ന്യൂഡൽഹി: ബി.ജെ.പി നേതാവ് സൊനാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് ഗോവയിലെ കുർലീസ് ഹോട്ടൽ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. ഇന്ന് രാവിലെയാണ് ഹോട്ടൽ പൊളിക്കാനുള്ള നീക്കങ്ങൾ അധികൃതർ ആരംഭിച്ചത്. കോടതി ഉത്തരവിന് പിന്നാലെ പൊളിക്കൽ നടപടികൾ നിർത്തിവെച്ചു. ഹോട്ടൽ പൊളിക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി തീർപ്പാക്കുന്നത് വരെ ഹോട്ടൽ അടച്ചിടണെന്ന് കോടതി ഉത്തരവിട്ടു. സെപ്റ്റംബർ 16ന് വാദം കേൾക്കുന്നതിനായി കേസ് മാറ്റിവെച്ചു.
കോസ്റ്റൽ റെഗുലേഷൻ സോൺ (സി.ആർ.സെഡ്) മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഹോട്ടൽ പൊളിച്ച് മാറ്റാനുള്ള നീക്കങ്ങൾ ഗോവ സർക്കാർ നേരത്തെ ആരംഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ദേശീയ ഹരിത ട്രൈബ്യൂണലിൽ നിന്നോ എൻ.ജി.ടിയിൽ നിന്നോ റസ്റ്റോറന്റ് ഉടമക്ക് ഇളവ് ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് രാവിലെ ഹോട്ടൽ പൊളിച്ചു നീക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന് ഹോട്ടൽ പൊളിക്കണമെന്ന ഗോവ തീരദേശ പരിപാലന അതോറിറ്റിയുടെ മുൻ ഉത്തരവ് വ്യാഴാഴ്ച ഹരിത ട്രൈബ്യൂണൽ ശരിവച്ചിരുന്നു.
ഹോട്ടലിന് പുറത്ത് ഇന്ന് രാവിലെ മുതൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. തീരദേശ നിയന്ത്രണ മേഖലാ മാനദണ്ഡങ്ങൾ ലംഘിച്ച് നോ ഡവലപ്‌മെന്റ് സോണിൽ നിർമിച്ച ഹോട്ടൽ പൊളിക്കുന്നതിന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പൊലീസും രാവിലെ 7.30 ഓടെ ബീച്ചിലെത്തി.
മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഈ ഹോട്ടലിലെ ഒരു പാർട്ടിയിൽ സൊനാലി ഫോഗട്ട് പങ്കെടുത്തിരുന്നു. സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലുപേരിൽ ഹോട്ടലുടമ എഡ്വിൻ നൂൺസും ഉൾപ്പെടുന്നു. പിന്നീട് ഇയാൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. സൊനാലിയുടെ കൂടെയുണ്ടായിരുന്നവർ ഹോട്ടലിൽ വെച്ച് അവർക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് ആഗസ്റ്റ് 23ന് സൊനാലിയെ ആശുപത്രിയിൽ പ്രവേശിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ആദ്യത്തെ റിപ്പോർട്ട്. പിന്നീട് മരണത്തിൽ സംശയുമുണ്ടെന്നാരോപിച്ച് കുടുംബം പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.