മൂന്നു പതിറ്റാണ്ടു പിന്നിട്ട പൗര ജീവിതത്തിനുശേഷം തടങ്കലിലടച്ച പഞ്ചാബി മുത്തശ്ശിക്കുവേണ്ടി ഒറ്റക്കെട്ടായി യു.എസി​ലെ തെരുവ്

വാഷിങ്ടൺ: കഴിഞ്ഞ ആഴ്ച പതിവ് പരിശോധനക്കിടെ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് കുടിയേറ്റ പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ് ഹർജിത്കൗർ എന്ന 73കാരി. കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ മൂന്നു പതിറ്റാണ്ടിലേറെയായി ഈ പഞ്ചാബി മുത്തശ്ശി താമസിക്കുന്നു.

രണ്ട് ആൺമക്കളുമായി 1992ൽ ഇന്ത്യയിൽ നിന്ന് കുടിയേറിയ കൗർ, 2012ൽ അവരുടെ കുടിയേറ്റ അപേക്ഷ നിരസിക്കപ്പെട്ടതു മുതൽ ഐ.സി.ഇ മേൽനോട്ടത്തിലായിരുന്നു.

ദീർഘകാലമായി ക്രിമിനൽ റെക്കോർഡുകളൊന്നുമില്ലാത്ത ഹെർക്കുലീസ് നിവാസിയായ ഹർജിത് കൗറിനോട് സെപ്റ്റംബർ 8ന് സാൻ ഫ്രാൻസിസ്കോയിലെ ഐ.സി.ഇ ഓഫിസിൽ രേഖകളും കൊണ്ട് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് അപ്രതീക്ഷിതമായി അവരെ കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം ബേക്കേഴ്‌സ്‌ഫീൽഡിലെ ഐ.സി.ഇ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തുവെന്ന് അവരുടെ കുടുംബം പറഞ്ഞു.

‘അവർ ഒരു കുറ്റവാളിയല്ല. അവർ എന്റേതു മാത്രമല്ല, എല്ലാവരുടെയും മുത്തശ്ശിയാണ്’ - ചെറുമകൾ സുഖ്ദീപ് കൗർ എൽ സോബ്രാന്റിൽ നടന്ന ഒരു റാലിയിൽ പറഞ്ഞു. എല്ലാവരും അവരെ ഒരു അമ്മയെപ്പോലെയാണ് കാണുന്നത്... അവർ സ്വതന്ത്രയും, നിസ്വാർഥയും, കഠിനാധ്വാനിയുമാണെന്നും കൊച്ചുമകൾ കൂട്ടിച്ചേർത്തു.

എൽ സോബ്രാന്റിൽ ഇവരുടെ മോചനം ആവശ്യപ്പെട്ട് 200റോളം പേരാണ് തടിച്ചുകൂടിയത്. ‘മുത്തശ്ശിയെ വീട്ടിലേക്ക് മടക്കുക‘, ‘ഞങ്ങളുടെ മുത്തശ്ശിയെ തിരികെ തരിക’ എന്നീ ബാനറുകൾ പിടിച്ചായിരുന്നു പ്രതി​ഷേധം. രണ്ടു മണിക്കൂർ നീണ്ടുനിന്ന പ്രകടനത്തിനിടെ അതിലൂടെ കടന്നുപോകുന്ന കാറുകളും പിന്തുണയർപ്പിച്ച് ഹോൺ മുഴക്കി.

സിഖ് സെന്ററിനും സമീപം കൗറിന്റെ കുടുംബം റാലി നടത്തി. നിരവധി പ്രാദേശിക നേതാക്കൾ അതിൽ പങ്കെടുത്തു. ‘ഹർജിത് കൗർ ഒരു അമ്മയാണ്, ഒരു മുത്തശ്ശിയാണ്, അവർ ആരെയും ദ്രോഹിക്കുന്നില്ല. നിയമം അനുശാസിക്കുന്ന നിർദേശങ്ങൾ പാലിക്കുന്നുമുണ്ട്. ഞാൻ അവരെ പൂർണമായും പിന്തുണക്കുന്നു’ -ഹെർക്കുലീസ് സിറ്റി കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട അംഗവും നേപ്പാൾ വംശജനുമായ ഭട്ടറായി പറഞ്ഞു.

