പുതിയ പാർലമെന്‍റ് മന്ദിരം ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിക്ക് സുപ്രീംകോടതി വിലക്കില്ല

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം ഉൾപ്പെടുന്ന 20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിക്ക് സുപ്രീംകോടതി വിലക്കില്ല. ഹരജികൾ തള്ളിയ സുപ്രീംകോടതി, കേന്ദ്ര സർക്കാറിന് പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് ഉത്തരവിട്ടു. ജസ്റ്റിസ് എ.എൻ. ഖാൻവിൽക്കർ അധ്യക്ഷനും ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്‍റേതാണ് വിധി.

കേന്ദ്ര സർക്കാറിന്‍റെ പദ്ധതി നിയമപരവും നിലനിൽക്കുന്നതുമാണെന്ന് മൂന്നംഗ ബെഞ്ചിലെ രണ്ടംഗങ്ങൾ വ്യക്തമാക്കി. അതേസമയം, ഭൂവിനിയോഗത്തിൽ മാറ്റം വരുത്തുന്നതിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിപ്പ് അറിയിച്ചു.

ഡൽഹി വികസന അതോറിറ്റിയുടെ നിയമപ്രകാരം പദ്ധതി നടപ്പാക്കുന്നതിന് തടസമില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ പോലും അതിന് മറ്റ് വഴികൾ തേടാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭൂമിയുടെ വിനിയോഗത്തിൽ വരുത്തിയ മാറ്റം അംഗീകരിച്ച സുപ്രീംകോടതി, നിർമാണത്തിനിടെ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാൻ നടപടി വേണമെന്ന് നിർദേശിച്ചു. 

സെൻട്രൽ വിസ്ത പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് നടത്താൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഡിസംബർ പത്തിന് പ്രധാനമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് നിർവഹിച്ചിരുന്നു.

രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ നീളുന്ന മൂന്നു കിലോമീറ്റർ രാജ്പഥ് പാതക്ക് ഇരുവശത്തുമായി സമഗ്രമാറ്റം വരുത്തുന്നതാണ് പദ്ധതി. പാർലമെന്‍റും വിവിധ മന്ത്രാലയങ്ങളും ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പുതുക്കി പണിയുന്ന പദ്ധതിക്ക് 20,000 കോടി രൂപ ചെലവുവരും.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022 ആഗസ്റ്റ് 15ന് മുമ്പായി പുതിയ പാർലമെന്‍റ് നിർമിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.