സൊനാലിയെ കൊല്ലാൻ സഹായി സുധീർ നേരത്തെയും ശ്രമിച്ചു; സ്വത്തിലാണ് കണ്ണെന്ന് ബന്ധുക്കൾ

ന്യൂഡൽഹി: നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിനെ കൊല്ലാൻ അവരുടെ സഹായിയായിരുന്ന സുധീർ പാൽ സങ്‍വാൻ നേരത്തെയും ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ. സൊനാലിയെ കൊല്ലാൻ ഉദ്ദേശിച്ച് സുധീർ നേരത്തെയും വിഷം നൽകിയിട്ടുണ്ട്. സ്വത്തിൽ കണ്ണുവെച്ചാണ് ഈ നീക്കമെന്നും സൊനാലിയുടെ അനന്തരവൻമാരായ വികാസ് സിങ്മർ, സചിൻ ​ഫോഗട്ട് എന്നിവർ പറഞ്ഞു.

സൊനാലിയെ മയക്കുമരുന്ന് കഴിപ്പിക്കാൻ സുധീർ കുറച്ചായി ശ്രമിക്കുന്നു. അവർ മരിക്കുന്നതിന് രണ്ടുമാസം മുമ്പ് വിഷം കലർത്തിയ പുഡ്ഡിങ് നൽകിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങൾ സുധീറിനോട് ഫാംഹൗസ് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൊനാലിയുടെ ഇഷ്ടം സമ്പാദിച്ച് അവിടെത്തന്നെ തുടർന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുഗ്രാമിലുള്ള ഈ ഫാം ഹൗസ് സുധീർ അയാളുടെ പേരിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ ആരോപിച്ചു. സൊനാലിയുടെ ഗോവ സന്ദർശനം വീട്ടുകാരുടെ അറിവില്ലാതെയായിരുന്നെന്നും ഇവർ പറയുന്നു.

അതിനിടെ, സൊനാലിയുടെ മരണം സംബന്ധിച്ച് ഗോവ പൊലീസ് നടത്തിയ അന്വേഷണത്തെ ഹരിയാന മുഖ്യമന്ത്രി അഭിനന്ദിച്ചതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഹരിയാന ഡി.ജി.പിക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ കേസിൽ സി.ബി.ഐ ഇടപെടും. ഗോവ ഡി.ജി.പി ജസ്പാൽ സിങ് അഞ്ചു പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

സൊനാലി ഫോഗട്ടിനെ ആഗസ്റ്റ് 23 നാണ് ദുരൂഹ സാഹചര്യത്തിൽ ​മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളുണ്ടെന്നും സൊനാലിയെ നിർബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചിട്ടുണ്ടെന്നും പിന്നീട് കണ്ടെത്തിയിരുന്നു.

സൊനാലിക്കൊപ്പം ഗോവയിൽ വന്ന സഹായികളായ സുധീർ സങ്‍വാനെയും സുഖ്‍വിന്ദർ സിങ്ങിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Sudheer, the helper, tried to kill Sonali earlier - Relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.