ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വോട്ടറുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനുള്ള 12-ാമത് രേഖയായി ആധാർ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. നിലവിൽ ബിഹാറിനെ സംബന്ധിച്ചിടത്തോളം, വോട്ടർമാർ അവരുടെ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട 11 നിർദ്ദിഷ്ട രേഖകളുണ്ട്.
2016ലെ ആധാർ നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വ്യവസ്ഥകൾ പരാമർശിച്ച ബെഞ്ച്, ആധാർ പൗരത്വത്തിന്റെ തെളിവല്ലെങ്കിലും തിരിച്ചറിയൽ രേഖയായി കണക്കാക്കാമെന്ന് പറഞ്ഞു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഒരു വോട്ടർ സമർപ്പിക്കുന്ന ആധാർ കാർഡ് നമ്പറിന്റെ ആധികാരികത കമീഷന് ഉറപ്പാക്കാൻ കഴിയുമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച ബെഞ്ച്, യഥാർത്ഥ പൗരന്മാർക്ക് മാത്രമേ വോട്ടുചെയ്യാൻ അനുവാദമുള്ളൂവെന്നും വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ യഥാർഥമാണെന്ന് അവകാശപ്പെടുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിൽ കമീഷൻ വ്യക്തത വരുത്തണമെന്നും പറഞ്ഞു.
ആധാർ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ നിശ്ചയിച്ച ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കാൻ ബെഞ്ച് വോട്ടെടുപ്പ് പാനലിനോട് ആവശ്യപ്പെട്ടു. വോട്ടർമാരിൽ നിന്ന് ആധാർ കാർഡ് സ്വീകരിക്കാത്തതിന് പോളിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ഷോകോസ് നോട്ടീസുകളെക്കുറിച്ചും സുപ്രീം കോടതി ഇ.സിയുടെ വിശദീകരണം തേടി.
എസ്.ഐ.ആർ പ്രകാരം ബിഹാറിൽ തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ സെപ്റ്റംബർ 1നു ശേഷം അവകാശവാദങ്ങൾ, എതിർപ്പുകൾ, തിരുത്തലുകൾ എന്നിവ സമർപ്പിക്കാമെന്ന് പോൾ പാനൽ സുപ്രീംകോടതിയെ അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ കരട് പട്ടികയിലെ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാമെന്ന് പറഞ്ഞു.
ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങളിലും വോട്ടർപട്ടിക പരിഷ്കരിക്കാൻ എസ്.ഐ.ആർ നടപ്പാക്കുമ്പോൾ അതിനാധാരമാക്കുന്ന രേഖകളിൽ നിന്ന് ആധാർ കാർഡ് ഒഴിവാക്കണമെന്ന് ബി.ജെ.പി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ബിഹാർ എസ്.ഐ.ആർ കേസിൽ കക്ഷി ചേർന്നാണ് ഈ ആവശ്യമുന്നയിച്ചത്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിശോധന(എസ്.ഐ.ആർ) നടത്തണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പിക്ക് പതിവായി പൊതുതാൽപര്യ ഹരജികൾ സമർപ്പിക്കുന്ന ഉപാധ്യായയുടെ ഹരജി.
കമീഷൻ ബിഹാറിൽ ആവശ്യപ്പെട്ട 11 രേഖകളിൽ ഏതെങ്കിലും ഒന്നില്ലെങ്കിൽ രാജ്യത്ത് ഒരു സംസ്ഥാനത്തും വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തരുതെന്ന് ഉപാധ്യായ വാദിച്ചു. ആധാർ കാർഡ് അതിനുള്ള രേഖയായി പരിഗണിക്കരുതെന്നും ബി.ജെ.പി നേതാവ് വാദിച്ചു. ഇതിനെ ഖണ്ഡിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ജനപ്രാതിനിധ്യ നിയമത്തിന്റെ 23(4)ാം വകുപ്പ് പ്രകാരം ആധാർ കാർഡ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള രേഖയാണെന്ന് വാദിച്ചു. നിരവധി ആധാർ കാർഡുകൾ കൃത്രിമമായുണ്ടാക്കിയിട്ടുണ്ടെന്ന് ഉപാധ്യായ വാദിച്ചപ്പോൾ എല്ലാ രേഖകളും കൃത്രിമമായി ഉണ്ടാക്കാമെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി പ്രതികരിച്ചു.
ബിഹാറിലെ എസ്.ഐ.ആർ ഭരണഘടനാ വിരുദ്ധമാണെന്ന പ്രധാന വിഷയത്തിൽ സുപ്രീം കോടതി വാദം കേൾക്കണമെന്ന് ഹരജിക്കാരുടെ അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണനും പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു. ബിഹാറിലെ കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് രാജ്യമൊട്ടുക്കും പൗരത്വ രേഖകൾ പരിശോധിച്ച് നടപ്പാക്കാനാണ് നീക്കമെന്നും അതിന് കമീഷന് അധികാരമില്ലെന്നും ഇരുവരും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.