ന്യൂഡല്‍ഹി: സ്ത്രീധനത്തിെൻറ പേരിലും മറ്റുമുള്ള ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 498 (എ) പ്രകാരം നല്കുന്ന പരാതിയില്‍ ഉടൻ അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിേശാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജില്ലതലത്തില്‍ രൂപവത്കരിക്കുന്ന കുടുംബക്ഷേമ സമിതികള്‍ പരിശോധിച്ചതിനുശേഷം മാത്രമേ ഇത്തരം കേസുകളില്‍ അറസ്റ്റ് നടത്താവൂവെന്ന വിധി വനിത സംഘടനകളുടെ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
പ്രസ്തുത വിധിയോട് യോജിപ്പില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. കോടതിക്ക് നിയമം എഴുതിയുണ്ടാക്കാനാവില്ല. അതിനെ വ്യാഖ്യാനം ചെയ്യാനേ കഴിയൂവെന്നും ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു. കേസിൽ കോടതിയെ സഹായിക്കാൻ അഡ്വ. വി. ശേഖറിനെ അമിക്കസ് ക്യൂറിയായി നിയമിച്ച സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. ന്യായാധാർ എന്ന സർക്കാറിതര സന്നദ്ധ സംഘടന സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി.
ഗാര്‍ഹിക പീഡനം തടയുന്നതിനുള്ള നിയമത്തില്‍ ക്രിമിനല്‍ നടപടി പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമം 498-എ ഉള്‍പ്പെടുത്തിയത് പുരുഷന്മാർക്കെതിരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് വിവാദ ഉത്തരവിറക്കിയത്. തുടർന്ന് ഇത്തരം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശവും ഇൗ ബെഞ്ച് പുറപ്പെടുവിച്ചു.
ഭര്‍ത്താവിെൻറയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് സ്ത്രീകള്‍ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ സംഭവിച്ചാല്‍ സ്വീകരിക്കേണ്ട നടപടിയായാണ് ഗാര്‍ഹിക പീഡനം തടയുന്ന നിയമത്തില്‍ ക്രിമിനല്‍ നടപടിച്ചട്ടം ഉള്‍പ്പെടുത്തിയതെന്നും എന്നാൽ, ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ ഗാര്‍ഹിക പീഡനം ആരോപിച്ച് പരാതി നല്‍കിയാലുടന്‍ അറസ്റ്റ് നടത്തുന്നതാണ് സംഭവിക്കുന്നതെന്നും വിധിയിൽ ബെഞ്ച് കുറ്റെപ്പടുത്തിയിരുന്നു.
ഇതു മുന്നില്‍ക്കണ്ട് വ്യാജമായി പരാതി നല്‍കുന്നതും വളരെയധികമായിട്ടുണ്ടെന്നും ഇത്തരം ദുരുപയോഗങ്ങള്‍ തടയേണ്ടതുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. അതിനായി പരാതികള്‍ യഥാര്‍ഥമാണോ എന്നു കണ്ടെത്താന്‍ ജില്ലതലങ്ങളില്‍ കുടുംബക്ഷേമത്തിനായി പുതിയ സമിതികള്‍ രൂപവത്കരിക്കേണ്ടതുണ്ടെന്നും അതിെൻറ തീരുമാനങ്ങള്‍ക്കെതിരെ വിചാരണക്കോടതിയിലും ഹൈകോടതിയിലും ആരോപിതര്‍ക്കു തങ്ങളുടെ വാദം ഉന്നയിക്കാന്‍ അവസരമുണ്ടാകേണ്ടതുണ്ടെന്നും സുപ്രീംകോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.