സുപ്രീംകോടതിയിൽ രണ്ടു ജഡ്ജിമാർ കൂടി; ജസ്റ്റിസുമാരായ ധൂലിയ, പർദിവാല എന്നിവരുടെ നിയമന ശിപാർശ അംഗീകരിച്ചു

ന്യൂഡൽഹി: സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസ് ജംഷഡ് ബി. പർദിവാല എന്നിവരെയാണ് പുതുതായി നിയമിച്ചത്.

ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തി​ന്റെ ശിപാർശ അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി. അടുത്തയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ 34 ആകും.

1960 ഓഗസ്റ്റ് 10ന് ജനിച്ച ജസ്റ്റിസ് ധൂലിയ 1986ൽ അലഹബാദ് ഹൈകോടതിയിൽ അഭിഭാഷകനായി. ഉത്തരഖണ്ഡിൽ നിന്ന് സുപ്രീംകോടതിയിലെത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ധൂലിയ. ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര സംവിധായകനും നടനുമായ തിഗ്മാൻഷു ധൂലിയയുടെ സഹോദരനാണ്. അദ്ദേഹത്തിന് മൂന്ന് വർഷത്തിൽ കൂടുതൽ കാലാവധി ഉണ്ടാകും.

ജസ്റ്റിസ് എസ്. അബ്ദുൽ നസീറിന് ശേഷം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് സുപ്രീം കോടതിയിലെത്തുന്ന ആദ്യത്തെ ഹൈകോടതി ജഡ്ജിയും പാഴ്‌സി സമുദായത്തിൽ നിന്നുള്ള നാലാമത്തെ ജഡ്ജിയുമാണ് ജസ്റ്റിസ് പർദിവാല. 1965 ഓഗസ്റ്റ് 12ന് ജനിച്ച അദ്ദേഹം 1990ൽ ഗുജറാത്ത് ഹൈകോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. രണ്ട് വർഷത്തിലധികം അദ്ദേഹത്തിന് സേവനകാലമുണ്ടാകും.

ഈ വർഷം ജനുവരി നാലിന് ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി വിരമിച്ചതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗസംഖ്യ 32 ആയി കുറഞ്ഞിരുന്നു.

Tags:    
News Summary - Supreme Court Gets Two More Judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.