കൊൽക്കത്ത: ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പി.എ യും അടുത്ത അനുയായിയുമായ ചന്ദ്രനാഥ് രഥിന്‍റെ മരണത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ് രംഗത്ത്. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജി പരാജയപ്പെട്ടത് മുതൽ തങ്ങളുടെ കുടുംബം ലക്ഷ്യം വച്ചപുവെന്ന് ചന്ദ്രനാഥിന്റെ മാതാവ് ഹസിറാണി രഥ് ആരോപിച്ചു. സുവേന്ദു അധികാരിയുടെ പി.എയായിരുന്ന അദ്ദേഹം മുൻ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു.
ബുധനാഴ്ച രാത്രി മധ്യഗ്രാമിന് സമീപം ചന്ദ്രനാഥ് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി മോട്ടോർ സൈക്കിളിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. ഏകദേശം പത്ത് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 433 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 1,100ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 200ലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തന്റെ മകനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഹസിറാണി രഥ് പറഞ്ഞു. `മെയ് 4-ന് ശേഷം ഡൽഹിയിൽ നിന്ന് ആർക്കും നിങ്ങളെ രക്ഷിക്കാനാവില്ലെന്ന് ഭരണകക്ഷി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോൾ അവർ അത് പ്രവർത്തിച്ചു കാണിച്ചു' അവർ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്നും തനിക്ക് വ്യക്തിപരമായ വലിയ നഷ്ടമാണെന്നും സുവേന്ദു അധികാരി അറിയിച്ചു. സമാധാനം പാലിക്കാൻ അദ്ദേഹം ബി.ജെ.പി പ്രവർത്തകരോട് അഭ്യർഥിച്ചിട്ടുണ്ട്. രഥിന്‍റെ കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണെന്ന് സുവേന്ദു ആരോപിച്ചു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ടി.എം.സി ജനാധിപത്യത്തിൽ രാഷ്ട്രീയ അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും സംഭവത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നിലവിൽ മൂന്ന് പ്രാദേശിക ഗുണ്ടകളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ് എന്നാൽ പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.