‘ലജ്ജാകരം, ഖേദകരം’; വിക്രം മിസ്രിക്ക് പിന്തുണ പ്രഖ്യാപിച്ച് നേതാക്കളും സിവിൽ സർവിസ് കൂട്ടായ്മയും

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്ന വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതൃത്വവും സിവിൽ സർവിസ് അസോസിയേഷനും.

രാജ്യദ്രോഹിയെന്നും ചതിയനെന്നുമുള്ള അധിക്ഷേപ കമന്‍റുകളാണ് മിസ്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പലരും പോസ്റ്റ് ചെയ്തത്. ചിലര്‍ മിസ്രിയുടെയും മകളുടെയും പൗരത്വം ചോദ്യം ചെയ്തും രംഗത്തുവന്നു. സത്യസന്ധനും കഠിനാധ്വാനിയുമായ മിസ്രിയെ പോലെയുള്ള ഓഫിസർമാരെ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളുടെ പേരിൽ വേട്ടയാടരുതെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി പറഞ്ഞു. മിസ്രിയെ പ്രതിരോധിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

ലജ്ജാകരം എന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പ്രതികരിച്ചത്. മാന്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും അവർ കുറ്റപ്പെടുത്തി. വിക്രം മിസ്രിക്കും കുടുംബത്തിനും ഐ.എ.എസ് കൂട്ടായ്മ ഐക്യദാർഢ്യവുമായി രംഗത്തുവന്നു. സത്യസന്ധതയോടെ ജോലി നിർവഹിക്കുന്ന സിവിൽ സർവിസുകാർക്കെതിരെ അനാവശ്യമായി വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അസോസിയേഷൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മിസ്രിയുടെ മകള്‍ അഭിഭാഷകയാണ്. റോഹീങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപ കമന്‍റുകളിട്ടത്. സൈബര്‍ അധിക്ഷേപം രൂക്ഷമായതോടെ മിസ്രി എക്സ് അക്കൗണ്ട് ലോക്ക് ചെയ്തു.

നേരത്തെ, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാംശിക്കെതിരെയും സൈബറാക്രമണം ഉണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മുസ്ലിംകളെ ലക്ഷ്യമിടുന്നതിനെതിരെ സംസാരിച്ചതിനാണ് അവര്‍ക്കെതിരെ ഒരുവിഭാഗം തിരിഞ്ഞത്.

Tags:    
News Summary - Support pours in for Vikram Misri after trolls target his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.