ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) പുതിയ ചട്ടങ്ങളിലൂടെ രാജ്യത്തെ സർക്കാറിതര സന്നദ്ധ സംഘടനകളുടെ (എൻ.ജി.ഒ) പ്രവർത്തന സ്വാതന്ത്ര്യം തടയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കത്തോലിക്ക മെത്രാൻ സമിതി (സി.ബി.സി.ഐ) കുറ്റപ്പെടുത്തി. സർക്കാർ നീക്കത്തിനെതിരെ ജൂൺ 28 ഞായറാഴ്ച കത്തോലിക്കാ സഭ രാജ്യവ്യാപകമായി പ്രാർഥനാ യോഗം നടത്തും.
അടിക്കടിയുണ്ടാകുന്ന നിയമ ഭേദഗതികൾ എൻ.ജി.ഒകളുടെ പ്രവർത്തനം പൂർണമായി സ്തംഭിപ്പിക്കുന്ന രീതിയിലാണെന്ന് സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മാത്യു കോയിക്കൽ പറഞ്ഞു. ഭേദഗതി പ്രകാരം ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് പ്രത്യേകം രജിസ്‌ട്രേഷൻ നിർബന്ധമാകും.
എൻ.ജി.ഒകൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ കഴിയാത്ത വിധത്തിലുള്ള കടുത്ത നിബന്ധനകളാണ് ഇതിലുള്ളത്. സംഘടനകളെ കടുത്ത വ്യവസ്ഥകളിൽ തളച്ചിടുന്നതിനുപകരം, സാധാരണക്കാർക്ക് കൈത്താങ്ങാകുന്ന എൻ.ജി.ഒകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായുള്ള നിയമങ്ങളാണ് സർക്കാർ ഉണ്ടാക്കേണ്ടതെന്നും സി.ബി.സി.ഐ ആവശ്യപ്പെട്ടു.
വിദേശ സംഭാവനകളുടെ ഉദ്ദേശ്യവും ഫണ്ട് ഉപയോഗിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സംഘടനകൾ വ്യക്തമായി വ്യക്തമാക്കണം. വിശാലമായ പ്രവർത്തന മേഖല വ്യക്തമാക്കുന്നതിന് പകരം, അപേക്ഷകർ വിദ്യാഭ്യാസം, സംസ്കാരം, സാമൂഹികക്ഷേമം, സാമ്പത്തിക വികസനം, മതപരമായ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന 105 പട്ടികയിൽ നിന്ന് പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കണം. അംഗീകൃത ഉദ്ദേശ്യങ്ങളും പ്രവർത്തന മേഖലകളും എഫ്.സി.ആർ.എ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ ലിസ്റ്റ് ചെയ്യും.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) ചട്ടങ്ങൾ ഭേദഗതി വരുത്തി കഴിഞ്ഞ ദിവസമാണ് സർകാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. മതപരിവർത്തനം ആരോപിച്ച് എഫ്.സി.ആർ.എ ലൈസൻസ് എളുപ്പത്തിൽ റദ്ദാക്കാവുന്ന തരത്തിലാണ് ഭേദഗതി. മതംമാറ്റമൊഴികെ 105 കാര്യങ്ങൾക്കാണ് വിദേശഫണ്ട് ഉപയോഗിക്കാനുള്ള അനുമതി.
‘റിലീജിയസ് കൺവേർഷൻ’ (മതംമാറ്റം) എന്നതിന് പകരം ‘റിലീജിയസ് പ്രോസിലിറ്റൈസേഷൻ’ (മതമോ വിശ്വാസമോ മാറ്റാനുള്ള ശ്രമം) എന്ന വാക്കാണ് ചട്ടത്തിൽ ഉപയോഗിച്ചത്. ഈ ഭേദഗതിയുടെ മറവിൽ, ഏത് പരിപാടിയെയും മതപരിവർത്തന നീക്കമായി ആരോപിച്ച് നടപടി സ്വീകരിക്കാൻ കഴിയും. മത-സാംസ്കാരിക-സാമൂഹിക പരിപാടികളെ ഇതിനായുള്ള ശ്രമമായി വ്യാഖ്യാനിച്ച് കള്ളക്കേസ് എടുക്കാം. ഇതോടെ വിദേശ ഫണ്ട് തടയാനും സംഘടനകളുടെ പ്രവർത്തനം തന്നെ തടയാനും സാധിക്കും.
