‘പാറ്റ’കൾ ഇന്ന് തെരുവിലിറങ്ങും; അഭിജീത് ദിപ്‌കെ ഡൽഹിയിൽ; കനത്ത സുരക്ഷ

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ മൂല്യനിർണയ ക്രമക്കേട് വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാറ്റ പാർട്ടി (കോക്രോച്ച് ജനതാ പാർട്ടി - സി.ജെ.പി) ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധം ശനിയാഴ്ച ജന്തർമന്തറിൽ.

സമൂഹമാധ്യമങ്ങളിൽ രൂപംകൊണ്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ നേടിയ ആക്ഷേപഹാസ്യ കൂട്ടായ്മ ആദ്യമായാണ് തെരുവിലേക്ക് ഇറങ്ങുന്നത്. താൻ ഭരണഘടനയിൽ വിശ്വാസമർപ്പിച്ച് ഇന്ത്യയിലേക്ക് പുറപ്പെട്ടതായി അമേരിക്കയിലുള്ള സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി. താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നും വിഡിയോയിൽ പറയുന്നുണ്ട്.

വിമാനത്താവളത്തിലേക്ക് വൻ ജനക്കൂട്ടം എത്തുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് കണ്ട്, രാവിലെ ഒമ്പത് മണിക്ക് എല്ലാവരോടും പാർലമെന്റ് സ്ടീറ്റ് പൊലീസ് സ്റ്റേഷൻ സമീപത്തേക്ക് എത്താൻ വെള്ളിയാഴ്ച സി.ജെ.പി വക്താക്കൾ ആഹ്വാനം ചെയ്തു.പ്രതിഷേധം സമാധാനപരമായിരിക്കും. രാവിലെ ഒമ്പത് മണിക്ക് ദേശീയപതാകയുമായി എത്തണം. പ്രതിഷേധങ്ങളെല്ലാം ചിത്രീകരിക്കണം. പൂക്കൾ കൊണ്ടുവന്ന് അവ പൊലീസിന് നൽകണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.

അതേസമയം, സമരത്തിന് ഇതുവരെ അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അപേക്ഷ ലഭിച്ചാൽ അത് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.ഇതിനിടെ, പ്രതിഷേധത്തിനെതിരെയുള്ള ഹരജിയിൽ അടിയന്തരമായി വാദം കേൾക്കാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. പ്രതിഷേധ ആഹ്വാനം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് ‘സേവ് ഇന്ത്യ ഫൗണ്ടേഷൻ’ ആണ് ഹരജി നൽകിയത്.

Tags:    
News Summary - Support is growing; Cockroaches are taking to the streets today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.