ചെന്നൈ: മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പ് കുടിച്ച് 22 കുട്ടികൾ മരിച്ച സംഭവത്തിൽ ശ്രേഷൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്മെന്‍റ്. മരുന്നിൽ ഡൈഥലീൻ ഗ്ലൈസോൾ പോലുള്ള വിഷ ഘടകം കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനി അടച്ചു പൂട്ടാൻ ഉത്തരവിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ മരുന്ന് നിർമാണ കമ്പനികളിലും വ്യാപകമായ പരിശോധനകൾ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം പരാശൻ കോടതി ശ്രേഷൻ കമ്പനി ഉടമ രംഗനാഥനെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കൃത്യ വിലോപം നടത്തിയതിന് രണ്ട് ഡ്രഗ് ഇൻസ്പെകടർമാരെ സസ്പെന്‍റ് ചെയ്തു.
തമിഴ്നാട് സർക്കാർ വിഷയത്തെ കൈകാര്യം ചെയ്ത രീതിയെ നേരത്തെ ബി.ജെ.പി നേതാവ് കെ.അണ്ണാമലൈ വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത് കൊണ്ട് ഉത്തരവാദിത്തത്തിൽ നിന്ന് തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.