മൻമോഹൻ സിങ് എല്ലാവരെയും ഉൾക്കൊണ്ട ശക്തമായ ഇന്ത്യയെ കെട്ടിപ്പടുത്ത നേതാവ് -ഖാർഗെ

ന്യൂഡൽഹി: ഇന്ത്യയുടെ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ചരമ വാർഷികത്തിൽ ആദരാഞ്ജലികൾ അർപിച്ച് കോൺഗ്രസ്.  ‘എല്ലാവരെയും ഉൾക്കൊണ്ട ശക്തമായ ഇന്ത്യയെ കെട്ടിപ്പടുത്ത നേതാവാണ് മൻമോഹൻ സിങ്ങെന്ന്’ കോൺഗ്രസ് അനുസ്മരിച്ചു.  അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തികപാത പുനഃർനിർമിച്ചു. സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചു. ധാരാളം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചെന്നും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അദ്ദേഹത്തിന്റെ വിനയം, സത്യസന്ധത, പാരമ്പര്യം എന്നിവ ഭാവിതലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന വികസനവും ഏറ്റവും ആവശ്യമുള്ളവക്ക് ക്ഷേമപദ്ധതികളും അദ്ദേഹം അന്തസോടെയും അനുകമ്പയോടെയും നടപ്പിലാക്കിയിട്ടുണ്ടെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

അക്കാദമിഷ്യനായ മൻമോഹൻ സിങ് നാല് പതിറ്റാണ്ടുകളോളം ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി തുടങ്ങി റിസർവ് ബാങ്കിലേക്കും ആസൂത്രണ കമീഷനിലേക്കും നീങ്ങി. ഒടുവിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിലൊന്നിൽ ഇന്ത്യയുടെ കേന്ദ്ര ധനമന്ത്രിയായി നിയമിതനായി. സാമ്പത്തിക പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകി.

ഒരു ദശാബ്ദക്കാലം പ്രധാനമന്ത്രിയായിരുന്നു സിങ്. പൊതുജീവിതത്തിലെ തന്റെ ദീർഘകാല പ്രവർത്തനത്തിനിടയിൽ, മൃദുഭാഷിയായ സിങ് മൗനം പാലിച്ചതിന് പലപ്പോഴും പ്രതിപക്ഷത്താലും വിമർ​ശകരാലും പരിഹസിക്കപ്പെട്ടു. സംസാരിക്കു​മ്പോൾ അദ്ദേഹം ബോധ്യത്തോടെ സംസാരിച്ചു.

എക്കാലത്തും പ്രസക്തമായ വിഷയങ്ങളെക്കുറിച്ചുള്ള സിങ്ങിന്റെ ചില നിരീക്ഷണങ്ങൾ വായിക്കാം:

1 ‘ഇന്ത്യയെക്കുറിച്ച് നെഹ്‌റുവിന് ഒരു മഹത്തായ ദർശനം ഉണ്ടായിരുന്നു’

ഇന്ത്യയെ വ്യവസായവൽക്കരിക്കുക, നഗരവൽക്കരിക്കുക എന്നതായിരുന്നു നെഹ്റുവിന്റെ മൂല്യവത്തായ ദർശനം. ഈ പ്രക്രിയ വഴി നമ്മൾ ഒരു പുതിയ സമൂഹം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.  കൂടുതൽ യുക്തിസഹവും, കൂടുതൽ മാനുഷികവും, ജാതി, മത വികാരങ്ങൾ കുറഞ്ഞതുമായ ഒരു സമൂഹം. അതായിരുന്നു നെഹ്‌റുവിന് ഉണ്ടായിരുന്ന മഹത്തായ ദർശനം.’ 
( 2001 ഫെബ്രുവരി 6ന് പി.ബി.എസ് കമാൻഡിങ്ങിൽ പറഞ്ഞത്)

2 ‘ഒരു പ്രധാനമന്ത്രി ചരിത്രത്തെ കുറ്റപ്പെടുത്തരുത്’ 

പ്രധാനമന്ത്രിയുടെ സ്ഥാനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. ചരിത്രത്തെ കുറ്റപ്പെടുത്തുന്നതിനുപകരം  തെറ്റുകൾ തിരുത്താൻ പ്രധാനമന്ത്രി അന്തസ്സ് നിലനിർത്തണം. 10 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രവർത്തനങ്ങളിലൂടെ ഞാൻ സംസാരിച്ചു. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്താൻ ഞാനൊരിക്കലും അനുവദിച്ചില്ല. ഇന്ത്യയുടെ അഭിമാനത്തെ ഒരിക്കലും ദുർബലപ്പെടുത്തിയില്ല.  (2022 ഫെബ്രുവരി 17ന് ഒരു വിഡിയോ സന്ദേശത്തിൽ പറഞ്ഞത്)

3 ‘ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തമില്ലാതെ ജനാധിപത്യം അർത്ഥശൂന്യം’