സംഘടനകൾ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകണം. രജിസ്ട്രേഷന് ശ്രമിക്കുന്ന എൻ.ജി.ഒകൾ ഉദ്ദേശ്യമെന്താണെന്നും പ്രവർത്തന മേഖല ഉൾപ്പെടുന്ന സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ഏതാണെന്നും വ്യക്തമാക്കണം. ചട്ടങ്ങളുടെ അനുബന്ധത്തിൽ കൊടുത്ത പട്ടികയിൽനിന്ന് ഉദ്ദേശ്യങ്ങൾ എന്താണെന്ന് തിരഞ്ഞെടുക്കണം. ഉദ്ദേശ്യങ്ങളുടെ പട്ടികയിൽ മത, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക വിഭാഗങ്ങളാണ് ഉണ്ടായിരിക്കുക.
ആരാധനാലയങ്ങളുടെ നിർമാണം, മതബോധനം, ധ്യാനങ്ങൾ, പ്രഭാഷണങ്ങൾ, ഭക്തിഗാനങ്ങളുടെ പ്രചാരണം മുതലായ കാര്യങ്ങൾക്ക് വിദേശ ഫണ്ട് വിനിയോഗിക്കാൻ അനുമതിയുണ്ട്. 2026നുമുമ്പ് രജിസ്റ്റർ ചെയ്ത അസോസിയേഷനുകൾക്ക് പ്രവർത്തന ഉദ്ദേശ്യവും മേഖലയും വ്യക്തമാക്കാൻ ഒരു വർഷത്തെ സമയം അനുവദിക്കും. പ്രവർത്തനമേഖല മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ അതനുസരിച്ച് രജിസ്ട്രേഷനിൽ മാറ്റം വരുത്താൻ 300 രൂപ അധികമായി അടക്കണം.
എൻ.ജി.ഒകൾ വ്യക്തമാക്കിയിട്ടുള്ള ഉദ്ദേശ്യങ്ങൾക്കായി കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ 10 ലക്ഷം രൂപയെങ്കിലും വിദേശ സംഭാവനയിൽ നിന്ന് വിനിയോഗിച്ചിരിക്കണമെന്ന പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ.ജി.ഒകൾ എഫ്.സി.ആർ.എ രജിസ്ട്രേഷനോ പുതുക്കലിനോ നൽകുന്ന അപേക്ഷയിൽ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കാണിക്കണം. പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കാറുണ്ടോ എന്ന കാര്യവും വ്യക്തമാക്കണം. കഴിഞ്ഞ മാർച്ചിൽ സർക്കാർ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചിരുന്നു.
എഫ്.സി.ആർ.എ ഉപയോഗിക്കാൻ അനുവദിക്കുന്ന കാര്യങ്ങൾ:
മതപരമായ പ്രവർത്തനങ്ങൾ (16 പ്രവർത്തനങ്ങൾ)
- ക്ഷേത്രങ്ങൾ, മോസ്കുകൾ, പള്ളികൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങളുടെ നിർമ്മാണം.
- വിശുദ്ധ ലിഖിതങ്ങളുടെ സംരക്ഷണം, അച്ചടി, പരിഭാഷ, ഡിജിറ്റൈസേഷൻ.
- മതപരമായ തത്വശാസ്ത്രം, ആശയങ്ങൾ, മതചരിത്രം എന്നിവയുടെ പഠനവും സംരക്ഷണവും.
- തീർത്ഥാടന കേന്ദ്രങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ.
- ധർമ്മശാലകൾ, ലങ്കറുകൾ, അന്നദാനം, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയുടെ സ്ഥാപനം.
- മതവിദ്യാഭ്യാസ പരിപാടികൾ, ധാർമ്മിക ഉപദേശങ്ങൾ, സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ, ധ്യാനം എന്നിവ സംഘടിപ്പിക്കൽ.
- ഭക്തിസംഗീതം, മന്ത്രോച്ചാരണം എന്നിവയുടെ പ്രോത്സാഹനം.
- തദ്ദേശീയ-ആദിവാസി വിഭാഗങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളുടെ സംരക്ഷണം.
- മതപരമായ പൈതൃക കേന്ദ്രങ്ങളുടെയും സ്മാരകങ്ങളുടെയും സംരക്ഷണം.
