അഹ്മദാബാദ്: രൂക്ഷമായ ഗതാഗതക്കുരുക്കിൽ 10 മിനിറ്റിന് നന്ദി പറയുകയാണ് ബറൂച്ചിലെ താമസക്കാരിയായ ഭൂമി ചൗഹാൻ. എയർപോർട്ടിൽ എത്താൻ വൈകിയില്ലായിരുന്നെങ്കിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിൽ പോകേണ്ട യാത്രക്കാരിയായിരുന്നു അവർ.
അഹ്മദാബാദിലെ ട്രാഫിക് ജാമില്‍ കുടുങ്ങിയ ആ 10 മിനിറ്റാണ് ഭൂമി ചൗഹാന്റെ ജീവൻ കാത്തത്. വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. ‘എന്റെ വിമാന സമയം ഉച്ചക്ക് 1.10 ആയിരുന്നു. 12.10ന് മുമ്പ് ഞാൻ വിമാനത്താവളത്തിൽ എത്തേണ്ടതായിരുന്നു. റോഡിൽ നല്ല ഗതാഗതക്കുരുക്കുണ്ടായിരുന്നു,
അതിനാൽ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും സമയം 12.20 കഴിഞ്ഞിരുന്നു. എനിക്ക് ചെക്-ഇൻ ചെയ്യാൻ കഴിഞ്ഞില്ല, സുരക്ഷാ ഉദ്യോഗസ്ഥർ എന്നോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ സംഭവിച്ചത് ഓർക്കുമ്പോൾ ഉള്ള് കിടുങ്ങുന്നു’. ഭൂമി ചൗഹാൻ വാർത്ത മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അവർ വിമാനം തകർന്നതായി അറിഞ്ഞത്.
‘ശരിക്കും എന്റെ ശരീരം വിറക്കുകയായിരുന്നു. എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് കേട്ടപ്പോൾ ഞാൻ സ്തംഭിച്ചുപോയി. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കൾക്ക് ശാന്തി നൽകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’. ഭൂമി പറഞ്ഞു. സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ലണ്ടനിലെ ഗാട്വിക് വിമാനത്താവളം ലക്ഷ്യമാക്കി വ്യാഴാഴ്ച ഉച്ചക്ക് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം സമീപത്തെ വിദ്യാർഥി ഹോസ്റ്റലിനുമേൽ തകർന്നുവീണത്.
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് അഹ്മദാബാദിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എ.ഐ 171 വിമാനത്തിൽ നിന്ന് ഇന്ത്യൻ വംശജൻ ബ്രീട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേശ് രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.