ന്യൂഡൽഹി: ജസ്റ്റിസ് ദീപക് മിശ്രയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച ഉത്തരവിനെതിരെ ഹരജി നൽകിയ വിവാദ സ്വാമിക്കും മറ്റൊരു ഹരജിക്കാരനും സുപ്രീംകോടതി പത്തു ലക്ഷം രൂപവീതം പിഴയിട്ടു. സ്വാമി ഒാം, മുകേഷ് ജെയിൻ എന്നിവർക്കാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന െബഞ്ച് പിഴശിക്ഷ വിധിച്ചത്. ഹരജി ദുരുദ്ദേശ്യപരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം ഹരജികൾ നൽകുന്നവർക്കുള്ള മുന്നറിയിപ്പാണ് ശിക്ഷയെന്നും വ്യക്തമാക്കി.
അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതിയോട് ശിപാർശചെയ്യുന്ന കീഴ്വഴക്കം ശരിയല്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ചീഫ് ജസ്റ്റിസുമാരെ നിർദേശിക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ദേശീയ ജുഡീഷൽ നിയമന കമീഷൻ നിയമത്തിെല വ്യവസ്ഥകൾ ഭരണഘടന ബെഞ്ചുതന്നെയാണ് നിശ്ചയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പിഴ ഒരുമാസത്തിനകം കെട്ടിെവക്കണമെന്നും തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് കൈമാറുമെന്നും കോടതി അറിയിച്ചു. ജനുവരിയിൽ ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോക്കിടെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് സ്വാമി ഒാമിനെ പരിപാടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനുപുറകേ ഡൽഹിയിൽ ഒരു സാംസ്കാരിക സമ്മേളനത്തിനിടെ മറ്റൊരു സ്ത്രീയോടും ഇയാൾ മോശമായി െപരുമാറി. സ്ത്രീയുടെ വസ്ത്രം വലിച്ചുകീറിയതിന് സ്വാമിക്കെതിരെ പൊലീസ് കേസുമുണ്ട്.
കഴിഞ്ഞദിവസം മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ സ്വാമി നടത്തിയ പ്രസ്താവന കൈയാങ്കളിയിലാണ് കലാശിച്ചത്. വിധി പുരുഷന്മാരുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും ഇത് സ്ത്രീകൾക്ക് പുരുഷനെക്കാൾ സ്വാതന്ത്ര്യം നൽകുമെന്നും പറഞ്ഞ ഇദ്ദേഹത്തെ ആൾക്കൂട്ടം കൈകാര്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.