മിർവായിസ് ഉമർ ഫാറൂഖ്

​എക്സ് പേജിൽനിന്നും ഹുർറിയത്ത് ചെയർമാൻ പദവി നീക്കി; പിന്നാലെ മിർവായിസ് ഉമർ ഫാറൂഖ് വീട്ടു തടങ്കലിൽ

ശ്രീനഗർ: കശ്മീർ ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും വീട്ടുതടങ്കലിലാക്കി കശ്മീർ പൊലീസ്. വെള്ളിയാഴ്ച ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദിൽ ജമുഅ ഖുതുബ നിർവഹിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് വീട്ടുതടങ്കലിലാക്കിയതെന്ന് മിർവായിസ് മൻസിൽ ‘എക്സ്’ പോസ്റ്റിലൂടെ അറിയിച്ചു.

മിവായിസ് ഉമർ ഫാറൂഖിന്റെ ‘എക്സ്’ അക്കൗണ്ടിൽ നിന്നും ഓൾ പാർട്ടി ഹുർറിയത്ത് കോൺഫറൻസ് ചെയർമാൻ പദവി നീക്കം ചെയ്തതായി കഴിഞ്ഞ ദിവസം വാർത്തവന്നിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച വീട്ടുതടങ്കലിൽ ആക്കിയെന്ന റി​പ്പോർട്ടും എത്തുന്നത്. രണ്ടു ലക്ഷത്തോളം പേർ പിന്തുടരുന്ന മിർവായിസിന്റെ ഔദ്യോഗിക ‘എക്സ്’ പേജിൽ നിന്നാണ് ഹുർറിയത് ചെയർമാൻ എന്ന ​പദവി ഒഴിവാക്കിയത്.

ശ്രീനഗറിലെ പ്രധാന നേതാക്കളിൽ ഒരാളായ മിർവായിസ് ഉമർ ഫാറൂഖിനെ വീട്ടു തടങ്കലിൽ ആക്കുന്നത് പുതുമയല്ല. നേരത്തെയും വിവിധ കാലങ്ങളിൽ കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിനൊപ്പം ഇദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി. വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തോടൊപ്പം, മിർവായിസ് ഫൗണ്ടേഷൻ കലണ്ടർ പ്രകാശനം ഉൾപ്പെടെ പരിപാടികളിലും ഇദ്ദേഹം പ​ങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു.

​അതേസമയം, അധികൃതരുടെ സമ്മർദത്തെ തുടർന്നാണ് എക്സ് ​പേജിൽ നിന്നും ഹുർറിയത്ത് ചെയർമാൻ പദവി നീക്കം ചെയ്തതെന്ന് മിർവായിസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു.

മിർവായിസ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ ഹുർറിയത്ത് കോൺഫറൻസിലെ എല്ലാ ഘടകങ്ങൾക്കും യു.എ.പി.എ നിയമപ്രകാരം നിരോധനമേർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ അക്കൗണ്ട് വിലക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടർന്നാണ് ചെയർമാൻ പദവി ഒഴിവാക്കിയതെന്ന് മിർവയിസ് ഫാറൂഖ് വ്യക്തമാക്കി.

പൊതു ഇടങ്ങളും ആശയവിനിമയ മാർഗങ്ങളും കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുമായി ബന്ധപ്പെടാനും കാഴ്ചപ്പാടുകൾ പുറം ലോകവുമായി പങ്കുവെക്കാനുമുള്ള ചുരുക്കം മാർഗം എന്ന നിലയിൽ ‘ഹോബ്‌സൺ ചോയ്സ്’ എന്ന പോലെ നിർബന്ധപൂർവം അധികൃതരുടെ സമ്മർദത്തിന് വഴങ്ങി പ്രൊഫൈൽ എഡിറ്റ് ചെയ്തതായും അദ്ദേഹം ‘എക്സ്’ പേജിൽ കുറിച്ചു.

Tags:    
News Summary - Mirwaiz Umar Farooq placed under house arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.