുപ്രീം കോടതി പരിഗണിക്കുക. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കൗണ്‍സല്‍ സി.കെ. ശശിയാണ് സുപ്രീം കോടതിയില്‍ ഹാജരായത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തത്തിന് വേണ്ടി മുതിർന്ന അഭിഭാഷകരായ പി.വി സുരേന്ദ്ര നാഥ്, അഭിഭാഷകരായ കെ.ആർ സുഭാഷ് ചന്ദ്രൻ, ബിജു പി. രാമൻ എന്നിവർ ഹാജരായി. തിരുവനന്തപുരം കോർപറേഷന് വേണ്ടി എം.ആർ രമേശ് ബാബുവാണ് ഹാജരായത്.

Tags:    
News Summary - Supreme court removes four corporations in stray dog case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.