‘ഇന്ന് നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പണശക്തിയും പേശീബലവും ദുർബലപ്പെടുത്തുന്നു എന്ന ആശങ്ക വ്യാപകമാണ്. ഇന്ന് തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം  ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ആക്രമിക്കാനുള്ള പ്രചാരണത്തിലൂടെയും, വർധിച്ചുവരുന്ന രാഷ്ട്രീയ അഴിമതിയിലൂടെയും, നിക്ഷിപ്ത താൽപര്യങ്ങൾ ഉള്ളവർ രാഷ്ട്രീയ പാർട്ടികളെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളെയും പിടിച്ചെടുക്കുന്നതിലൂടെയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.  ഭരണം സങ്കീർണ്ണമാണ്. അത് കുഴപ്പമുള്ളതാണ്. അത് മന്ദഗതിയിലായിരിക്കും. അതിന്റെ നേട്ടങ്ങൾ ദീർഘകാലത്തേക്കാണ്. അതിന് വളരെയധികം ക്ഷമ ആവശ്യമാണ്. എല്ലാറ്റിനുമുപരി, ജനാധിപത്യം എന്നത് പ്രത്യേകാവകാശമില്ലാത്ത ആളുകൾക്ക് ഭരണത്തിൽ നിർണായക ശബ്ദമുള്ള ഒരു സംവിധാനമാണ്.  അത് നഷ്ടപ്പെട്ടാൽ ജനാധിപത്യം അർഥശൂന്യമാകും. നാമെല്ലാവരും ഇടപെടണമെന്ന് മാത്രമല്ല, എല്ലാവർക്കും തുല്യ ശബ്ദം ഉറപ്പാക്കണമെന്നും ജനാധിപത്യം ആവശ്യപ്പെടുന്നു. 
(2018 ഏപ്രിൽ 11ന് പഞ്ചാബ് സർവകലാശാലയിൽ നടന്ന എസ്‌.ബി രംഗ്‌നേക്കർ സ്മാരക പ്രഭാഷണം)

4 ‘താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന മത-ജാതി കാർഡ് രാജ്യത്തിന് വിനാശകരം’

മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾക്ക് വോട്ട് ലഭിക്കുന്ന ഈ രാജ്യത്തെ സാഹചര്യം എങ്ങനെ വിശദീകരിക്കാൻ കഴിയും?  വർഗരഹിത സമൂഹത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ഭരണഘടന അംഗീകരിച്ച് 50 വർഷങ്ങൾക്ക് ശേഷവും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ സമൂഹം വളരെ മോശമായി വിഭജിക്കപ്പെട്ടിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ പല രാഷ്ട്രീയക്കാരും ഇടുങ്ങിയ വിഭാഗീയ കാരണങ്ങളാൽ വളരെ വിഭജന രാഷ്ട്രീയം പ്രയോഗിക്കുന്നു. തൽക്കാല​ത്തേക്ക് അത് നല്ലതായിരിക്കാം. പക്ഷേ, അത് നമ്മുടെ രാജ്യത്തിന് ഒരു വലിയ ദുരന്തത്തിലേക്ക നയിക്കും. പുറന്തള്ളൽ രാഷ്ട്രീയത്തിന് പകരം, ഉൾക്കൊള്ളുന്ന തരം രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്. 
(1999 ആഗസ്റ്റ് 25ന് ബി.ബി.സിയുടെ ‘ഹാർഡ് ടോക്ക് ഇന്ത്യ’യോട് സംസാരിക്കവെ പറഞ്ഞത്)

5 ‘ഇന്ത്യക്ക് ഒരു പുതിയ ശൈലിയിലുള്ള രാഷ്ട്രീയം ആവശ്യമാണ്. തുറന്നുപറച്ചിലിന്റെ രാഷ്ട്രീയം’

രാഷ്ട്രീയത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്ന് ഞാൻ പഠിച്ചു. എന്നാൽ വിട്ടുവീഴ്ചക്ക് ഒരു പരിധിയുണ്ട്. നിങ്ങളുടെ മനസ്സാക്ഷിയെ പണയപ്പെടുത്തി വിട്ടുവീഴ്ച ചെയ്താൽ, അതിന് നിങ്ങൾ ഒരു പരിധി വരക്കണമെന്ന് ഞാൻ കരുതുന്നു. രാജ്യസഭയിലായാലും ലോക്സഭയിലായാലും ആ പരിധി ലംഘിക്കാതിരിക്കാനുള്ള ധാർമിക ധൈര്യം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. 
ആ പരിധി എന്റെ സ്വന്തം മനസ്സാക്ഷി നിശ്ചയിച്ചതാണ്. നമുക്ക് ഒരു പുതിയ തരം രാഷ്ട്രീയം ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. തുറന്നുപറച്ചിലിന്റെ രാഷ്ട്രീയം. കാര്യങ്ങൾ അതേപടി ആളുകളോട് പറയുന്ന ഒരു രാഷ്ട്രീയം... കഴിഞ്ഞ 50 വർഷമായി, രാഷ്ട്രീയക്കാർ നമ്മുടെ ജനങ്ങളെ കളിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. രാഷ്ട്രീയക്കാർ പറയുന്നതും വാഗ്ദാനം ചെയ്യുന്നതും തമ്മിലുള്ള വിടവ് ഈ രീതിയിൽ വളർന്നാൽ അതിൽ വലിയ അപകടമുണ്ടെന്ന് ഞാൻ കരുതുന്നു.
(1999 ആഗസ്റ്റ് 25ന് ബി.ബി.സിയുടെ ‘ഹാർഡ് ടോക്ക് ഇന്ത്യ’യോട് സംസാരിക്കവെ പറഞ്ഞത്)


Tags:    
News Summary - Five timeless quotes to remember on Manmohan Singh's death anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.