കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധിയില്ല; സോണിയക്കും രാഹുലിനും പൂർണ പിന്തുണ -സൽമാൻ ഖുർഷിദ്

ന്യൂഡൽഹി: കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധിയില്ലെന്നും സോണിയക്കും രാഹുലിനും പൂർണ പിന്തുണ നൽകുന്നതായും മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഒരിക്കൽകൂടി കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് രാഹുലിനും സോണിയക്കും പിന്തുണ പ്രഖ്യാപിച്ച് സൽമാൻ ഖുർഷിദ് രംഗത്തെത്തിയത്.

മാധ്യമങ്ങളിലൂടെ നേതൃത്വത്തെ വിമർശിച്ച കപിൽ സിബൽ ഉൾപ്പെടെയുള്ളവരെ സൽമാൻ ഖുർഷിദ് തള്ളിപ്പറഞ്ഞു. കോൺഗ്രസിൽ ഓരോരുത്തരുടെയും വാദങ്ങൾ അവതരിപ്പിക്കാൻ മതിയായ വേദികളുണ്ട്. എനിക്ക് അവസരമുണ്ടായിരുന്നു. അവർക്കും അവസരമുണ്ടായിരുന്നു. നേതൃത്വം കേൾക്കാൻ തയാറാകുന്നില്ലെന്ന വാദം എവിടെ നിന്നാണ് ഉയരുന്നത് എന്ന് ഖുർഷിദ് ചോദിച്ചു.

വിശകലനം നല്ലതാണ്. ഈ പറഞ്ഞ ആളുകൾ കൂടി ഉൾപ്പെടുന്ന നേതൃത്വം എവിടെയാണ് തെറ്റുപറ്റിയത്, എങ്ങിനെ മെച്ചപ്പെടാം എന്ന് വിശകലനം ചെയ്യേണ്ടതാണ്. എന്നാൽ, ഇത് പൊതുവേദിയിൽ പറയേണ്ട കാര്യമല്ല.

മുഴുവൻ സമയ അധ്യക്ഷൻ എന്ന ആവശ്യം ഉയർത്തുന്നവർ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് സൽമാൻ ഖുർഷിദ് നിർദേശിച്ചു. ആരും അകന്നിട്ടില്ല. ഓരോരുത്തരെ എന്തിനാണ് ലേബൽ ചെയ്യുന്നത്. ബി.എസ്.പിക്ക് അധ്യക്ഷനില്ല, ഇടത് പാർട്ടികൾക്കും അധ്യക്ഷനില്ല, ജനറൽ സെക്രട്ടറി മാത്രമാണുള്ളത്. എല്ലാ പാർട്ടികളും ഒരേ മാതൃക തന്നെ തുടരണമെന്നില്ല -ഖുർഷിദ് പറഞ്ഞു.

കുറുക്കുവഴികൾ തേടുന്നതിന് പകരം കോൺഗ്രസ് ഒരു നീണ്ട പോരാട്ടത്തിന് തയാറാകണം. അധികാരം നഷ്ടപ്പെടുമ്പോൾ നമ്മൾ എന്തിനാണ് ആശങ്കപ്പെടുന്നത്. അധികാരത്തിൽ പെട്ടെന്ന് തിരിച്ചെത്താനായില്ലെങ്കിലും നമ്മൾ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. രാഷ്ട്രീയം ഒരു ലക്ഷ്യത്തോടുള്ള അഭിനിവേശമാണ്. അത് അധികാരത്തിനുള്ള യോഗ്യതയല്ലായെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.