ന്യൂഡൽഹി: ഭീമാകൊറെഗാവ് കേസിൽ വിചാരണ നേരിടുന്ന തെലുങ്ക് കവിയും സാംസ്കാരിക പ്രവർത്തകനുമായ പി. വരവര റാവുവിന്‍റെ ഇടക്കാല ജാമ്യം സുപ്രിം കോടതി നീട്ടി. റാവുവിന്‍റെ ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്. ജൂലൈ19 വരെയാണ് ജാമ്യം നീട്ടിയത്. സ്ഥിര ജാമ്യത്തിനായുള്ള റാവുവിന്‍റെ ഹരജി സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിക്കും.
എൻ.ഐ.എക്കു വേണ്ടി ഹാജരായ സോളിറ്റർ ജനറലിന്‍റെ ആവശ്യപ്രകാരമാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വരവര റാവുവിനുള്ള ഇടക്കാല സംരക്ഷണം തുടരണമെന്ന് കോടതി നിർദ്ദേശം നൽകി.
83 കാരനായ റാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ബോംബെ ഹൈക്കോടതി കഴിഞ്ഞ വർഷം ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഏപ്രിൽ 13ന് ജാമ്യം നീട്ടി നൽകാൻ ഹൈക്കോടതി വിസമ്മതിക്കുകയും കീഴടങ്ങാൻ മൂന്നുമാസത്തെ സമയം നൽകുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത് വരവരാവു സുപ്രിം കോടതിയെ സമീപ്പിക്കുകയായിരുന്നു.
2017 ഡിസംബർ 31ന് നടന്ന എൽഗാർ പരിഷദ് പരിപാടിയിൽ റാവുഅടക്കമുള്ളവർ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് അക്രമത്തിനു പ്രേരകമായി എന്ന കേസിലാണ് വരവരറാവു അറസ്റ്റിലായത്. കുറ്റാരോപിതർക്കെതിരായ ഡിജിറ്റൽ തെളിവുകൾ പൂനെ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്ന ആരോപണമുയർന്നിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാമൂഹിക പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.