കുടിയിറക്ക് ഭീതിയിൽ ചെന്നൈ തീരദേശം; വിജയ്‌യുടെ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിനെതിരെ മത്സ്യത്തൊഴിലാളികൾ
ചെന്നൈ: മുല്ലിമാനഗർ, ശ്രീനിവാസപുരം ഉൾപ്പെടെയുള്ള ഒമ്പത് തീരദേശ ഗ്രാമങ്ങളിലെ ജനങ്ങളുടെ മനസ്സിൽ ഇപ്പോൾ തീയാണ്. തലമുറകളായി ജീവിച്ച മണ്ണിൽ നിന്നും എപ്പോൾ വേണമെങ്കിലും കുടിയിറക്കപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ഈ തീരദേശം.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ ടി.വി.കെ സർക്കാർ മറീനയോട് ചേർന്ന് പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ സമുച്ചയം നിർമ്മിക്കാൻ തീരുമാനിച്ചതാണ് മത്സ്യത്തൊഴിലാളികളുടെ ഉറക്കം കെടുത്തിയത്. തമിഴ്‌നാട് ഭവനനിർമ്മാണ ബോർഡിന്റെ (ടി.എൻ.എച്ച്.ബി) ഉടമസ്ഥതയിലുള്ള 25 ഏക്കർ സ്ഥലത്താണ് പദ്ധതി. കടലിൽ നിന്ന് വെറും 500 മീറ്റർ മാത്രം അകലെയാണിത്.
സെക്രട്ടേറിയറ്റ് വരുന്നതോടെ ഈ പ്രദേശം അതീവ സുരക്ഷാ മേഖലയായി മാറും. ഇതോടെ തങ്ങളുടെ മത്സ്യബന്ധനവും കച്ചവടവും അവതാളത്തിലാകുമെന്ന് തൊഴിലാളികൾ പറയുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കാനെന്ന പേരിൽ തങ്ങൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന പല പ്രദേശങ്ങളും ഇതിനകം തന്നെ റോഡുകളായി മാറ്റിയിട്ടുണ്ടെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. നഗരത്തിന് പുറത്തേക്ക് ഇത്തരം വൻകിട പദ്ധതികൾ മാറ്റണമെന്നും പ്രാന്തപ്രദേശങ്ങളിൽ വികസനം കൊണ്ടുവരണമെന്നുമാണ് ഇവരുടെ ആവശ്യം.
മത്സ്യത്തൊഴിലാളികൾ മാത്രമല്ല, പരിസ്ഥിതി പ്രവർത്തകരും സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ഇടതുപക്ഷ പാർട്ടികളും ഈ 15 നില കെട്ടിടത്തിനെതിരെ രംഗത്തുണ്ട്. തീരദേശ പരിപാലന ചട്ടത്തിന്റെ (CRZ-Zone 2) നഗ്നമായ ലംഘനമാണിതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
2040-2070 കാലഘട്ടത്തിൽ തീരത്ത് നിന്ന് 1.6 കിലോമീറ്റർ വരെയുള്ള കരഭാഗം കടലെടുക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഡി.എം.കെ സർക്കാർ തന്നെ പുറത്തിറക്കിയ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 2004-ലെ സുനാമിയിൽ കനത്ത നാശനഷ്ടമുണ്ടായ പ്രദേശമാണിത്. പ്രതിദിനം പതിനായിരത്തിലധികം ആളുകൾ വന്നുപോകുന്ന സെക്രട്ടേറിയറ്റ് ഇവിടെ സ്ഥാപിക്കുന്നത് വൻ ഗതാഗതക്കുരുക്കിനും പാരിസ്ഥിതിക ദുരന്തങ്ങൾക്കും വഴിവെക്കുമെന്ന് നഗരാസൂത്രകരും മുന്നറിയിപ്പ് നൽകുന്നു.
"മണലിൽ നിർത്തിയിട്ടിരിക്കുന്ന വള്ളങ്ങളും വെയിലു കൊള്ളാതിരിക്കാൻ തുണികൊണ്ട് മൂടിയ വലകളും കണ്ടില്ലേ? സെക്രട്ടേറിയറ്റ് വന്നാൽ ഞങ്ങൾക്ക് ഇങ്ങോട്ടുള്ള പ്രവേശനം തന്നെ ഇല്ലാതാകും. സുനാമി വന്നപ്പോൾ പോലും ഞങ്ങൾ ഈ മണ്ണ് വിട്ടുപോയിട്ടില്ല. അധികാരികൾ ഞങ്ങളോട് ഒന്ന് ആലോചിക്കുക പോലും ചെയ്തില്ല"- ജനങ്ങൾ പറയുന്നു. ദുരന്തസാധ്യതയുള്ള പ്രദേശത്ത് ഭരണസിരാകേന്ദ്രം സ്ഥാപിക്കുന്നതിലെ യുക്തിശൂന്യതയും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെയ്ക്ക് വൻ പിന്തുണ നൽകിയവരാണ് ഈ തീരദേശവാസികൾ. എന്നാൽ പുതിയ നീക്കം ഇവരെ കടുത്ത നിരാശയിലാക്കി. "മാറ്റം പ്രതീക്ഷിച്ചാണ് ഞങ്ങൾ വിജയ്‌ക്ക് വോട്ട് ചെയ്തത്. എന്നാൽ ഇങ്ങനെയൊരു മാറ്റം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല," യുവാവായ ആകാശ് പറയുന്നു. 1980-കളിൽ മറീന ബീച്ച് മോടിപിടിപ്പിക്കാനായി അന്നത്തെ മുഖ്യമന്ത്രി എം.ജി.ആർ കുടിയിറക്കാൻ ശ്രമിച്ചപ്പോൾ അതിനെ ചെറുത്തുതോൽപ്പിച്ച ചരിത്രവും ഗ്രാമവാസികൾ ഓർമ്മിപ്പിക്കുന്നു.
"സർക്കാർ ജീവനക്കാർക്ക് പാർപ്പിട സമുച്ചയം പണിയാനാണ് ഈ ഭൂമി ടി.എൻ.എച്ച്.ബിക്ക് കൈമാറിയത്. ഇതിന്റെ യഥാർത്ഥ അവകാശികൾ മത്സ്യത്തൊഴിലാളികളാണ്. അവരുടെ അനുമതിയില്ലാതെ ഇവിടെ ഒരു കെട്ടിടവും ഉയരാൻ പാടില്ല," സൗത്ത് ഇന്ത്യൻ ഫിഷർമെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ. ഭാരതി പ്രതികരിച്ചു.
കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ തങ്ങളുടെ തലസ്ഥാനങ്ങൾ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റുമ്പോൾ, ദുരന്തസാധ്യതയുള്ള മേഖലയിൽ സെക്രട്ടേറിയറ്റ് നിർമ്മിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പരിസ്ഥിതി സംഘടനയായ 'പൂവുലകിൻ നൺപർഗളി'ലെ ജി. സുന്ദർരാജൻ വ്യക്തമാക്കി. വമ്പൻ പദ്ധതികൾക്ക് പകരം തീരദേശവാസികൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കാനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.