- വിശ്വാസ സമൂഹങ്ങളുടെ പാരമ്പര്യ രീതികൾ, ഉത്സവങ്ങൾ, വാമൊഴി പാരമ്പര്യങ്ങൾ എന്നിവയുടെ സംരക്ഷണവും ഡിജിറ്റൈസേഷനും.
- മതസൗഹാർദ സംഭാഷണങ്ങളും സമാധാനം ഉറപ്പാക്കാനുള്ള പരിപാടികളും.
- മതപരമായ പ്രസിദ്ധീകരണങ്ങൾ, പത്രമാസികകൾ, ഗവേഷണം എന്നിവ.
- മതപരമായ പുസ്തകശേഖരം, മ്യൂസിയം, ആർക്കൈവുകൾ എന്നിവ ഒരുക്കൽ.
- വിശ്വാസത്തിലധിഷ്ഠിതമായ കൗൺസലിങ്, ലഹരിവിമുക്ത കേന്ദ്രങ്ങൾ.
- പരമ്പരാഗതവും വിശുദ്ധവുമായ കരകൗശല കലകളിലെ പരിശീലനം (ഉദാ: പ്രതിമാ നിർമാണം).
- മൃതദേഹ സംസ്കാരത്തിനുള്ള സ്ഥലങ്ങൾ വികസിപ്പിക്കൽ.
-
സാംസ്കാരിക പ്രവർത്തനങ്ങൾ (18 പ്രവർത്തനങ്ങൾ)
- പുരാവസ്തു പര്യവേഷണം, സ്മാരകങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും പുനരുദ്ധാരണം.
- മ്യൂസിയങ്ങൾ, ആർക്കൈവുകൾ, ലൈബ്രറികൾ എന്നിവയുടെ സ്ഥാപനവും പരിപാലനവും.
- നാടൻ കലകൾ, നാടോടി നൃത്തങ്ങൾ, പാവക്കൂത്ത് തുടങ്ങിയവയുടെ സംരക്ഷണം.
- ശാസ്ത്രീയ കലാരൂപങ്ങൾക്ക് (ഭരതനാട്യം, കഥക്, സംഗീതം തുടങ്ങിയവ) പിന്തുണ നൽകൽ.
- രാഷ്ട്രീയേതരമായ സമകാലിക കലകൾ, സിനിമ, ഡിസൈൻ എന്നിവയുടെ പ്രോത്സാഹനം.
- കരകൗശല തൊഴിലാളികൾക്കുള്ള പരിശീലനവും ശേഷി വികസനവും.
- മതപരമല്ലാത്ത താളിയോല ഗ്രന്ഥങ്ങളുടെയും അപൂർവ സാംസ്കാരിക വസ്തുക്കളുടെയും സംരക്ഷണം.
- പ്രാദേശിക ഭാഷകൾ, ലിപികൾ എന്നിവയുടെ സംരക്ഷണവും വിവർത്തന പദ്ധതികളും.
- സാഹിത്യ അക്കാദമികൾ സ്ഥാപിക്കൽ, എഴുത്തുകാർക്കുള്ള പിന്തുണ, പുസ്തകമേളകൾ.
- ഗോത്രവർഗ്ഗ പൈതൃക സംരക്ഷണം (മതപരമായ ചടങ്ങുകൾ ഒഴിവാക്കി).
- ദേശീയ-അന്തർദേശീയ സാംസ്കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കൽ.
- കരകൗശല ഗ്രാമങ്ങൾ, പൈതൃക പര്യടന പാതകൾ എന്നിവ വികസിപ്പിക്കൽ.
- പരമ്പരാഗത പാചകരീതികൾ, തനത് കായിക വിനോദങ്ങൾ എന്നിവയുടെ സംരക്ഷണം.
- സാംസ്കാരിക നരവംശശാസ്ത്രം, നാടോടി പഠനങ്ങൾ എന്നിവയിലെ ഗവേഷണം.
- സിനിമ, റേഡിയോ, നാടകം എന്നിവയുടെ ഡിജിറ്റൈസേഷൻ.
- പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളുടെ (ഉദാ: ആയുർവേദം) രേഖപ്പെടുത്തൽ.
- ശാസ്ത്രീയവും വിജ്ഞാനപരവുമായ പൈതൃകത്തിന്റെ (ജ്യോതിശാസ്ത്രം, ഗണിതം തുടങ്ങിയവ) സംരക്ഷണം.
