ഭഗവന്ത് മന്‍
ഛണ്ഡീഗഢ്: തെരുവുനായ വിഷയത്തിൽ സുപ്രീ കോടതി ഉത്തരവിനെചൊല്ലിയുള്ള പഞ്ചാബ് മുഖ‍്യമന്ത്രി ഭഗവന്ത് മന്നിന്‍റെ പ്രസ്താവനക്കെതിരെ വിമർശനം. കുട്ടികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായ തെരുവ്നായ്ക്കളെയും അപകടകാരികളായ നായ്ക്കളെയും ഇല്ലാതാക്കാൻ സംസ്ഥാനം നടപടി തുടങ്ങുമെന്നും സുപ്രീം കോടതിയുടെ ഈ തീരുമാനത്തിന് നന്ദി പറയുന്നതായും ഭഗവന്ത്മന്‍ സമൂഹമാധ‍്യമപോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
പോസ്റ്റിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും മൃഗസംരക്ഷകരും രംഗത്തെത്തി. മുഖ്യമന്ത്രി കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ഇരു കൂട്ടരും ആരോപിച്ചു. വിഷയത്തിൽ ചീഫ് ജസ്റ്റിസിന് താന്‍ കത്തയച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ അറിയിച്ചു . സുപ്രീം കോടതി ഉത്തരവിനെ മുഖ‍്യമന്ത്രി പരസ്യമായി തെറ്റായി ചിത്രീകരിച്ചുവെന്നാണ് തജീന്ദറിന്‍റെ ആരോപണം.
ശരിയായ വെറ്ററിനറി പരിശോധനയ്ക്ക് ശേഷവും നിയമവിധേയമായും പേവിഷബാധയുള്ളതോ, സുഖപ്പെടുത്താനാകാത്തവിധം രോഗബാധിതരായതോ, അല്ലെങ്കിൽ അപകടകാരികളാണെന്ന് തെളിയിക്കപ്പെട്ടതോ ആയ തെരുവുനായകളുടെ കാര്യത്തിൽ മാത്രമാണ് നിയമപരമായ നടപടികൾക്ക് കോടതി അനുമതി നൽകിയതെന്നും അല്ലാതെ അവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം ഊന്നിപറഞ്ഞു. പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കതാരി, മുന്‍ എം.എൾ.എയും ഡോക്ടറുമായ നവ്ജ്യോത് കൗർ സിദ്ധു തുടങ്ങിയവർ ഭഗവന്ത് മന്നിന്‍റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.