​ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; എമർജൻസി ക്വാട്ടക്ക് ഇനി നേരത്തെ അപേക്ഷിക്കണം

ന്യൂഡൽഹി: തീവണ്ടികളിലെ എമർജൻസി ക്വാട്ട (ഇ.ക്യൂ) ടിക്കറ്റ് അപേക്ഷാ നിയമങ്ങളിൽ പരിഷ്‍കാരവുമായി ഇന്ത്യൻ റെയിൽവേ. തീവണ്ടി പുറപ്പെടുന്നതിന് തലേദിവസമെ​ങ്കിലും നൽകുന്ന അപേക്ഷകൾ മാത്രമേ എമർജൻസി ക്വാട്ട ടിക്കറ്റിന് പരിഗണിക്കുകയുള്ളൂവെന്ന് റെയിൽവെ മന്ത്രാലയം വ്യക്തമാക്കി.

ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനത്തിനു പിന്നാലെയാണ് എമർജൻസി ക്വാട്ടയിലും മാറ്റം പ്രഖ്യാപിച്ചത്.

വി.ഐ.പികള്‍, റെയില്‍വേ ജീവനക്കാര്‍, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള യാത്രക്കാര്‍ എന്നിവര്‍ക്കായാണ് എമര്‍ജന്‍സി ക്വാട്ട സീറ്റുകള്‍ നീക്കിവെക്കുന്നത്. എന്നാൽ, ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നത് വർധിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ​ഇ.ക്യൂ ടിക്കറ്റിന് നേരത്തെ അപേക്ഷിക്കാൻ നിർദേശം നൽകുന്നത്.

ഇ.ക്യു അപേക്ഷ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായി ലഭിക്കുന്നത്, ചാര്‍ട്ട് തയ്യാറാക്കുന്നത് വൈകിപ്പിക്കുകയും റിസർവേഷൻ യാത്രക്കാർക്ക് തിരിച്ചടിയാവുകയും ചെയ്യുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു.

പുതിയ നിർദേശ പ്രകാരം, രാത്രി 12 മണിക്ക് ശേഷവും ഉച്ചയ്ക്ക് രണ്ട് മണി വരെയും പുറപ്പെടുന്ന ട്രെയിനുകളിലേക്കുള്ള എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍, യാത്രയുടെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഇ.ക്യു സെല്ലില്‍ ലഭിച്ചിരിക്കണം. ഉച്ച 2.01 മുതൽ അർധരാത്രി 11.59 വരെ സമയത്തിനുള്ളിൽ പുറപ്പെടുന്ന ട്രെനിയുകൾക്കുള്ള ഇ.ക്യു അപേക്ഷ തലേദിനം വൈകുന്നേരം നാലിന് മുമ്പായും നൽകണം. ട്രെയിന്‍ പുറപ്പെടുന്ന ദിവസം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ചകളിലോ മറ്റ് പൊതു അവധി ദിവസങ്ങളിലോ എമര്‍ജന്‍സി ക്വാട്ട അപേക്ഷകള്‍ തൊട്ടുമുമ്പുള്ള പ്രവൃത്തിദിവസം ഓഫീസ് സമയത്ത് നല്‍കണം.

ജനറൽ, തത്കാൽ റിസേർവേഷനുകൾ വഴി യാത്രചെയ്യുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഇ.ക്യൂ ടിക്കറ്റിലെ പുതിയ പരിഷ്‍കാരങ്ങൾ. മന്ത്രിമാരും എം.പിമാരും മുതൽ വി​.ഐ.പികൾ, മുതിർന്ന ഉദ്യോഗസ്ഥർ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുള്ള അവസാന നിമിഷങ്ങളിലെ ഇ.ക്യൂ അപേക്ഷ റെയിൽവേ റിസർവേഷൻ സെല്ലിനും തലവേദനയായിരുന്നു. ഇവർക്കായി ചാർട്ട് തയ്യാറാക്കുന്നത് അവസാന നിമിഷത്തിലേക്ക് മാറ്റിവെക്കുന്നത്, വെയ്റ്റിങ് ലിസ്റ്റിലുള്ളവരുടെ യാത്രയും അനിശ്ചിതത്വത്തിലാക്കുന്ന അവസ്ഥയായി. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി മാറുന്നതാണ് ഇ.ക്യൂ അപേക്ഷകളിലെ ഭേദഗതി. 

Tags:    
News Summary - Submit emergency quota request at least a day before train departure: Railway ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.