ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലും ഒാൺലൈനിലും നടത്തുന്ന പ്രതികരണങ്ങളുടെയും വിമർശനങ്ങളുടെയും പേരിൽ ജയിൽശിക്ഷ നൽകുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് പ്രയോഗിക്കുന്നത് ഇനിയും തുടരാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2015ൽ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച് റദ്ദാക്കിയ വിവര സാേങ്കതിക വിദ്യ (ഐ.ടി) നിയമത്തിലെ 66 എ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് അറുതി വരുത്താൻ സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
വിഷയം കോടതികളുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും പൊലീസ് കൂടി ഉൾപ്പെട്ടതാണെന്നും പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി വ്യക്തമാക്കി. അതുകൊണ്ട് കാര്യങ്ങൾ പാകപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാറുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഹൈകോടതി രജിസ്ട്രാർമാർക്കും നോട്ടീസ് അയക്കുകയാണ്.
ഇത്തരം കേസുകളുടെ തൽസ്ഥിതിയെന്താണെന്ന് ഹൈകോടതി രജിസ്ട്രാർമാരും സംസ്ഥാനങ്ങളും നാലാഴ്ചക്കകം അറിയിക്കണം. പൊലീസ് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലായതിനാൽ ഹരജിക്കാർ സംസ്ഥാനങ്ങളെക്കൂടി കക്ഷി ചേർത്താൽ മാത്രമേ സമഗ്രമായ ഉത്തരവിറക്കാൻ കഴിയൂ എന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് ഇനിയും തുടരാൻ അനുവദിക്കാനാവാത്തതിനാൽ ശരിയായ ഉത്തരവ് ഉണ്ടാേകണ്ടതുണ്ട് എന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊലീസ് സംസ്ഥാന വിഷയമായതിനാൽ സുപ്രീംകോടതി 66 എ റദ്ദാക്കിയ വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാനങ്ങൾക്കാണെന്ന് േകന്ദ്ര സർക്കാർ ബോധിപ്പിച്ചു. സുപ്രീംകോടതി റദ്ദാക്കിയ 2015ലെ ഐ.ടി നിയമത്തിലെ 66 എ വകുപ്പു പ്രകാരം രാജ്യത്ത് 1300ലേറെ കേസുകൾ രജിസ്റ്റർ ചെയ്െതന്ന് പി.യു.സി.എൽ അഭിഭാഷകൻ അറിയിച്ചപ്പോൾ ഇതു ഞെട്ടിക്കുന്നതും, അമ്പരപ്പിക്കുന്നതും, ഭീതിജനകവുമാണെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കേരളത്തിലെ അഡ്വ. അനൂപ്, ഡൽഹിയിലെ അഡ്വ.ശ്രേയ സിംഗാൾ എന്നിവർ സമർപ്പിച്ച ഹരജികളിലാണ് സുപ്രീംകോടതി 66 എ വകുപ്പ് റദ്ദാക്കിയത്.
എന്നാൽ, ഇതിനു ശേഷവും ഇതേ വകുപ്പ് പൊലീസ് ചുമത്തുന്നത് പി.യു.സി.എൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയായിരുന്നു.
66 എ
വകുപ്പ്ഓൺലൈനിൽ കുറ്റകരമായ രീതിയിൽ കമൻറ് ചെയ്യുന്നവർക്കെതിരെ ശിക്ഷ നൽകുന്ന ഐ.ടി നിയമത്തിലെ വകുപ്പാണ് 66എ. ഇലക്ട്രോണിക് മാധ്യമത്തിലൂടെ കുറ്റകരമായതോ ഭയപ്പെടുത്തുന്നതോ അപമാനിക്കുന്നതോ വ്യാജമായതോ ആയ സന്ദേശം അയക്കുന്നവർക്ക് തടവുശിക്ഷ നൽകുന്നതാണ് 66 എ വകുപ്പ്. ഇതനുസരിച്ച് മൂന്നു വർഷം വരെ തടവും പുറമെ പിഴയും വിധിക്കാനാകും. 2015ൽ ശ്രേയ സിംഗാൾ കേസിലാണ് 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. അവ്യക്തവും ഏകപക്ഷീയവുമായ നിയമമാണെന്ന് പറഞ്ഞാണ് ഇത് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.