- ആധുനിക ചരിത്ര പ്രസ്ഥാനങ്ങളുടെയും വാമൊഴി ചരിത്രങ്ങളുടെയും ആർക്കൈവ് ശേഖരണം.
സാമ്പത്തിക പ്രവർത്തനങ്ങൾ (19 പ്രവർത്തനങ്ങൾ)
- കാർഷിക വികസനം, കർഷക പരിശീലനം, ജൈവകൃഷി പ്രോത്സാഹനം.
- അനുബന്ധ കാർഷിക പ്രവർത്തനങ്ങൾ (ക്ഷീരകൃഷി, മൃഗസംരക്ഷണം, തേനീച്ച വളർത്തൽ തുടങ്ങിയവ).
- കർഷക ഉൽപ്പാദക സംഘടനകളുടെയും സഹകരണ സംഘങ്ങളുടെയും രൂപീകരണം.
- മൈക്രോഫിനാൻസ്, സ്വയംസഹായ സംഘങ്ങൾ എന്നിവയുടെ നടത്തിപ്പ്.
- തൊഴിലധിഷ്ഠിത ഹ്രസ്വകാല നൈപുണ്യ പരിശീലനങ്ങൾ.
- ഗ്രാമീണ-കുടിൽ വ്യവസായങ്ങളുടെ (നെയ്ത്ത്, മൺപാത്ര നിർമ്മാണം തുടങ്ങിയവ) പ്രോത്സാഹനം.
- ലാഭേച്ഛയില്ലാത്ത സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ.
- വനിതാ സംരംഭകത്വ പ്രോത്സാഹനം.
- യുവജനങ്ങൾക്കായി ഇൻകുബേഷൻ സെന്ററുകളും ഡിജിറ്റൽ നൈപുണ്യ പരിശീലനങ്ങളും.
- ഗ്രാമീണ ചന്തകൾ, ശീതീകരണ സംഭരണശാലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം.
- ഫെയർ ട്രേഡ്, പരിസ്ഥിതി സൗഹൃദ വിതരണ ശൃംഖലകൾ.
- സുസ്ഥിരവും സമൂഹ്യാധിഷ്ഠിതവുമായ വിനോദസഞ്ചാര മാതൃകകൾ.
- മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവന പരിശീലനങ്ങൾ.
- കാർബൺ രഹിത സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ.
- തൊഴിൽ വിനിമയ കേന്ദ്രങ്ങളും വിപണി ബന്ധങ്ങളും തയ്യാറാക്കുക.
- ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കൽ.
- ഡിജിറ്റൽ-സാമ്പത്തിക സാക്ഷരതാ പരിപാടികൾ.
- കുടിയേറ്റ തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങൾക്കും ഉപജീവന സഹായം.
- സൗരോർജം, ബയോഗ്യാസ് തുടങ്ങിയ നവീന ഊർജ്ജ സംരംഭങ്ങൾ.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ (22 പ്രവർത്തനങ്ങൾ)
- സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ഹോസ്റ്റലുകൾ, ലൈബ്രറികൾ എന്നിവയുടെ നടത്തിപ്പ്.
- പിന്നാക്ക വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും.
- സാക്ഷരതാ പദ്ധതികൾ, തൊഴിലാളികൾക്കുള്ള രാത്രി വിദ്യാലയങ്ങൾ.
- ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സമഗ്ര വിദ്യാഭ്യാസം.
- അധ്യാപക പരിശീലന സ്ഥാപനങ്ങൾ.
- അംഗീകൃത സാങ്കേതിക-വ്യാവസായിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്.
- ഗവേഷണ സ്ഥാപനങ്ങൾ, നയപഠന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കൽ.
- ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ, സ്മാർട്ട് ക്ലാസ് മുറികൾ.
- പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക പദ്ധതികൾ.
- കുടിയേറ്റ-ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പദ്ധതികൾ.
- ബ്രിഡ്ജ് കോഴ്സുകൾ, പഠനം ഉപേക്ഷിച്ചവരെ തിരികെ എത്തിക്കാനുള്ള പദ്ധതികൾ.
- പരിസ്ഥിതി വിദ്യാഭ്യാസം.
- STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം) വിദ്യാഭ്യാസ പദ്ധതികൾ.
- കായിക വിദ്യാഭ്യാസ-പരിശീലന അക്കാദമികൾ.
- ഭാഷാ പഠനവും വിവർത്തന പഠനവും.
