500 ചർച്ചുകൾ പൊളിക്കണമെന്ന് ശ്രീരാമ സേന; 'ഉത്തരേന്ത്യന്‍ മോഡൽ ബുള്‍ഡോസിങ് കര്‍ണാടകയിലും നടപ്പാക്കണം'

മൈസൂരു: കര്‍ണാടകയിലെ 500 അനധികൃത ക്രിസ്ത്യന്‍ ചർച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ ​പക്കലുണ്ടെന്നും അത് ബുൾഡോസർ ഉപയോഗിച്ച് തകർക്കണ​മെന്നും തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനയുടെ നേതാവ് പ്രമോദ് മുത്തലിക്. ഹിന്ദുക്കളെ നിർബന്ധിച്ച് ക്രിസ്ത്യാനികളിലേക്ക് പരിവർത്തനം ചെയ്യാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഉത്തരേന്ത്യന്‍ മോഡൽ ബുള്‍ഡോസിങ് കര്‍ണാടകയിലും നടപ്പാക്കണം. സംസ്ഥാനത്തെ അനധികൃത ചർച്ചുകൾ പൊളിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും മൈസൂരുവിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുത്തലിക് പറഞ്ഞു.

'ദിവസവും ആയിരക്കണക്കിന് ഹിന്ദുക്കള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ചതിച്ചും ബലം പ്രയോഗിച്ചുമാണ് മതം മാറ്റുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ, മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരിക. ഒപ്പം അനധികൃത ചർച്ചുകള്‍ ബുള്‍ഡോസ് ചെയ്ത് പൊളിച്ചുകളയുക. കഴിഞ്ഞ വര്‍ഷങ്ങളിൽ അനധികൃതമായി നിർമിച്ച ചർച്ചുകളുടെ പട്ടിക ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാര്‍ സമാഹരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 500 ചർച്ചുകള്‍ ഞങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ പുതിയ നിയമം അവതരിപ്പിക്കുന്ന പക്ഷം, ഞങ്ങള്‍ അധികാരികളെ കണ്ട് പട്ടിക കൈമാറും. പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെടും' ' -പ്രമോദ് മുത്തലിക് പറഞ്ഞു.

മുസ്‍ലിം പള്ളികളിലെ ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമ സേന നടത്തിയ പ്രതിഷേധങ്ങള്‍ വിവാദമായിരുന്നു. ഹിന്ദു ഭക്തിഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചായിരുന്നു പ്രതി​ഷേധം. ഇ​തിനുപിന്നാലെ രാത്രി 10നും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗം കർണാടക സർക്കാർ നിരോധിച്ചു. ഈ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ബി.ജെ.പി നേതൃത്വത്തിലുള്ള കർണാടക സർക്കാർ കഴിഞ്ഞ ഡിസംബറിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ അംഗീകൃത, അനംഗീകൃത ക്രിസ്ത്യൻ പള്ളികളെ കുറിച്ച് സർക്കാർ സർവേയും നടത്തിയിരുന്നു. മൂന്ന് സർവെകളാണ് ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ നടത്തിയത്. അനുമതിയോടെ പ്രവര്‍ത്തിക്കുന്നതും അനധികൃതവുമായ ചർച്ചുകള്‍ കണ്ടെത്താന്‍ എല്ലാ ജില്ലകളിലേയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതിനിടെ, മദ്റസകൾക്കെതിരെയും വര്‍ഗീയ പ്രചാരണവുമായി ശ്രീ രാമ സേന രംഗത്തുവന്നിട്ടുണ്ട്. ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്റസ വിദ്യാഭ്യാസത്തിനായി പാഴാക്കുകയാണെന്നും മദ്രസകൾ നിരോധിക്കണമെന്ന് നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീ രാമ സേന പ്രചാരണം തുടങ്ങുമെന്നും ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക് പറഞ്ഞു. 'ഹിന്ദു പെൺകുട്ടി പോയാൽ ഹിന്ദു ആൺകുട്ടികൾ ആ 'ലൈൻ' നികത്താൻ തയ്യാറാണ്. മുസ്‍ലിം പെൺകുട്ടികളെ വിവാഹം കഴിക്കാൻ അവർ തയ്യാറാണ്. ഞങ്ങൾ 'ലൗ കേസരി' തുടങ്ങും. അപ്പോൾ എന്ത് സംഭവിക്കും?' -പ്രമോദ് ചോദിച്ചു.

Tags:    
News Summary - Sri Ram Sene Calls for Bulldozing of ‘Illegal Churches’ in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.