ബർദമാൻ സ്റ്റേഷനിലെ തിക്കും തിരക്കും
കൊൽക്കത്ത: റെയിൽവേസ്റ്റേഷനിലേക്ക് ഒന്നിലേറെ തീവണ്ടികൾ ഒന്നിച്ചെത്തിയതിനു പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുമായി 12 പേർക്ക് പരിക്ക്.
പശ്ചിമ ബംഗാളിലെ ബർദമാൻ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിലെ നാല്, അഞ്ച്, ആറ് പ്ലാറ്റ്ഫോമുകളിലേക്കായി നാല് ട്രെയിനുകൾ അടുത്തടുത്ത സമയങ്ങളിലായി ഒന്നിച്ചെത്തിയതോടെ ഫൂട്ഓവർബ്രിഡ്ജിലും കോണിപ്പടിയിലുമായുണ്ടായ വലിയ തിരക്കാണ് അപകടത്തിന് വഴിവെച്ചത്.
തീവണ്ടികയറാനുള്ള യാത്രക്കാരും, സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാരുമായി മേൽപാലവും റെയിൽവേസ്റ്റേഷൻ സ്റ്റെയർകേസും നിറഞ്ഞുകവിയുകയായിരുന്നു. തിരക്കിനിടയിൽ ധിറുതിപിടിച്ച് ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ശ്രമമായതോടെ കോണിപ്പടിയിലും മേൽപാലത്തിലും തിക്കും തിരക്കുമായി.
തിരക്കിനിടയിൽ പെട്ട് യാത്രക്കാർ വീഴുന്നതും, നിലവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. റെയൽവേസ്റ്റേഷനിലെ ഇടുങ്ങിയ കോണിപ്പടിയിലും മേൽപാലത്തിലും ഉൾകൊള്ളാവുന്നതിലും ഏറെ യാത്രക്കാർ ഒരേസമയം എത്തിച്ചേർന്നത് അപകടത്തിന്റെ രൂക്ഷത വർധിപ്പിക്കുകയായിരുന്നു.
നാല് വനിതകൾ ഉൾപ്പെടെ 10 മുതൽ 15 പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. അതേസമയം, ആരുടെയും പരിക്കുകൾ ഗുരതരമല്ല. ഇവരെ ബർദമാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അതേസമയം, റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കുമുണ്ടായ വാർത്ത കിഴക്കൻ റെയിൽവേ അധികൃതർ നിഷേധിച്ചു. സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിലേക്ക് എത്താനുള്ള ശ്രമത്തിനിടെ വനിതാ യാത്രക്കാരി കോണിപ്പടിയിൽ ബാലൻസ് തെറ്റി വീഴുകയായിരുന്നുവെന്നും, മൂന്നുപേർക്കാണ് പരിക്കു പറ്റിയതെന്നും റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിനു പിന്നാലെ റെയിൽവേ സുരക്ഷാ സേന സംഭവ സ്ഥലത്ത് എത്തുകയും, രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായും ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.
എന്നാൽ, സ്റ്റേഷനിലെ കോണിപ്പടിയിലേക്ക് കയറാനും ഇറങ്ങാനും ശ്രമിക്കുന്ന യാത്രക്കാരുടെ തിരക്ക് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. റെയിൽവേ സ്റ്റേഷനുകളിലെ ഇടുങ്ങിയ മേൽപാലവും സ്റ്റെയർകേസുകളുമാണ് അപകട കാരണം. സ്റ്റേഷനുകളിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.