കൗറിന്റെ പ്രായം കണക്കിലെടുത്ത് അനുകമ്പയോടും മനുഷ്യത്വത്തോടും കൂടി പെരുമാറണമെന്ന് അദ്ദേഹം അധികാരികളോട് അഭ്യർഥിച്ചു. ‘ഞങ്ങളുടേത് ഒരു പുണ്യ സ്ഥലമല്ല. നിയമം പാലിക്കുകയും ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളിലും ഏർപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം നിറമോ മതമോ പരിഗണിക്കാതെ എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഞാൻ ഹർജിത് കൗറിനൊപ്പം നിൽക്കുന്നുവെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞങ്ങളുടെ ഭയം യാഥാർത്ഥ്യമാകില്ലെന്നാണ് പ്രതീക്ഷ. അവർ അവിടെ സുഖമായിരിക്കണമെന്ന് പ്രാർത്ഥിക്കുന്നു. അവരെനിക്ക് എല്ലാമാണ്’ -ഹർജിത്തിന്റെ മരുമകൾ മഞ്ജിത് കൗർ ജനക്കൂട്ടത്തെ കണ്ണീരോടെ അഭിസംബോധന ചെയ്തു.

കൗർ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് പലതവണ കുടിയേറ്റ രേഖകൾ ആവശ്യപ്പെട്ടിട്ടും അവയെല്ലാം നിരസിക്കപ്പെട്ടു. ആ രേഖകൾ നൽകുന്നതുവരെ മേൽനോട്ടത്തിൽ തുടരാമെന്ന് ഐ.സി.ഇ വർഷങ്ങളായി അവർക്ക് ഉറപ്പ് നൽകിയതാണ്. കഴിഞ്ഞ 13 വർഷമായി ഐ.സി.ഇയിൽ നിന്നും യാത്രാ രേഖ കിട്ടാൻ ശ്രമിക്കുന്നു. അവർ  നൽകാതെ ഞങ്ങൾക്ക് അത് എങ്ങനെ ലഭിക്കും?- മഞ്ജിത് ചോദിച്ചു. അവരോട് ഫോണിൽ സംസാരിച്ചപ്പോൾ ആ ശബ്ദത്തിൽ ഭയവും വേദനയും നിഴലിച്ചിരുന്നുവെന്നും അവർ കരയുകയും ഞങ്ങളോട് സഹായത്തിനായി യാചിക്കുകയും ചെയ്തുവെന്നും മഞ്ജിത് പറഞ്ഞു.

കൗറിന്റെ ആരോഗ്യം അപകടത്തിലാണ്. തൈറോയ്ഡ്, മൈഗ്രെയ്ൻ, കാൽമുട്ട് വേദന, ഉത്കണ്ഠ തുടങ്ങിയവയുണ്ട്. കസ്റ്റഡി സംവിധാനത്തിനകത്ത് അവരുടെ മരുന്നുകൾ പൂർണമായി ലഭ്യമല്ലെന്നും കുടുംബാംഗങ്ങൾ കൂട്ടി​ച്ചേർത്തു.

ഗാരമെൻഡി സെനറ്റർ അലക്സ് പാഡില്ല, വൈറ്റ് ഹൗസ് സെനറ്റർ ലഫോൺസ ബട്‌ലർ എന്നിവരുൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ പിന്തുണക്കാരോട് അഭ്യർഥിച്ചുകൊണ്ട് കൗറിന്റെ കുടുംബം bringharjithome.com എന്ന പ്രചാരണ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Streets in the US unite for Punjabi grandmother detained after three decades of civilian life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.