- കരിയർ കൗൺസലിങ് കേന്ദ്രങ്ങൾ.
- മികവുറ്റ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത പഠനത്തിനുള്ള ഫെലോഷിപ്പുകൾ.
- മൂല്യാധിഷ്ഠിതവും ധാർമികവുമായ വിദ്യാഭ്യാസം.
- ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയേതര ബോധവൽക്കരണം.
- ദുരന്തനിവാരണ സന്നദ്ധതാ വിദ്യാഭ്യാസം.
- ഗ്രാമീണ ഇ-ലേണിങ് കേന്ദ്രങ്ങൾ.
- യുവജന നേതൃത്വ വികസന പരിപാടികൾ.
സാമൂഹിക പ്രവർത്തനങ്ങൾ (30 പ്രവർത്തനങ്ങൾ)
- ആശുപത്രികൾ, മൊബൈൽ ഹെൽത്ത് ക്ലിനിക്കുകൾ, ആംബുലൻസ് സേവനങ്ങൾ.
- പ്രതിരോധ ആരോഗ്യ പരിപാലനം (കുത്തിവെപ്പ് ക്യാമ്പുകൾ തുടങ്ങിയവ).
- മാതൃ-ശിശു ആരോഗ്യ പരിപാലനവും പോഷകാഹാര പദ്ധതികളും.
- ഭക്ഷ്യസുരക്ഷാ പദ്ധതികൾ (ഉച്ചഭക്ഷണം, ധാന്യ ബാങ്കുകൾ തുടങ്ങിയവ).
- കുടിവെള്ള വിതരണ പദ്ധതികൾ.
- ശുചിത്വ ബോധവൽക്കരണവും ആർത്തവ ആരോഗ്യ സംരംഭങ്ങളും.
- അനാഥാലയങ്ങളും ശിശു സംരക്ഷണ കേന്ദ്രങ്ങളും.
- വൃദ്ധസദനങ്ങളും വയോജന ക്ലിനിക്കുകളും.
- ഭിന്നശേഷിക്കാരുടെ പരിപാലനവും പുനരധിവാസവും.
- ലഹരിവിമുക്ത കേന്ദ്രങ്ങൾ.
- മാനസികാരോഗ്യ കൗൺസലിങ്, ആത്മഹത്യാ പ്രതിരോധ ഹെൽപ്പ് ലൈനുകൾ.
- വനിതാ സുരക്ഷ, അഭയകേന്ദ്രങ്ങൾ, നിയമസഹായം.
- മനുഷ്യക്കടത്ത് വിരുദ്ധ പരിപാടികൾ.
- ഭവനരഹിതർക്കുള്ള അഭയകേന്ദ്രങ്ങൾ, രാത്രി താമസ കേന്ദ്രങ്ങൾ.
- നിയമസഹായ ക്ലിനിക്കുകൾ.
- ദുരന്ത നിവാരണവും ദുരിതാശ്വാസ പ്രവർത്തനങ്ങളും.
- ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ (റോഡ്, ലൈറ്റിങ് തുടങ്ങിയവ).
- പരിസ്ഥിതി സംരക്ഷണം (വനവൽക്കരണം, ജൈവവൈവിധ്യ പാർക്കുകൾ).
- മഴവെള്ള സംഭരണവും ജലസ്രോതസ്സ് പരിപാലനവും.
- മാലിന്യ സംസ്കരണ പദ്ധതികൾ.
- റോഡ് സുരക്ഷാ ബോധവൽക്കരണവും ട്രോമ കെയർ കേന്ദ്രങ്ങളും.
- കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ, ബോധവൽക്കരണ പ്ലാറ്റ്‌ഫോമുകൾ.
- ജയിൽ മോചിതരുടെ പുനരധിവാസം.
- ഗാർഹിക-സ്ത്രീധന പീഡന ഇരകൾക്കുള്ള സഹായം.
- പിന്നാക്ക വിഭാഗങ്ങൾക്കായുള്ള കായിക-വിനോദ സൗകര്യങ്ങൾ.
- മൃഗസംരക്ഷണവും രക്ഷാപ്രവർത്തനവും.
- പൊതുജനാരോഗ്യ ഗവേഷണം.
- പാലിയേറ്റീവ് കെയർ സേവനങ്ങൾ.
- ബ്ലഡ് ബാങ്ക്, നേത്ര ബാങ്ക്, അവയവദാന ബോധവൽക്കരണം.
- ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.