അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകൻ ജാവേദ് അഹ്മദ് സിദ്ദീഖിയുടെ തറവാട് വീട്
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന അൽ ഫലാഹ് സർവകലാശാലയുടെ സ്ഥാപകൻ ജാവേദ് അഹ്മദ് സിദ്ദീഖിയുടെ തറവാട് വീട് പൊളിക്കാനുള്ള മിലിറ്ററി കന്റോൺമെന്റ് ബോർഡിന്റെ നീക്കം മധ്യപ്രദേശ് ഹൈകോടതി സ്റ്റേ ചെയ്തു. കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കെട്ടിടത്തിന്റെ നിലവിലെ ഉടമ അബ്ദുൽ മജീദാണ് ഹൈകോടതിയെ സമീപിച്ചത്. കെട്ടിടത്തിന്റെ മുഴുവൻ രേഖകളുമായി 15 ദിവസത്തിനകം മജീദ് ഈ നോട്ടീസിനുള്ള പ്രതികരണം അറിയിക്കണമെന്ന് ജസ്റ്റിസ് പ്രണയ് വർമ നിർദേശിച്ചു. മറുപടി സമർപ്പിച്ചുകഴിഞ്ഞാൽ അയാളുടെ ഭാഗം കേൾക്കാനുള്ള കൃത്യമായ അവസരം നൽകണമെന്നും കോടതി നിർദേശിച്ചു.
ഈ നടപടി പൂർത്തിയാകുന്നതുവരെയും, ഉത്തരവ് ഹരജിക്കാരന് എതിരാണെങ്കിൽ തുടർന്നുള്ള പത്ത് ദിവസത്തെ കാലയളവിലും അയാൾക്കെതിരെ യാതൊരു നടപടിയുമെടുക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. സിദ്ദീഖിയുടെ പിതാവിന്റെ പേരിലായിരുന്ന കെട്ടിടം പൊളിക്കാൻ നവംബർ 19നാണ് മിലിറ്ററി കന്റോൺമെന്റ് ബോർഡ് നോട്ടീസ് പുറപ്പെടുവിച്ചത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ അനധികൃതമായി നിർമിച്ചതാണെന്നാണ് ആരോപണം. അത് പൊളിച്ചുമാറ്റാൻ ഉടമക്ക് വെറും മൂന്നുദിവസത്തെ സമയമാണ് നോട്ടീസിൽ നൽകിയത്. ഇതിനുമുമ്പ് ഇതേ കെട്ടിടം പൊളിച്ചുമാറ്റാൻ 1996-97ലും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യത്തെ നോട്ടീസ് നൽകി 30 വർഷത്തിനുശേഷം വീണ്ടും നോട്ടീസ് നൽകുമ്പോൾ ഹരജിക്കാരന്റെ ഭാഗം കേൾക്കാനുള്ള അവസരം നൽകണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനകേസിലെ പ്രതി ജാസിർ ബിലാൽ വാനിക്ക് എൻ.ഐ.എ ആസ്ഥാനത്ത് തന്റെ അഭിഭാഷകനെ കാണാൻ പട്യാല ഹൗസ് കോടതി അനുമതി നൽകി. വിചാരണകോടതിയുടെ ഉത്തരവ് കാണിക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ വെള്ളിയാഴ്ച ഹൈകോടതി ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. എന്നാൽ, ഈ ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാൻ പ്രതിയുടെ അഭിഭാഷകന് ഹൈകോടതി അനുമതി നൽകുകയും ചെയ്തിരുന്നു. പട്യാല ഹൗസ് കോടതിയെ സമീപിച്ച പ്രതിക്ക് പ്രിൻസിപ്പൽ ജില്ലാ, സെഷൻസ് ജഡ്ജി അൻജു ബജാജ് ചാന്ദ്നയാണ് അനുമതി നൽകിയത്. ഡ്രോണുകളും റോക്കറ്റുകളും വികസിപ്പിക്കാൻ ശ്രമിച്ച് ഭീകരാക്രമണങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നുവെന്ന ആരോപണത്തിൽ ഇയാളെ ശ്രീനഗറിൽനിന്ന് നവംബർ 17 നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. അടുത്തദിവസം കോടതി ഇയാളെ 10 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. നവംബർ 10ന് 15 പേരുടെ മരണത്തിന് ഇടയാക്കിയ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറ് പേരിൽ ഒരാളാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.