ന്യൂഡൽഹി: നിയമകാര്യങ്ങളിലും കേസുകളിലും കക്ഷികൾക്ക് വിദഗ്‌ധ നിയമോപദേശങ്ങൾ നൽകുന്ന അഭിഭാഷകരെ അന്വേഷണ ഏജൻസികൾക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് ഉത്തരവിറക്കി സുപ്രീംകോടതി. കക്ഷികളുമായി നടത്തിയ രഹസ്യ സംഭാഷണങ്ങളോ ആശയ വിനിമയങ്ങളോ, അവർക്ക് നൽകിയ നിയമോപദേശങ്ങളോ രേഖകളോ, കക്ഷികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ, വെളിപ്പെടുത്താൻ അഭിഭാഷകരെ നിർബന്ധിക്കാന്‍ പാടില്ലെന്ന് സെക്ഷൻ 132 വ്യക്തമാക്കുന്നുണ്ട്.
അഭിഭാഷകരിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്താൽ, വിചാരണ കോടതിയിൽ കേസിലെ കക്ഷികളുടെയും അവരുടെ അഭിഭാഷകരുടെയും സന്നിധ്യത്തിൽ മാത്രമാണ് അവ തുറന്നു പരിശോധിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2023ലെ ഭാരതീയ ന്യായ് സംഹിത (ബി.എസ്.എ) യിലെ സെക്ഷൻ 132ൽ വിവരിച്ചിരിക്കുന്ന പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ കേസിലെ കക്ഷികളുടെ അഭിഭാഷകർക്ക് സമൻസ് അയക്കാനാകൂ. പൊലീസ് സൂപ്രണ്ടിന്‍റെ പദവിയിൽ താഴെയല്ലാത്ത ഒരു മേലുദ്യോഗസ്ഥൻ പരിശോധിച്ച് തിട്ടപ്പെടുത്തുകയും വേണം.
അന്വേഷണ ഏജൻസികൾ സമൻസ് അയക്കുന്നുണ്ടെങ്കിൽ അത് പ്രതിയുടെ മൗലികാവകാശത്തെയോ, അവർ തങ്ങളുടെ അഭിഭാഷകരിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെയോ ലംഘിച്ചുകൊണ്ടാകരുതെന്ന് കോടതി ഓർമിപ്പിച്ചു. കക്ഷികൾക്ക് നിയമോപദേശം നൽകിയെന്ന കാരണത്താൽ രണ്ട് മുതിർന്ന അഭിഭാഷകർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചതിനെ തുടർന്ന് അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു.
സുപ്രീംകോടതി ബാർ അസോസിയേഷനടക്കം വിഷയം ഉന്നയിച്ചതോടെ പരമോന്നത കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ സുപ്രധാന ഉത്തരവ്. പ്രഫഷനൽ ജോലിക്കപ്പുറമുള്ള പ്രവൃത്തിയിൽ ഏർപ്പെട്ടാൽ അത് കുറ്റകൃത്യമാണെന്നും, മറ്റുള്ളവരുടെ കാര്യത്തിലെന്ന പോലെ നിയമം അഭിഭാഷകർക്കും ബാധകമാണെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.